ഇടുക്കിയിലെ മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയും നിയമസഭാ അംഗവും ആയ എം എം മണി, നാക്കിന് ഒരു കൺട്രോളും ഇല്ലാത്ത ആളാണ് എന്ന കാര്യം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം. രണ്ടുവർഷം മുമ്പ് മണിയാശാൻ ലെവൽ വിട്ട രീതിയിൽ ഒരു തട്ടുപൊളിപ്പൻ പ്രസംഗം നടത്തി. മണക്കാട് പ്രസംഗം എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയ ഒരു പ്രസംഗം ആയിരുന്നു മണി നടത്തിയത്. ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊല്ലേണ്ടവനെ കൊന്നിട്ടുണ്ട്. എങ്കിലേ പാർട്ടിയിൽ സഖാക്കൾ ഉറച്ചു നിൽക്കുകയുള്ളൂ. ഇങ്ങോട്ട് വന്ന് ഭീഷണിപ്പെടുത്തിയാൽ അതേ അളവിൽ തിരിച്ചടിക്കും. ഞാനും തിരിച്ചടിച്ചിട്ടുണ്ട് .ഇതിനൊപ്പം ചേർത്തുകൊണ്ടാണ് മൂന്ന് പേരെ കൊന്ന വിവരം മണിയാശാൻ തട്ടിവിട്ടത്. ഒന്നിനെ വെടിവെച്ചുകൊന്നു, രണ്ടാമനെ തല്ലിക്കൊന്നു, മൂന്നാമനെ കുത്തിക്കൊന്നു. ഇതൊക്കെ ഞങ്ങൾ ചെയ്തതാ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കാൻ വരുന്നവരെ കൊന്നു തന്നെ പകരം വീട്ടും. അതാണ് ഞങ്ങടെ ഒരു ശൈലി. ഏതായാലും ഈ പ്രസംഗം നടത്തിയതിന്റെ പേരിൽ എംഎം മണി കുറച്ചുനാൾ ജയിലിൽ കിടന്ന സംഭവവും ഉണ്ടായി.
അതേ മണി തന്നെയാണ് ഇപ്പോൾ വീണ്ടും കൊലവിളി പ്രസംഗവുമായി രംഗത്ത് വന്നത്. ഇടുക്കിയിലെ ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുമ്പോൾ ആണ് വീണ്ടും എം എം മണി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിൽ മണിയേതായാലും അല്പം മിതത്വം കാണിച്ചു. ആദ്യവർഗത്തിൽ മൂന്ന് പേരെ മൂന്ന് തരത്തിൽ കൊന്ന സംഭവമാണ് വിവരിച്ചതെങ്കിൽ, ഈ പ്രസംഗത്തിൽ കൊല നടത്താൻ അല്ല, അടിക്കണം അടിച്ചോടിക്കണം ; എങ്കിലേ നമ്മുടെ പാർട്ടിക്ക് നിലനിൽപ്പുണ്ടാകു എന്ന രീതിയിലാണ് പ്രസംഗിച്ചത്. മാത്രവുമല്ല, സഖാക്കൾക്ക് ