മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി സ്റ്റണ്ട്സിനിമയേക്കാൾ വലിയ രണ്ടും കോമഡി ട്രാജഡി തുടങ്ങിയ സീനുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മലയാളം സിനിമാ വേദി. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ നിഗമനങ്ങൾ പുറത്തുവന്നപ്പോൾ സ്ത്രീകളെക്കാൾ പ്രതിസന്ധിയിൽ ആയത് താരങ്ങൾ അടക്കമുള്ള പുരുഷന്മാരാണ്. ഏതായാലും മലയാളസിനിമ ലോകം വൻ തകർച്ചയിൽ ചെന്ന് പെട്ടിരിക്കുകയാണ്. സിനിമാമേഖലയിലെ താരങ്ങളുടെ സംഘടനയാണ് അമ്മ. ഈ സംഘടനയിലെ ഭാരവാഹിത്വത്തിലുള്ള പലരും പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ടതോടുകൂടി അമ്മയുടെ അന്ത്യശ്വാസം വലിക്കുന്ന സ്ഥിതിയുണ്ടായി. അമ്മയുടെ പ്രസിഡൻറ് സൂപ്പർതാരമായ മോഹൻലാൽ ആണ്. ജനറൽ സെക്രട്ടറി സിദ്ദിഖുമാണ്. സിദ്ദിഖ് അടക്കമുള്ള താരങ്ങളുടെ പേരിൽ നടികളും മറ്റുചിലരും ലൈംഗിക പീഡന പരാതികൾ നൽകിയതോടുകൂടി പ്രശ്നം സങ്കീർണ്ണം ആവുകയും, ഒടുവിൽ അമ്മ ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയും ചെയ്തു. ഇതിനുശേഷം ഒരു മാസം തികയുന്ന അവസരത്തിൽ പോലും താരസംഘടനയായ അമ്മയുടെ ഭാവി എന്തെന്ന് ആലോചിക്കാൻ വേണ്ടി ഒരു യോഗം ചേരാൻ പോലും കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവരുമ്പോൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവർ ഒളിച്ചോടേണ്ടി വരും, എന്ന വാർത്തകൾ വരുന്നതാണ് അമ്മയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നത്. ഏതായാലും ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം മലയാള സിനിമാ മേഖലയിൽ താരങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സംഘടന രൂപമെടുക്കാൻ ഒരുങ്ങുന്നു എന്നതാണ്. താര സംഘടനയായ അമ്മയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുകയും കൊച്ചിയിലെ അമ്മ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലെ ഭരണസമിതിയിൽ ഉൾപ്പെടാത്ത വിമത താര വിഭാഗം പുതിയ സംഘടന രൂപീകരിക്കുന്നതിന് നീക്കം തുടങ്ങിയിരിക്കുന്നത്.
താര സംഘടനയായ അമ്മയിൽ നടീനടന്മാർ ഉൾപ്പെടുന്ന 506 അംഗങ്ങൾ ഉണ്ട് ഇതിൽ സൂപ്പർതാരങ്ങൾ അടക്കം ജൂനിയർ താരങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. ഈ സംഘടനയിൽ ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്ന ചിലരും പുതിയ സംഘടനയുടെ രൂപീകരണവുമായി മുന്നോട്ടു പോകുന്നതായിട്ടാണ് അറിയുന്നത്. നിലവിലെ അമ്മ സംഘടനയുടെ ഭാരവാഹികൾ മൊത്തത്തിൽ രാജിവയ്ക്കുക എന്ന നിർദ്ദേശം പ്രസിഡണ്ടായിരുന്ന മോഹൻലാൽ മുന്നോട്ടു വെച്ചപ്പോൾ, നല്ലൊരു ശതമാനം ഭാരവാഹികൾ അതിനെ എതിർത്തിരുന്നു. ഇത്തരത്തിൽ ഒരു കൂട്ട രാജി ഉണ്ടായാൽ കുറ്റം സമ്മതിക്കുന്നതിന് തുല്യമാകും എന്ന വിലയിരുത്തലിലാണ് രാജീയെ എതിർക്കാൻ ഈ കൂട്ടർ തയ്യാറായത്. എന്നാൽ മറ്റൊരു സൂപ്പർതാരവും അമ്മ സംഘടനയുടെ കാരണവർ സ്ഥാനീയമായ മമ്മൂട്ടി അടക്കം കൂട്ടരാജിക്കായി നിർദ്ദേശിച്ചതോടു കൂടിയാണ് എല്ലാരും രാജിക്കത്ത് മോഹൻലാലിന് കൈമാറുന്നതിന് തയ്യാറായത്.
