നാം ഇന്ന് ജീവിക്കുന്നത് പേടിപ്പെടുത്തുന്ന ഒരു ദുരന്തമുഖത്ത് ആണ് എന്നതാണ് വസ്തുത. അതിന് ഇന്ന് ജീവിച്ചിരിക്കുന്ന നാമൊന്നും ഉത്തരവാദികളല്ല. തിരുവിതാംകൂർ മഹാരാജാവും മദ്രാശി സ്റ്റേറ്റ് സെക്രട്ടറിയും തമ്മിൽ തമിഴ്നാടിന്റെ 5 ജില്ലകൾക്ക് ജല ലഭ്യതയ്ക്ക് വേണ്ടി 1886 ൽ നടത്തിയ പാട്ടക്കരാർ ഉടമ്പടി പ്രകാരം കേരളത്തിന്റെ മണ്ണിൽ പടുത്തുയർത്തി 1896 ൽ കമ്മീഷൻ ചെയ്ത മുല്ലപ്പെരിയാർ ഡാം ഇന്ന് കേരളത്തിന്റെ 6 ജില്ലകളുടെ സർവ്വനാശ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഡാമിന്റെ നിർമ്മാണ ഘട്ടത്തിൽ പല വൈകല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഡാമിന് 50 വർഷത്തെ ഗ്യാരണ്ടിയെ ഉള്ളൂ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഭൗമ ആഘാധ പഠനം നടത്താതെ ഭൂഗുരുത്വ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 1189 അടി ഉയരത്തിലുള്ള ഭൂപ്രദേശത്ത് 53 മീറ്റർ ഉയരത്തിൽ ചുണ്ണാമ്പും സുർക്കിയും കരിങ്കല്ലും ഉപയോഗിച്ച്, കൺസ്ട്രക്ഷൻ ബ്ലോക്കുകൾ ഇല്ലാതെ ഒറ്റ ബ്ലോക്കായി പണി പൂർത്തിയാക്കിയ 50 വർഷം മാത്രം കാലാവധി വിധിച്ചിട്ടുള്ള ഡാം ഇപ്പോൾ 130 വർഷം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകത്ത് അംഗൂലിപരിമിതമായ ഡാമുകളിൽ ഹൈറിസ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുല്ലപ്പെരിയാർ ഡാം.
അപ്രതീക്ഷിത മേഘവിസ്ഫോടനമോ, അനിയന്ത്രിതമായ പേമാരിയോ, ഭൂമി കുലുക്കമോ, തുടർചലനങ്ങളോ ഡാമിന്റെ തകർച്ചക്ക് ആക്കം കൂട്ടും. അതിശക്തമായ മഴക്കാലത്ത് അപ്രതീക്ഷിതമായി അതു സംഭവിച്ചാൽ കേരളത്തിലെ മൂന്ന് ജില്ലകൾ പൂർണ്ണമായും, മൂന്ന് ജില്ലകൾ ഭാഗികമായും വെള്ളത്തിനും ചെളിക്കും അടിയിൽ ആകും. 50 ലക്ഷത്തിലധികം ജനങ്ങളും, ദശലക്ഷക്കണക്കിന് ജീവജാലങ്ങളും, കോടിക്കണക്കിന് സ്വത്തുക്കളും, പക്ഷി മൃഗാദികളും, പ്രകൃതിയും അപ്രത്യക്ഷമാകും.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ് നാടിന്റെ വസ്തു വകകളും, പണവും പറ്റി ചില രാഷ്ട്രീയക്കാർ കേരളത്തിലെ 6 ജില്ലകളിലെ 1.25 കോടി ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് 62 വർഷമായി.
