മലപ്പുറം സ്വദേശിയുടെ കാര്‍ ഷോറൂമില്‍ നടന്നത് 102 കോടിയുടെ കള്ളപ്പണ ഇടപാട്

102 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് യൂസ്ഡ് കാർ ഷോറൂമില്‍ നടന്നത്. പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാടാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കോഴിക്കോട്: 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് യൂസ്ഡ് കാർ ഷോറൂമില്‍ നടന്നത്. പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാടാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

മലപ്പുറം സ്വദേശിയായ മുജീബ് റഹ്മാന്റെ ‘റോയല്‍ ഡ്രൈവ്’ എന്ന സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.

കോഴിക്കോട് ഡിവിഷൻ ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്. കുറച്ചുമാസങ്ങളായി റോയല്‍ ഡ്രൈവ് കേന്ദ്രീകരിച്ച്‌ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു.

അതെ തുടർന്നാണ് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ കാർ ഷോറൂം ശാഖകളില്‍ റെയ്ഡ് നടത്തിയത്. ഇടപാടുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ ആളുകൾക്ക് നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചു.

ഈ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കാറുകള്‍ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നല്‍കിയതും കണ്ടെത്തി.