കേരളത്തിലെ ജനങ്ങൾക്ക് ഗാർഹിക ഉപയോഗത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കും വൈദ്യുതി ലഭ്യമാക്കുന്ന വകുപ്പാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. ജനങ്ങൾക്ക് പരമാവധി കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്തു ജനജീവിതം സുഗമമാക്കുന്നതിന് പ്രവർത്തനമാരംഭിച്ചതാണ് വൈദ്യുതി ബോർഡ്. വെറുതെ ഒരു ബോർഡ് അല്ല. ഒന്നാന്തരം ഒരു മന്ത്രിയും ഒരു മന്ത്രാലയവും ആയിരക്കണക്കിന് ജീവനക്കാരും ഒക്കെയുള്ള ഒരു ഏർപ്പാടാണ് ഈ ബോർഡിലൂടെ നടക്കുന്നത്. ഇതൊക്കെയാണെങ്കിലും ജനങ്ങളെ സേവിക്കുക എന്ന് പറഞ്ഞുകൊണ്ട് നിരന്തരം പൊതുജനത്തെ പിഴിയുന്ന പണിയല്ലാതെ മറ്റൊന്നും ഇന്നുവരെ വൈദ്യുതി ബോർഡ് ചെയ്തിട്ടില്ല. എന്ത് കാരണം ഉന്നയിച്ചാലും ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും അവരുടേതായ ന്യായങ്ങൾ ഉണ്ട്. ഉത്പാദന ചെലവ് കൂടി അണക്കെട്ടിൽ വെള്ളമില്ല. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് കൂടുതൽ വില നൽകേണ്ടി വരുന്നു. ഇതൊക്കെയാണ് സ്ഥിരം പറയുന്ന ന്യായങ്ങൾ. ഇപ്പോൾ ഒരിക്കൽ കൂടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിന് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംസ്ഥാനത്ത് പലഭാഗങ്ങളിലായി പൊതുജന അഭിപ്രായം തേടുന്നതിനായി സിറ്റിംഗ് നടത്തിയത്. ഇത്തരത്തിൽ അതോറിറ്റി സിറ്റിങ്ങിന് എത്തിയ എല്ലാ തലങ്ങളിലും വലിയതോതിൽ ജനരോഷം ഉയർന്നു എന്നാണ് വാർത്തകളിൽ പറയുന്നത്.
റെഗുലേറ്ററി കമ്മീഷൻ മേധാവികൾക്കു മുന്നിൽ പൊതുജനം കാര്യകാരണസഹിതം ആണ് വിഷയങ്ങൾ അവതരിപ്പിച്ചത്. വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥരുടെ കിടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും നിറഞ്ഞ നിൽക്കുകയാണ് ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിലുള്ള വമ്പൻ ശമ്പളം ആണ് കേരളത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ഇതെല്ലാം ചെയ്യുന്നതു മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ജനങ്ങളുടെ മുതുകിൽ ഭാരം കയറ്റുകയാണ് എന്നായിരുന്നു പൊതു ജനങ്ങളുടെ പരാതി. ചില സ്ഥലങ്ങളിൽ ഇതിനെ തടയാൻ ഉദ്യോഗസ്ഥർ രംഗത്ത് വന്നതോടുകൂടി അവിടെയെല്ലാം സംഘർഷത്തിന്റെ അന്തരീക്ഷവും. റെഗുലേറ്ററി കമ്മീഷന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ പലതരത്തിലുള്ള പരാതികൾ എണ്ണിയെണ്ണി പറയുന്ന സ്ഥിതിയുണ്ടായി. വൈദ്യുതി ബോർഡ് വൈദ്യുതി ഉൽപാദനത്തിനായി അണക്കെട്ടുകൾ നിർമ്മിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. എന്നിട്ടും ബോർഡിനെ നഷ്ട കണക്ക് ഉണ്ടാകുന്നത് എങ്ങനെയാണ്.