മുല്ലപ്പെരിയാറിന് 130 വർഷത്തെ പഴക്കമായിട്ടും 1970-1980 തുടർന്നുള്ള വർഷങ്ങളിൽ കേരളം ഭരിച്ച സർക്കാർ കനിഞ്ഞനുഗ്രഹിച്ചു നൽകിയ 999 എന്ന് പറയപ്പെടുന്ന കരാർ അവരുടെ പിന്മുറതമ്പ്രാക്കന്മാർ അതേപടി യാതൊരു ഉളുപ്പുമില്ലാതെ തുടരാൻ മൗന അനുവാദം നൽകി മലയാളിയെ ഡെമോക്ലീസിന്റെ വാളിന്റെ കീഴിൽ നിർത്തിയിരിക്കയാണ്.
തമിഴ്നാടിന് വെള്ളം നൽകണം. കേരളത്തിലെ 6 ജില്ലകളിലെ ജനങ്ങളോടൊപ്പം തമിഴ് നാട്ടിലെ 5 ജില്ലകളിലെ സർവനാശം ഇരു സംസ്ഥാനങ്ങൾക്കും അറിയാഞ്ഞിട്ടല്ല. സർക്കാരുകൾ എന്ത് ചെയ്യുന്നു എന്ന് നോക്കിയും കോടതിയുടെ ഇടപെടൽ കാത്തിരുന്നും ഇനിയും കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. പുതിയ ഡാം എന്ന ആശയം ജനങ്ങളെ പറ്റിക്കാൻ മാത്രമാണ്.ഡാം ഡീ കമ്മീഷൻ എന്നാൽ ഉടനെ പൊളിച്ചു മാറ്റൽ എന്ന ചിലരുടെ ധാരണ തെറ്റാണ്. 136 അടിയിൽ നിന്നും 142 ലേക്ക് എത്തിച്ച മരപ്പൊട്ടന്മാർ കേരളത്തിൽ ഇന്നും ജീവിച്ചിരിക്കുന്നു. അവർക്കൊക്കെ കൊച്ചു മക്കളെയും കൊണ്ട് പറക്കാൻ ദൂരെയിടങ്ങൾ കണ്ടെത്തി കാണും. തമിഴ്‌നാട്ടിലെ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ 2.5 കോടി ജനങ്ങൾ ഈ ഡാമിനെ ആശ്രയിച്ചു കഴിയുന്നു എങ്കിൽ, 15 ലക്ഷം കർഷക തൊഴിലാളികൾ പണിയെടുത്തു നമുക്ക് അരി മുതൽ കപ്പലണ്ടി വരെ തരുന്നു എങ്കിൽ അവരും ജീവിക്കണം രക്ഷപെടുകയും വേണം. തമിഴ്‌നാട്ടിലെ സുന്ദര മലകളിൽ നിന്നു ഉത്ഭവിച്ചു 49 കിലോമീറ്റർ താണ്ടി ശിവഗിരി കുന്നുകളിൽ എത്തി കുമിളിയ്ക്ക് വടക്കു കിഴക്ക് മുല്ലയാറിൽ എത്തുമ്പോൾ 69 കിലോമീറ്ററിൽ വച്ചു കിഴക്കോട്ടു പോകുന്ന മുല്ലയാർ അണകെട്ടി വെള്ളം ശേഖരിച്ചു വൈഗ വഴി ഉപയോഗിക്കുന്ന വെള്ളത്തിനു കാവേരി നദി ജല തർക്കത്തിലെ ഫോർമുല പോലെ ഒരു നിശ്ചിത തുക നിച്ഛയിക്കുന്നതിൽ ഒരു തെറ്റുമില്ല.മീൻ പിടുത്തത്തോടൊപ്പം വൈദ്യുതിയുടെ ഉത്പാദനത്തിന്റെ ഓഹരി ചോദിക്കുവാനുള്ള അവകാശം കേരളത്തിനുണ്ട്.
