അടിച്ചു തകർക്കാൻ ശ്രമിക്കുമ്പോഴും അതിശക്തമായി ഉയർത്തെഴുന്നേൽപ്പ് നടത്തുന്ന ഏതെങ്കിലും ഒരു നേതാവ് ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്. ആ രാഷ്ട്രീയ നേതാവ് ഒറ്റയാൻ കളി നടത്തുകയല്ല. എവിടെനിന്നോ ആരൊക്കെയോ അയാൾക്ക് പിന്നിൽ പ്രേരക ശക്തിയായി നിൽക്കുന്നുണ്ട്. അവർ നൽകുന്ന ഉത്തേജകമരുന്നും പിന്തുണയുമാണ് ഈ ശക്തിക്ക് കാരണം. കേരളത്തിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആയി അര നൂറ്റാണ്ടായി നിലനിൽക്കുന്ന സിപിഎം എന്ന പാർട്ടി ഇപ്പോൾ പഴയതുപോലെ ഏക ശീല രൂപത്തിൽ അല്ല നിൽക്കുന്നത്. എവിടെയൊക്കെയോ വിള്ളൽ വീണിട്ടുണ്ട്. അത് ഇനി പഴയ രീതിയിൽ ഒട്ടിച്ചേരുമോ എന്നത് കാലത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജന സ്വാധീനം ഉണ്ടാക്കി ഉയരത്തിൽ എത്തിയ പല നേതാക്കളും ഉണ്ട്. ഇത്തരത്തിൽ ഉയർന്നു വന്ന നേതാക്കൾക്കെതിരെ പലപ്പോഴും എതിരാളികളും അണിനിരന്നിട്ടുണ്ട്. ആയതിരാളികളെ അടിച്ചിരുത്തിയും വരുതിയിൽ നിർത്തിയും പാർട്ടി താനാണ് എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുള്ള നേതാക്കളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഏതാണ്ട് 18 വർഷക്കാലത്തോളം പാർട്ടി തലവനായി വാഴുകയും പിന്നീട് പാർട്ടി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിപദം സ്വന്തമാക്കി പാർട്ടിയും സ്വന്തം സർക്കാരും അത് താൻ തന്നെയാണ് എന്ന് സ്ഥാപിച്ച് എടുക്കുകയും ചെയ്ത നേതാവാണ് പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിൻറെ മൂന്നാം കൊല്ലത്തിലേക്ക് കടക്കുമ്പോൾ സർവ്വപ്രതാപിയായിരുന്ന പിണറായി വിജയൻ തളർന്ന് അവശനായ ഒരു നേതാവിൻറെ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. ഈ തളർച്ചയ്ക്ക് പിന്നിൽ ആയുധങ്ങൾ തൊടുക്കുന്നത് താൻ തന്നെ വളർത്തിയെടുത്ത ഒരു നേതാവാണ് എന്ന വാസ്തവം പിണറായി വിജയനെ വല്ലാതെ മാനസികമായി വിഷമിപ്പിക്കുന്നുണ്ട്. ഇപ്പോൾ പിണറായിയുടെ മുഖ്യ ശത്രുവായി അവതരിച്ചിരിക്കുന്നത് പി വി അൻവർ എന്ന സിപിഎമ്മിന്റെ നിയമസഭാംഗമാണ്. അൻവറും പിണറായി വിജയനും തമ്മിലുള്ള പോരാട്ടം ഇപ്പോൾ വളർന്നു വലുതായി സിപിഎം എന്ന പാർട്ടിയും ആയിട്ടുള്ള പരസ്യപോരിന്റെ രീതിയിലേക്കും എത്തിയിരിക്കുകയാണ്. പാർട്ടിയുടെ ശാസനകൾക്ക് വഴങ്ങാതെ സർക്കാർ വിരുദ്ധ പ്രഖ്യാപനങ്ങളുമായി മുന്നോട്ടു പോയ അൻവറിനെതിരെ ഇന്നലെ മുതൽ സിപിഎം സഖാക്കൾ തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കുകയാണ്. മലപ്പുറം ജില്ലയിലാണ് ശക്തമായ രീതിയിൽ പ്രതിഷേധം ഉയർന്നത്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ചിലർ കൊലവിളി നടത്തിയതായി കാണുകയുണ്ടായി. എന്നാൽ പാർട്ടി നേതാക്കൾ പറഞ്ഞതനുസരിച്ച് തെരുവിലിറങ്ങുന്ന സിപിഎം സഖാക്കൾ അറിയാതെ പോകുന്ന ചിലതെല്ലാം ഉണ്ട്. മലപ്പുറത്ത് മാത്രം സ്വാധീനമുള്ള അൻവർ എന്ന നേതാവ് ഒറ്റക്ക് നടത്തുന്ന വെല്ലുവിളികളും പോരാട്ടവും അല്ല കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അൻവറിന്റെ പിന്നിൽ സിപിഎമ്മിന്റെ തന്നെ മുതിർന്ന ചില നേതാക്കൾ ഉണ്ട് എന്ന കാര്യം തെരുവിലിറങ്ങിയ സാധാരണ സഖാക്കൾ കാണേണ്ടതാണ്.
സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും അൻവർ തൊടുത്തുവിട്ട ആയുധങ്ങൾ നിസാരങ്ങൾ അല്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോഴാണ് അൻവർ എന്ന ആളിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും തയ്യാറായത്. എന്നാൽ ഈ തള്ളിപ്പറയിൽ വീണ്ടും വീണ്ടും അൻവറിന് കൂടുതൽ ശക്തി പകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സിപിഎം എന്ന പാർട്ടി നേതാക്കളെ വെല്ലുവിളിച്ചുകൊണ്ട് ഒരാൾ മുന്നോട്ടു പോകണമെങ്കിൽ ആ ആളിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ശക്തി ലഭിക്കുന്നു എന്നതായിരിക്കണം കാരണം.കേരളത്തിലെ സിപിഎം എന്ന പാർട്ടിക്കകത്ത് പഴയ ഏകശില സ്വഭാവത്തിൽ നിന്നും മാറി മൂന്ന് ഘടകങ്ങൾ എങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്നവർ ഒരുവശത്തു നിൽക്കുമ്പോൾ മറുവശത്ത് പിണറായി വിരുദ്ധ നിലപാടുമായി നീങ്ങുന്ന സിപിഎം നേതാക്കൾ വേറെയുണ്ട്. ഈ രണ്ടു കൂട്ടർക്കും ഒപ്പം ചേരാതെ പാർട്ടിയാണ് വലുത് എന്ന് പറഞ്ഞുകൊണ്ട് തെറ്റായ ഒന്നും ചിന്തിക്കാതെ മുന്നോട്ട് നീങ്ങുന്ന നേതാക്കന്മാർ അടങ്ങുന്ന മറ്റൊരു വിഭാഗവും ഇപ്പോൾ സിപിഎമ്മിൽ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ സിപിഎമ്മിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഈ ചേരിതിരിവുകളാണ് പിണറായി വിജയനെ യഥാർത്ഥത്തിൽ തളർത്തുന്നത്.
പത്തുവർഷം മുൻപുള്ള പിണറായി വിജയനെ നമ്മൾ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. പാർട്ടിയുടെ തലവനായി പിണറായി വിജയൻ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ യഥാർത്ഥ നയവും നിലപാടും ഉപേക്ഷിച്ചുകൊണ്ട് മുതലാളിത്തത്തോടെ അടുപ്പം കാണിക്കുന്നതിൽ പ്രതിഷേധവുമായി രംഗത്തുവന്നത് വിഎസ് അച്യുതാനന്ദൻ ആയിരുന്നു. തൻറെ പ്രതിഷേധ സ്വരങ്ങൾ കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകർ വലിയതോതിൽ ഏറ്റെടുത്തപ്പോൾ വി എസിന്റെ പ്രവർത്തനം വിഭാഗീയ പ്രവർത്തനം എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു. അച്യുതാനന്ദൻറെ ഈ നിലപാടുകൾ ചെന്നു കൊണ്ടത് പിണറായി വിജയൻ എന്ന പാർട്ടിയിൽ സെക്രട്ടറിയുടെ ശിരസ്സിൽ ആയിരുന്നു. വിദേശികളും സ്വദേശികളുമായ കോടീശ്വരന്മാരും ആയി പിണറായി വിജയൻ ഉണ്ടാക്കിയ അവിഹിതമായ ബന്ധങ്ങൾ വരെ അച്യുതാനന്ദൻ തുറന്നു പറയാൻ തയ്യാറായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പം പുലർത്തിയിരുന്ന ബുദ്ധിജീവികൾ വരെ അച്യുതാനന്ദനൊപ്പം ചേരുകയും പിണറായിയെ കുറ്റവാളിയായി അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഇതെല്ലാം ആവർത്തിക്കപ്പെട്ടപ്പോൾ പിണറായി വിജയൻ എന്ന അജയ്യനായ നേതാവ് അച്യുതാനന്ദനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചു. മാത്രവുമല്ല പാർട്ടിയുടെ പോളിറ്റ് ബ്യൂറോ വരെ സ്വാധീനിച്ചുകൊണ്ട് അച്യുതാനന്ദനെതിരെ പുറത്താക്കൽ നടപടി വരെ എടുക്കുന്ന സ്ഥിതിയുണ്ടായി. അത്തരത്തിലുള്ള വിമത സ്വരങ്ങളെ അടിച്ചമർത്തി വിജയം ആവർത്തിച്ചിരുന്ന പിണറായി വിജയൻ എന്ന നേതാവിന് ഇപ്പോൾ അടിതെറ്റുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
