എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

 

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കിലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ പ്രീണനനത്തിന്റെ നഗ്നമായ ദൃശ്യമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തതെന്നും അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശമെന്നും അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും ഇതോടെ കൂടി സിപിഎമ്മിനെ കൈവെടിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.