പേയിളകിയ കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം

സ്വാതന്ത്ര്യ കാലത്ത് മുസ്ലീങ്ങളെ അടിച്ചോടിച്ചിരുന്നെങ്കിൽ ഇന്നുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു

പേയിളകിയ രീതിയിൽ പച്ചയായ മതവിദ്വേഷ പ്രസംഗവുമായി ഒരു കേന്ദ്രമന്ത്രി രംഗത്തുവന്നിരിക്കുന്നു. കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഗിരിരാജ് സിങ്ങാണ്. ഈ വിവാദ പ്രസംഗം നടത്തിയത് 1947ൽ ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കടന്നപ്പോൾ മുസ്ലീങ്ങളെ പാക്കിസ്ഥാനിലും ഹിന്ദുക്കളെ ഇന്ത്യയിലും നിലനിർത്തുക എന്നതായിരുന്നു ആശയം എന്നും ഇത് കൃത്യമായി നമ്മുടെ മുൻകാല നേതാക്കൾ നടപ്പിലാക്കാതെ വന്നതാണ് ഇന്നു ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നുമാണ് കേന്ദ്രമന്ത്രി വിളിച്ചു കൂവിയിരിക്കുന്നത്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ മതപരമായിട്ടാണ് അന്നത്തെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടത്. അങ്ങനെയാണ് ഇന്ത്യ എന്നും പാക്കിസ്ഥാൻ എന്നും രണ്ടു രാജ്യങ്ങൾ ഉണ്ടായത്. പാക്കിസ്ഥാൻ മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ മുസ്ലിം രാജ്യം എന്ന രീതിയിലാണ് തീരുമാനങ്ങൾ അന്ന് കൈക്കൊണ്ടത്. ഇന്ത്യ എന്ന രീതിയിൽ മാറ്റപ്പെട്ട ഭൂപ്രദേശം ഹിന്ദുക്കളുടേതാണ് എന്ന തീരുമാനവും അന്ന് ഉണ്ടായിരുന്നു. ബ്രിട്ടീഷ് അധികാരികൾക്കു മുമ്പിൽ രാജ്യത്തെ മതപരമായി രണ്ടായി വിഭജിക്കുന്ന തീരുമാനത്തിലെത്തുമ്പോൾ പൂർവികരായ അന്നത്തെ നമ്മുടെ നേതാക്കൾ ഇന്ത്യയിൽ അവശേഷിച്ചിരുന്ന മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് ഓടിച്ചിരുന്നു എങ്കിൽ ഇന്ന് നാം നേരിടുന്ന മതപരമായ ഒരു വിഷയവും ഉണ്ടാവില്ലായിരുന്നു എന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രസംഗത്തിൽ പറയുകയുണ്ടായി.

ഇത് മാത്രമല്ല രാജ്യത്ത് അവശേഷിക്കുന്ന ഹൈന്ദവ വിരോധികൾ ഇന്ത്യയുടെ സനാതന ധർമ്മത്തിനെതിരെ വെല്ലുവിളി ഉയർത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന അപകടകരമായ സ്ഥിതി ഇവിടെ നിലനിൽക്കുകയാണ്. ഇതിന് വലിയൊരുക്കിയത് രാജ്യത്ത് ഇപ്പോഴും അവശേഷിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളുടെ തന്ത്രങ്ങൾ കൊണ്ട് തന്നെയാണ് എന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷ മതവിഭാഗമായ ഹൈന്ദവ സമൂഹത്തെ തള്ളിക്കളയാനും മുസ്ലിം ക്രിസ്ത്യൻ മതങ്ങൾ അടക്കം ഒരുമിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ചോദിക്കുന്നത് എല്ലാം അപ്പോൾ കിട്ടിയിരിക്കണം എന്ന വാശി ഉണ്ടായതും ഗൗരവപൂർവ്വം കാണേണ്ടതാണ് എന്ന് മന്ത്രി അഭിപ്രായപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഭരണനിർവഹണം നടത്തിയ മുൻകാല നേതാക്കന്മാർ മതപരമായ കാര്യത്തിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കാതെ വന്നതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധികൾക്കും കാരണമായത്. ഇന്ത്യ വിഭജന ഘട്ടത്തിൽ അന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം രാജ്യത്ത് ഉണ്ടായിരുന്ന മുഴുവൻ ഹിന്ദുക്കൾ അല്ലാത്തവരെയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന ന്യൂനപക്ഷ വാദവും അവർ ഉണ്ടാക്കുന്ന തലവേദനകളും പൂർണമായും ഇല്ലാതെയാകും ആയിരുന്നു എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബിജെപി – സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ട അതേപടി അനുസരിക്കുന്ന മുതിർന്ന നേതാവാണ് കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിംഗ്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഒരു കേന്ദ്രമന്ത്രിയാണ് ഇത്തരത്തിൽ മത വിദ്വേഷ പ്രസംഗം പരസ്യമായി നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യശേഷം നമ്മുടെ രാജ്യം 75 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോഴും ഇത്രയും കാലം ഇവിടെ നിലനിന്ന മത സൗഹാർദ്ദവും സ്നേഹവും തകർക്കുന്നതിനും സംഘപരിവാർ ശക്തികളുടെ ഏക അജണ്ടയായ ഹിന്ദു രാഷ്ട്ര നിർമ്മാണം എന്ന കർമ്മം നടത്തുന്നതിനും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ്. കേന്ദ്രമന്ത്രി ഇത്തരത്തിൽ ഒരു പ്രസംഗം നടത്തിയത് എന്ന വിമർശനമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത് വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയെ സ്ഥാനത്തു നിന്നും നീക്കണം എന്ന ആവശ്യവുമായി മതന്യൂനപക്ഷ വിഭാഗങ്ങളുടെ നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്.