സംസ്ഥാനത്ത് രണ്ട് ലക്ഷം സോളാർ പ്ലാന്റുകൾ ജനങ്ങൾ സ്വന്തം ചെലവിൽ നിർമ്മിച്ചു. മിച്ച വൈദ്യുതി ബോർഡിന് നൽകിയിട്ടും നഷ്ടം എങ്ങനെ ഉണ്ടാകുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ജീവനക്കാരുടെ ശമ്പളത്തിനായി ഒരു യൂണിറ്റ് വൈദ്യുതിയുടെ വരുമാനത്തിൽ 70 പൈസ വിനിയോഗിക്കുമ്പോൾ ഇവിടെ 1.56 രൂപയാണ് ചെലവാക്കുന്നത്. ഇത് എന്ത് നീതിയാണ്. ഇനിയും തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പേരിൽ എന്തിനാണ് ജീവനക്കാരെ നിയമിച്ചു ശമ്പളം നൽകിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ബില്ല് തുകയാണ് ഈടാക്കാൻ നിയമം പറയുന്നത്. ഇതിനുപുറമേ എന്തിനാണ് മാസം തോറും ഫിക്സഡ് ചാർജ് ഈടാക്കുന്നത്.സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടും അത് ഇവിടെ നടപ്പിലാക്കാത്തത് ജീവനക്കാർക്ക് തട്ടിപ്പ് നടത്താൻ അവസരം ഒരുക്കുന്നതിന് വേണ്ടി മാത്രമല്ലേ. വൻകിട സ്ഥാപനങ്ങളിലും വ്യവസായശാലകളിലും അടക്കം തിരിച്ചെടുക്കേണ്ട ബില്ല് കുടിശ്ശിക ഈടാക്കുന്നതിന് ഒരു പ്രവർത്തനവും നടത്താത്തത് എന്തുകൊണ്ടാണ്.
ഇത്തരത്തിൽ ഉള്ള വസ്തുതകളും യാഥാർത്ഥ്യങ്ങളും പരിശോധിക്കാതെ ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുകയും, അത് പരിഹരിക്കുന്നതിന് ഉപഭോക്താക്കളുടെ മുതുകിൽ അധികഭാരം കയറ്റി വയ്ക്കുകയും, ചെയ്യുന്ന വൈദ്യുതി ബോർഡിൻറെ സ്ഥിരം ഏർപ്പാട് അനുവദിക്കാൻ കഴിയില്ല എന്നാണ്, ജനങ്ങൾ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ തുറന്നു പറഞ്ഞത്.ഇവിടെ ഇതൊക്കെ പറയുമ്പോഴും വൈദ്യുതി ബോർഡ് മുന്നോട്ടുവയ്ക്കുന്ന ചില പരാതികളും ഗൗരവം നിറഞ്ഞതാണ്. ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത് വൈദ്യുതി ബോർഡ് സ്വന്തം കാലിൽ നിൽക്കുന്നതിന് ആവിഷ്കരിക്കുന്ന പദ്ധതികളിൽ ജനങ്ങൾ തന്നെ തടസ്സം ഉണ്ടാക്കുന്നു. അതുകൊണ്ട് നിശ്ചിത സമയത്ത് പദ്ധതി പൂർത്തിയാകുന്നില്ല. മാത്രവുമല്ല ജലവൈദ്യുത പദ്ധതികൾക്ക് വലിയ സാധ്യതയുള്ള നമ്മുടെ സംസ്ഥാനത്ത് അത്തരത്തിൽ ഒരു പദ്ധതിയും തുടങ്ങുവാൻ ജനങ്ങളും പരിസ്ഥിതിവാദികളും സമ്മതിക്കുന്നില്ല. കടുത്ത എതിർപ്പുകളും ജനങ്ങളുടെ പ്രതിഷേധവും ഒരുമിക്കുമ്പോൾ വൈദ്യുതി ബോർഡ് പ്രതിസന്ധിയിൽ ആകുന്നു എന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