ബഹു സുപ്രീം കോടതിയിൽ എംപവർ കമ്മിറ്റി നൽകിയ നിർദേശത്തിലെ പാരഗ്രാഫ് 214(4) a b c d യും, ജല നിരപ്പ് കുറച്ചു കൊണ്ടുള്ള 50 അടിയിലെ ടണൽ നിർദ്ദേശം പരിഗണിച്ച് പരിഹാരം ഉണ്ടാക്കുവാൻ കേരള ജനത ഒന്നായി ശബ്ദം ഉയർത്തണം.
1. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരു ദുരന്ത ഭൂമികയായി ലോകചരിത്രത്തിൽ ഇടം പിടിക്കാതിരിക്കുവാൻ ദുരന്തനിവാരണ നിയമം 2005 പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴ് വാരങ്ങളിൽ “ഒരു ഡാം ബ്രേക്ക് വിശകലനം” താഴെപ്പറയുന്നവ ഉൾപ്പെടെ നടത്താനുള്ള ഉത്തരവും,
a) വെള്ളപ്പൊക്ക തരംഗ പ്രചരണം.
b) ജലനിരപ്പും വേഗതയും.
c) വെള്ളപ്പൊക്ക പ്രദേശങ്ങളും ആഴവും.
d) ഇൻഫ്രാസ്ട്രക്ചറിനും സ്വത്തുക്കൾക്കും സാധ്യമായ നാശനഷ്ടങ്ങൾ.
e) മനുഷ്യൻ്റെ ജീവനും പരിസ്ഥിതിക്കും ഉള്ള അപകടം.
മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ഉണ്ടാകാവുന്ന അപകടത്തിൽ നിന്ന് മനുഷ്യജീവനെ രക്ഷിക്കാനും ജനങ്ങളുടെ ഭീതി അകറ്റാനും സുരക്ഷാ മുൻകരുതലുകളും നടപ്പാക്കാനുള്ള ഉത്തരവും,.
മുല്ലപ്പെരിയാർ അണക്കെട്ട് ദുരന്തത്തിൽ നിന്ന് ജനങ്ങളുടെ ജീവൻ രക്ഷപ്പെടുത്തുവാനുള്ള മുൻകൂർ രക്ഷാ മാർഗങ്ങൾ കേരള സർക്കാരും, കേരള ദുരന്ത നിവാരണ അതോറിറ്റിയും കുടി തയ്യാറാക്കി നടപ്പാക്കുക എന്ന ഉത്തരവും, നടപ്പാക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ഒരു പൊതു താല്പര്യ ഹർജി (WP(C)26016/2024) സേവ് കേരള ടീം ഫയൽ ചെയ്തിരിക്കുന്നു. ബഹു. ചീഫ് ജസ്റ്റിസ്ന്റെ ബെഞ്ച് കേസ് പരിഗണിച്ചു കൊണ്ടിരിക്കുന്നു. കേരളം ഭീകരമായ ഒരു ദുരന്തമുഖത്താ യിട്ടും നിർവികാരതയോടെ കഴിയുന്ന കേരള ഭരണകർത്താക്കൾ ഉണർന്ന് പ്രവർത്തിക്കാൻ എല്ലാ മലയാളികളും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ പോരാടേണ്ടിയിരിക്കുന്നു. വയനാട് ഇന്നലെ നടന്ന ഉരുൾ പൊട്ടലും ജീവഹാനിയും നാശനഷ്ട്ടങ്ങളും ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ പ്രേരകമാകണം. ഒരു ദുരന്തമുണ്ടായതിന് ശേഷം മാത്രം ഉണരുന്ന മനസുള്ള മലയാളിക്ക് മുല്ല പ്പെരിയറിൽ ദുരന്തമുണ്ടായാൽ ഞെട്ടിയുയറാൻ പോലും സാവകാശം ലഭിക്കില്ല എന്ന ദുഃഖത്യം അറിഞ്ഞിരിക്കുക. സേവ് കേരളാ ടീം മുന്നിൽ നിന്ന് നയിക്കുന്ന ഈ പോരാട്ടത്തിന് എല്ലാവരുടെയും എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.