പി വി അൻവറിനെ സിപിഎമ്മിന്റെ ബന്ധത്തിൽ നിന്നും പാർട്ടി നേതൃത്വം ഒഴിവാക്കി എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഈ സാഹചര്യവും മുതലെടുക്കാൻ ആയിരിക്കും അൻവർ ശ്രമം നടത്തുക. മലപ്പുറത്ത് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുന്ന പ്രഖ്യാപനം അൻവർ നടത്തിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അൻവർ എത്തണമെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അനുഗ്രഹവും പിന്തുണയും അൻവറിന് ഉണ്ട് എന്ന കാര്യം വ്യക്തമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ പാർട്ടിയുടെ ചട്ടക്കൂടുകൾ ലംഘിച്ചുകൊണ്ട് മുതിർന്ന ഒരു നേതാവും അൻവറിൻറെ ഒപ്പം പരസ്യമായി കടന്നു വരില്ല എന്നത് സത്യമാണ്. എന്നാൽ അൻവർ ഏതുതരത്തിൽ മുന്നോട്ട് നീങ്ങിയാലും അതിന് ശക്തിയായി മാറുന്നത് സിപിഎം എന്ന പാർട്ടിയുടെ താഴെ തട്ടുകളിൽ ഇപ്പോൾ നിലനിൽക്കുന്ന സർക്കാർ വിരുദ്ധ വികാരവും മറ്റും ആണ്. ഇത്തരത്തിൽ സർക്കാർ ജനങ്ങളെ മറന്ന് മുന്നോട്ടു പോകുന്നതിൽ ആശങ്ക ഉള്ളവരാണ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികളിലും ലോക്കൽ കമ്മിറ്റികളിലും ഒക്കെയുള്ള സാധാരണ സഖാക്കൾ.
ഇതാണ് കേരളത്തിലെ സിപിഎം എന്ന വലിയ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന കാര്യം പാർട്ടിക്ക് വേണ്ടി ഇപ്പോഴും ജീവൻ കളയാൻ തയ്യാറാക്കുന്ന സാധാരണ പ്രവർത്തകർ തിരിച്ചറിയേണ്ടതുണ്ട്. രണ്ടാം പിണറായി സർക്കാർ ജനങ്ങളെ മറന്നു കൊണ്ട് പ്രവർത്തിച്ചു എന്നത് ഒരു വസ്തുതയാണ്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവ കേരളയാത്ര പരമാവധി ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാൻ മാത്രമാണ് സഹായിച്ചത് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇതെല്ലാം അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ സിപിഎമ്മിന്റെ സാധാരണ സഖാക്കൾ. ലോക സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കടുത്ത തോൽവി കേരളത്തിലെ ജനങ്ങൾ രണ്ടാം പിണറായി സർക്കാരിനെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിൻറെ തെളിവ് തന്നെ ആയിരുന്നു. സിപിഎം പോലെ മതേതരത്വവും ജനാധിപത്യവും വിശ്വാസത്തിൽ എടുത്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ഇടനില കാർ വഴി ബിജെപി – ആർ.എസ് എസ് ബന്ധം ഉണ്ടാക്കിയെന്ന് തെളിവുകൾ സഹിതം വാർത്തകൾ പുറത്തുവരുമ്പോൾ ഇതെല്ലാം കാണുവാനും ഇത്തരം ദുർവിധി ഏറ്റുവാങ്ങുവാനും കഴിയേണ്ടി വരുന്ന നാട്ടിൻപുറങ്ങളിലെ സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ മാനസികമായി തകർച്ചയിലേക്ക് വീഴുന്നുണ്ട് എന്ന കാര്യം കൂടി ഇനിയെങ്കിലും സിപിഎമ്മിന്റെ നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.