ബോർഡ് വിശദീകരണങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞവർഷം 12983 കോടി രൂപയുടെ വൈദ്യുതിയാണ് സംസ്ഥാനം പുറമേ നിന്നും വാങ്ങിയത്. ഈ വർഷം പവർകട്ടും മറ്റും ഒഴിവാക്കി പോകുന്നതിന് പതിനയ്യായിരം കോടി രൂപയുടെ വൈദ്യുതി എങ്കിലും പുറമേ നിന്നും വാങ്ങേണ്ടിവരുംഎന്നും ബോർഡ് വിശദീകരിക്കുന്നു. 2016 ൽ 3.88 രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങിയിരുന്നുവെങ്കിൽ ഇപ്പോൾ പുറമേ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ കുറഞ്ഞ വില 5 രൂപ 17 പൈസ ആണ്. ഇതോടൊപ്പം തന്നെ വൈദ്യുതി വകുപ്പ് വിശദീകരണം പരിശോധിച്ചാൽ നഷ്ടക്കണക്കിന്റെ യഥാർത്ഥ രൂപം മനസ്സിലാകും. വാസ്തവത്തിൽ നാലു രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി ഏഴു രൂപ വിലക്കാണ് കേരളത്തിലെ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന മൂന്നു രൂപ ലാഭത്തിൽ ഒരു രൂപ വൈദ്യുതി ബോർഡിൻറെ കടംവാങ്ങിയ തുകയുടെ തിരിച്ചടവിന് ഉപയോഗിക്കുന്നു. ഒരു രൂപ 56 വയസ്സ് ക്രമത്തിൽ ശമ്പളത്തിന് ഉപയോഗിക്കുന്നു. ബാക്കി വരുന്ന തുക ബോർഡിൻറെ ഓഫീസ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. എന്ന് പറഞ്ഞാൽ മിച്ചം ഒന്നും ഇല്ല എന്നതാണ് കണക്ക്. മാത്രവുമല്ല ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കണക്കുപ്രകാരം 6400 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് സംസ്ഥാന വൈദ്യുതി ബോർഡിന് ഉള്ളത്.
കേരളത്തിലെ പൊതുജനങ്ങൾ ഏതായാലും പല ദുരിതങ്ങളും അനുഭവിച്ച് അനുഭവിച്ച് നല്ല പരിചയം നേടിക്കഴിഞ്ഞു. ജനങ്ങളെ സേവിക്കാൻ എന്ന് പറഞ്ഞുകൊണ്ട് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കുറെ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. വൈദ്യുതി ബോർഡ്, ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ജല അതോറിറ്റി, ഇതൊക്കെ യഥാർത്ഥത്തിൽ ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുകയല്ല, മറിച്ച് പൊതു ജനങ്ങളെ പിഴിഞ്ഞെടുത്ത്, കുറേ ഉദ്യോഗസ്ഥരും മറ്റുള്ളവരും സുഖിച്ചു കഴിയുന്നു എന്നതാണ് വാസ്തവം. ഒരു പാവപ്പെട്ടവൻറെ വീട്ടിൽ കറണ്ട് ബില്ല് ഇനത്തിൽ 100 രൂപ അടയ്ക്കാൻ വൈകിയാൽ അപ്പോൾ തന്നെ പാഞ്ഞെത്തി ഫ്യൂസ് ഊരുന്ന ബോർഡ് ഉദ്യോഗസ്ഥർ മറുവശത്ത് കോടികൾ ബില്ല് കൂടി ചിലവരുത്തിയ വമ്പന്മാരുടെ മുന്നിൽ ഓണ സമ്മാനത്തിനും ക്രിസ്തുമസ് കേക്കിനും കാത്തുനിൽക്കുന്ന കാഴ്ചകളും കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്. പൊതുജനം മനസ്സിലാക്കിയിട്ടുള്ള ഒരു വസ്തുത ഉണ്ട്. എൻറെ അമ്മാവാ എന്നെ തല്ലേണ്ട – ഞാൻ നന്നാവില്ല ഇതു തന്നെയാണ് ജനസേവനം നടത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ യഥാർത്ഥ രൂപം.