രാജിവെച്ച അമ്മ സംഘടനയിലെ പകുതിയിലധികം ഭാരവാഹികൾ അടക്കം ആണ് പുതിയ സംഘടന രൂപീകരണത്തിന് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. അമ്മ സംഘടന ഒരു ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് രജിസ്റ്റർ ചെയ്ത 25 വർഷത്തോളം പ്രവർത്തിച്ചത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്ന ആൾക്കാർ എന്ന നിലയ്ക്ക് ട്രേഡ് യൂണിയൻ ആക്ട് പ്രകാരം പുതിയ സംഘടന രജിസ്റ്റർ ചെയ്യണം എന്ന് നിർദ്ദേശമാണ് വിമത വിഭാഗത്തിൽ മുഴുവൻ ആൾക്കാർക്കും ഉള്ളത്. ഇത്തരത്തിൽ ട്രേഡ് യൂണിയൻ നിയമപ്രകാരം സംഘടന രജിസ്റ്റർ ചെയ്താൽ മാത്രമേ തൊഴിൽപരമായ അവകാശങ്ങൾ ഉന്നയിക്കാനും, സ്ഥാപിച്ചാലും കഴിയുകയുള്ളൂ എന്ന നിഗമനത്തിലാണ് ഈ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ട്രേഡ് യൂണിയൻ സ്വഭാവത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നവരുടെ സംഘടനയായ ഫെഫ്ക മാതൃകയിൽ താരങ്ങളുടെ സംഘടന രജിസ്റ്റർ ചെയ്യുക എന്നതാണ് പുതിയ നീക്കം നടത്തുന്നവർ ഉദ്ദേശിക്കുന്നത്.
ഏറെനാളായി താര സംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് മാറി നിൽക്കുന്ന താരങ്ങൾ കുറെ അധികം ഉണ്ട്. മനസ്സ് മടുത്തിട്ട് പോലും അമ്മയുമായി ഇവർ സഹകരിച്ചിരുന്നത് സംഘടനാ എതിർപ്പിന്റെ പേരിൽ വിലക്ക് പ്രഖ്യാപിക്കും എന്ന ഭയം കൊണ്ട് ആയിരുന്നു. യഥാർത്ഥത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന മലയാള സിനിമ മേഖലയ്ക്കും താര സംഘടനയ്ക്കും പ്രതിസന്ധികൾ ഉണ്ടാക്കി വച്ചത് ജനകീയ നടൻ എന്നൊക്കെ ഉള്ള പദവികൾ നേടിയെടുത്ത ദിലീപ് ആണ്. പ്രമുഖയായ നടിയെ ബലാൽക്കാരമായി കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം മുതലാണ് മലയാള സിനിമ മേഖലയിൽ പ്രതിസന്ധികൾ തുടങ്ങുന്നത്. പണത്തിന്റെ കൊഴുപ്പും അതുവഴി ഉണ്ടായ അഹങ്കാരവും ആയിരുന്നു ദിലീപിനെ കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിച്ചത്. ഒരു കൊടും ക്രിമിനൽ പോലും ചെയ്യാൻ മടിക്കുന്ന ക്രൂര കൃത്യമാണ് മറ്റ് ആൾക്കാർ വഴി ദിലീപ് ചെയ്തത്. മൂന്ന് മാസത്തിലധികം ഈ സംഭവത്തിന്റെ പേരിൽ ദിലീപിന് ജയിലിൽ കഴിയേണ്ടി വന്നു. മാത്രവുമല്ല ഈ കേസി ആസ്പദമാക്കി പല സംഭവങ്ങളും പുറത്തുവരുന്ന സാഹചര്യവും ഉണ്ടായി. സിനിമ മേഖലയിൽ ചില പ്രമാണിമാർ എന്ത് തോന്നിവാസവും