ഒളിമ്പിക്സ് എന്ന് കേട്ടാൽ ഇപ്പോഴും ഇന്ത്യയിലെ ജനങ്ങൾ ആദ്യം ഓർമ്മിക്കുന്ന പേരാണ് മലയാളിയായ പി ടി ഉഷയുടെത്. ഒളിമ്പിക്സിലെ മിന്നൽ വേഗതയും റെക്കോർഡ് സൃഷ്ടിക്കലും ഒക്കെ നടത്തിയ പിടി ഉഷ മലയാളികൾക്കും പ്രിയങ്കരിയാണ്. കോഴിക്കോട് സ്വന്തം നാട്ടിൽ വലിയ തോതിലുള്ള സ്പോർട്സ് സ്കൂൾ സ്ഥാപിച്ചുകൊണ്ട് കായിക താരങ്ങളെ വളർത്തിയെടുക്കുന്ന പ്രവർത്തനം ഉഷ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനിടയിലാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ തലപ്പത്ത് പി ടി ഉഷയെ കേന്ദ്രസർക്കാർ നിയമിച്ചത്.രാഷ്ട്രീയത്തോട് വലിയ താല്പര്യമൊന്നും കാണിക്കാത്ത ആളായിരുന്നു പി ടി ഉഷ. രാഷ്ട്രീയമായ എന്തെങ്കിലും ചർച്ച വന്നാൽ അവർ ആകെ പറയാറുള്ളത് അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള അടുപ്പവും ആരാധനയും മാത്രമായിരുന്നു. അങ്ങനെ രാഷ്ട്രീയവുമായി അകന്നു കഴിഞ്ഞിരുന്ന പി ടി ഉഷ ഒടുവിൽ എങ്ങനെയോ ബിജെപിയുമായി അടുപ്പം ഉണ്ടാക്കുന്ന സ്ഥിതി വന്നു. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താല്പര്യമെടുത്ത് ഉഷയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ തലപ്പത്ത് നിയമിച്ചത്. കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രിയോടൊപ്പം ഉഷ വേദി പങ്കിട്ടതാണ് കൂടുതൽ അടുപ്പത്തിലേക്ക് എത്തിച്ചത്.
ഏതായാലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ പ്രസിഡൻറ് പദവിയിൽ കഴിയുന്ന പി ടി ഉഷ ഇപ്പോൾ വല്ലാത്ത തലവേദനയിൽ കുടുങ്ങിയിരിക്കുകയാണ്. അസോസിയേഷൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രഘുറാം അയ്യരെ നിയമിക്കുന്നതിന് ഉഷ പ്രത്യേക താൽപര്യം കാണിച്ചതാണ് പുതിയ തർക്കങ്ങൾക്ക് തുടക്കം ഉണ്ടാക്കിയത്. രഘുറാമിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയോഗിക്കുന്നതിന് തീരുമാനിച്ചത് ഒളിമ്പിക് അസോസിയേഷൻറെ ഭരണസമിതി തന്നെ ആയിരുന്നു.ഈ അനുമതി കമ്മിറ്റി നൽകി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉഷ നിയമന ഉത്തരവിൽ ഒപ്പുവെച്ചത്.എന്നാൽ ഇപ്പോൾ നിയമനവും മറ്റു പല കാര്യങ്ങളും തർക്കങ്ങളിലേക്ക് ചെന്നെത്തിയിരിക്കുകയാണ്. രഘുറാമിനെ എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ച കാര്യത്തിൽ കമ്മിറ്റിയിൽ തർക്കമില്ല. എന്നാൽ രഘുറാമിന് ഉഷ തന്നെ മുൻകൈ എടുത്ത് ലക്ഷങ്ങൾ വരുന്ന ശമ്പളം തീരുമാനിച്ചതാണ് ഇപ്പോൾ കമ്മിറ്റിക്ക് അകത്ത് പുതിയതർക്കങ്ങൾ ഉണ്ടാകാൻ വഴിയൊരുക്കിയത്. കഴിഞ്ഞ ജനുവരിയിൽ ചേർന്ന അസോസിയേഷൻറെ ഭാരവാഹി യോഗമാണ് രഘുറാമിൻറെ നിയമന കാര്യത്തിൽ തീരുമാനമെടുത്തത്. ഇപ്പോൾ അസോസിയേഷൻറെ ഭാരവാഹികൾക്കിടയിൽ ഭിന്നത രൂക്ഷമായി രണ്ട് തട്ടിൽ എത്തിനിൽക്കുകയാണ്. അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡൻറ് അജയ് പട്ടേൽ അടക്കം 12 കമ്മിറ്റി അംഗങ്ങൾ രഘുറാമിന്റെ നിയമനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. മാത്രവുമല്ല ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന വമ്പൻ ശമ്പളത്തിൽ ഉള്ള നിയമനം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയിലാണ് അടുത്തിടയ്ക്ക് സമാപിച്ച പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നും കായികതാരങ്ങൾ പങ്കെടുത്തതിന്റെ പേരിൽ ചട്ടങ്ങളെല്ലാം മറികടന്ന് കോടിക്കണക്കിന് രൂപ ചെലവാക്കിയ ഉഷക്കെതിരായ പരാതിയും ഉയർന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്സിൽ കായികതാരങ്ങൾക്ക് പോകുന്ന കാര്യത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉഷ നടത്തി എന്ന പരാതിയാണ് ഒരു വിഭാഗം അസോസിയേഷൻ അംഗങ്ങൾ ഉന്നയിക്കുന്നത്. ഈ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുത്തതുമായി ബന്ധപ്പെട്ടിട്ടുള്ള കണക്കുകൾ പരിശോധിക്കണമെന്നും ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും അസോസിയേഷൻ കമ്മിറ്റി അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതൊക്കെ ഒരു വശത്ത് നടക്കുകയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ ചേരിതിരിവും തർക്കവും രൂക്ഷമാവുകയും ചെയ്തപ്പോൾ പി.ടി. ഉഷ നടത്തിയ വിശദീകരണം എല്ലാ ആരോപണങ്ങളെയും നിഷേധിച്ചുകൊണ്ടുള്ളത് ആയിരുന്നു. തീരുമാനങ്ങൾ എല്ലാം നേരത്തെ കമ്മറ്റി അംഗീകരിച്ചതാണ് എന്ന രീതിയിലാണ് ഉഷ മറുപടി നൽകിയിരിക്കുന്നത്. മാത്രവുമല്ല അസോസിയേഷനിലെ ചിലർ നടത്തുന്ന നീക്കങ്ങൾ ഒളിമ്പിക് അസോസിയേഷന് ലോക കായിക വേദിയുടെ മുന്നിലേക്ക് കൊണ്ടുവരുന്നതിന് താൻ നടത്തുന്ന പരിശ്രമങ്ങൾ തടസ്സപ്പെടുത്താൻ മാത്രമാണ് സഹായിക്കുന്നത് എന്നും ഉഷ ആരോപിച്ചിട്ടുണ്ട്. ഇതു കൂടാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ ജോയിൻറ് സെക്രട്ടറി നടത്തിയ ചില പ്രവർത്തനങ്ങളിലും അഴിമതി ആരോപിക്കുന്നുണ്ട്. ഇതിലും അന്വേഷണം നടത്തണം എന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുൻകൈ എടുത്തുകൊണ്ട് 2036ൽ നടക്കുന്ന ഒളിമ്പിക് മത്സരങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ശ്രമങ്ങൾ തുടരുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ ചിലവ് ഉണ്ടാകുന്ന ഏർപ്പാടാണ് ഒളിമ്പിക് മത്സരങ്ങൾക്ക് വേദിയൊരുക്കുക. എന്നാൽ ലോക രാഷ്ട്രങ്ങളിൽ പലയിടങ്ങളിലും ഒളിമ്പിക് മത്സരങ്ങൾ വേദിയായി മാറിയിട്ടുണ്ടെങ്കിലും ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒരു രാജ്യമായ ഇന്ത്യയിൽ ഇതുവരെ ഒളിമ്പിക്സ് മത്സരങ്ങൾ നടത്തുവാൻ കഴിയാത്തത് ഇന്ത്യയുടെ ഒരു പോരായ്മയായി ചർച്ച ചെയ്യപ്പെടുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2036ലെ ലോക ഒളിമ്പിക്സ് മത്സര വേദിയാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പേരും പ്രശസ്തിയും ഉയർത്തി കാണിക്കുവാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ചില ഭാരവാഹികൾ നടത്തുന്നത് എന്ന് പരാതിയാണ് പിടി ഉഷ മുന്നോട്ടുവയ്ക്കുന്നത്. ലോക ഒളിമ്പിക് സംഘാടക സമിതിയുടെ ഭാരവാഹി കൂടി ഓൺലൈനായി പങ്കെടുത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻറെ യോഗത്തിനിടയിലാണ് വലിയ തർക്കവും ചേരിതിരിവും ഉണ്ടായിരിക്കുന്നത്. യോഗത്തിൽ ഉയർന്ന തർക്കങ്ങളും അനാവശ്യ വിവാദങ്ങളും ഓൺലൈനായി പങ്കെടുത്ത ഒളിമ്പിക് കമ്മിറ്റിയംഗവും കണ്ടുകൊണ്ടിരുന്നത് നമ്മുടെ ഒളിമ്പിക് സ്വപ്നത്തിന് വിഘാതം ഉണ്ടാകും എന്നുകൂടി ഉഷ പറഞ്ഞുവെക്കുന്നുണ്ട്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ നടക്കുന്ന പ്രസ്ഥാനമാണ് .ഇന്ത്യയിലെ വിവിധ കായിക വിഭാഗങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളെ ലോക വേദികളിൽ എത്തിക്കുന്നത് ഒളിമ്പിക് അസോസിയേഷൻ ആണ്. അതുകൊണ്ടുതന്നെ നൂറുകണക്കിന് കോടി രൂപയുടെ വരവു ചിലവ് ഉണ്ടാകുന്ന ഒരു സംവിധാനം കൂടിയാണ് ഇത്. ഏതായാലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ മറ്റു പല രാജ്യത്തെ പ്രസ്ഥാനങ്ങളിൽ കാണുന്നതുപോലെയുള്ള തർക്കങ്ങളും വിഭാഗീയതയും ചേരിതിരിവും ഉണ്ടായിരിക്കുന്നത് ഇന്ത്യയുടെ കായിക മേഖലയുടെ വളർച്ചയ്ക്ക് തടസ്സം ഉണ്ടാക്കുന്നു എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.