വൈദ്യുതി ചാര്‍ജ് വര്‍ധന അനുവദിക്കാനാവില്ല വി ഡി സതീശൻ

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാർ റദ്ദാക്കിയതിന് പിന്നില്‍ സർക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

 

കൊച്ചി: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാർ റദ്ദാക്കിയതിന് പിന്നില്‍ സർക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിർത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വൈദ്യുതി ചാർജ് വർധന അനുവദിക്കില്ലെന്നും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2014-ല്‍ യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാർ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാരും വൈദ്യുതി ബോർഡും ഉണ്ടാക്കിയത്. ഉമ്മൻചാണ്ടി സർക്കാരും തുടർന്നുവന്ന പിണറായി വിജയൻ സർക്കാരും ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ ഒൻപതു വർഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതുപോലെയാണ് സർക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാർ റദ്ദാക്കിയത്. അതിന് ശേഷം 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി എട്ട് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോർഡ് വരുത്തിയത്. ഇതുവരെ 2,000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്തുപറഞ്ഞപ്പോള്‍ സർക്കാർ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാർ പുനഃസ്ഥാപിക്കുകയും ചെയ്തു എന്നും സതീശൻ വാദിച്ചു.