കാണിക്കുന്നു എന്നുള്ള പരാതികൾ ഉയരുകയും ചെയ്തു. ഇത്തരം അനുഭവങ്ങൾ പുറത്തുവന്നപ്പോഴാണ് നടികളായ സിനിമ പ്രവർത്തകർ സംഘടിച്ചുകൊണ്ട് ഡബ്ലിയു സി സി എന്ന സംഘടനയുടെ പേരിൽ രംഗത്തുവന്നത്. ഈ സംഘടന മുഖ്യമന്ത്രിക്കു പരാതിയുടെ അടിസ്ഥാനത്തിൽ ആണ് വിശദമായ അന്വേഷണത്തിനും പഠനത്തിനും വേണ്ടി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത് പ്രമുഖ ചലച്ചിത്രതാരം ശാരദയും കമ്മിറ്റിയിൽ അംഗമാണ്. ഇപ്പോൾ അഞ്ചു വർഷത്തിനുശേഷം ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നപ്പോൾ തന്നെ മലയാള സിനിമ മേഖലയിൽ ഭൂകമ്പം ഉണ്ടായി ഇതിന്റെ ഫലമായിട്ടാണ് താരസംഘടനയായ അമ്മ തകരുന്ന സ്ഥിതിയും ഉണ്ടായത്.
മലയാള സിനിമ മേഖലയിൽ അഭിനയരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീ പുരുഷന്മാരുടെ സംഘടനയായിട്ടാണ് അമ്മ പ്രവർത്തനം തുടങ്ങിയത്. അമ്മയുടെ ആഭിമുഖ്യത്തിൽ സൂപ്പർതാരങ്ങൾ അടക്കം പങ്കെടുക്കുന്ന നിരവധി ഷോകളും മറ്റു പരിപാടികളും വിദേശരാജ്യങ്ങളിൽ അടക്കം നടത്തുകയും വലിയ തോതിൽ അമ്മ സംഘടന പണം വാരി കൂട്ടുകയും ചെയ്തു. ഇതിനോടൊപ്പം ദിലീപ് എന്ന നടൻറെ നിർമ്മാണ ചുമതലയിൽ 20 – 20 എന്ന പേരിൽ എല്ലാ താരങ്ങളും ഒരുമിച്ച് അണിനിരന്ന വമ്പൻ സിനിമയും നിർമ്മിച്ചു. ഇതിൻറെ ഒരു പങ്ക് ലാഭവിഹിതം അമ്മയ്ക്ക് കിട്ടിയിരുന്നു. ഇതെല്ലാം ഉപയോഗിച്ചുകൊണ്ട് അവശത അനുഭവിക്കുന്ന മുൻകാല താരങ്ങൾക്ക് സഹായം നൽകുക എന്നൊക്കെ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും. ആകെ നടപ്പിൽ വന്നത് 50 താഴെ ആൾക്കാർക്ക് മാസംതോറും 5000 രൂപ നൽകുന്ന കൈനീട്ടം എന്ന പദ്ധതി മാത്രം ആയിരുന്നു.താരസംഘടനയായ അമ്മയുടെ നിയന്ത്രണം ചുരുക്കം ചിലരുടെ കൈകളിൽ ആണെന്നും ഈ സംഘം എതിർക്കുന്ന സിനിമ പ്രവർത്തകരെ ഒറ്റപ്പെടുത്തുന്ന പ്രവർത്തനം നടത്തുന്നു എന്നും ഒക്കെ ഒരു വിഭാഗം പരാതി പറഞ്ഞിരുന്നു. മുൻനിര താരങ്ങളായ പൃഥ്വിരാജ്, ബോബൻ കുഞ്ചാക്കോ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയ താരങ്ങൾ അമ്മയുടെ പ്രവർത്തന ശൈലിയിൽ നിരാശ പ്രകടിപ്പിച്ച വരായിരുന്നു. എതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ താരസംഘടനയുടെ രക്ഷിതാക്കൾ ചമയുന്ന താരങ്ങൾ ഇവർക്കെതിരെ വ്യാപക പ്രചരണത്തിനും രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ഏതായാലും അമ്മ താര സംഘടനയുടെ കൈനീട്ടം നൽകൽ പരിപാടി പോലും സ്തംഭിച്ചിരിക്കുകയാണ്. കൊച്ചി ഓഫീസിൽ പ്രവർത്തനം ഒന്നുമില്ല. ഒരു യോഗം വിളിക്കാൻ പോലും ആരും മുന്നോട്ടുവരാത്ത അവസ്ഥ. എല്ലാരും മുതിർന്ന ജേഷ്ഠനെ പോലെ ആദരവോടെ കണ്ടിരുന്ന മമ്മൂട്ടി പോലും അമ്മയെ കയ്യൊഴിയുന്ന സ്ഥിതിയിൽ എത്തി. മോഹൻലാൽ തൻറെ പേരും പീഡകരുടെ ലിസ്റ്റിൽ വരുമോ എന്ന ഭയത്താൽ മിണ്ടാട്ടമില്ലാതെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഏറെക്കാലം സിനിമയിൽ പ്രവർത്തിച്ചിട്ടും, പേരുദോഷം കേൾപ്പിക്കാത്ത ചില താരങ്ങൾ ബദൽ സംവിധാനത്തിന് ആലോചന നടത്തുന്നത്. പൃഥ്വിരാജിന്റെയും നിലവിലെ ഭരണസമിതിയിൽ വൈസ് പ്രസിഡൻറ് ആയിരുന്ന ജഗദീഷിന്റെയും മറ്റും നേതൃത്വത്തിൽ പുതിയ ഒരു ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോവുക എന്ന ആശയത്തിലാണ് വിമത വിഭാഗം എത്തിയിരിക്കുന്നത്. അമ്മ സംഘടനയിൽ അംഗത്വമുള്ള 150 ലധികം താരങ്ങൾ ഈ പുതിയ നീക്കത്തിന് പിന്തുണ വാഗ്ദാനം ചെയ്തതായി വാർത്തകൾ വരുന്നുണ്ട്. അമ്മയുടെ കൊച്ചിയിലെ കേന്ദ്ര ഓഫീസ് ഉപേക്ഷിച്ച് ഹോട്ടലിൽ പൊതുയോഗം വിളിച്ചു കൂട്ടാനും ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടു കൂടി അമ്മ എന്ന സംഘടനയ്ക്ക് പകരം പുതിയ ട്രേഡ് യൂണിയൻ രജിസ്റ്റർ ചെയ്യുക എന്ന ആശയവും ആയിട്ടാണ് ഈ സംഘം മുന്നോട്ടു നീങ്ങുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്തൊന്നും താര സംഘടനയായ അമ്മയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയില്ല.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. റിപ്പോർട്ടിന്റെ പൂർണ്ണരൂപം കോടതിക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പൂർണ്ണരൂപത്തിൽ ആണ് 15 അംഗ പവർ ഗ്രൂപ്പിൻറെ അടക്കം കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. റിപ്പോർട്ടിന്റെ വിശദമായ ഭാഗങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ ഉയരത്തിൽ നിൽക്കുന്ന താര പ്രമാണിമാർ അടക്കം ലൈംഗിക പീഡന കേസുകളിൽ കുടുങ്ങും എന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം തുടരുന്നത് കൊണ്ട് തന്നെ അമ്മയുടെ പ്രവർത്തനം ഏറ്റെടുക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഉടൻ ആരും വരില്ല എന്നതാണ് വാസ്തവം.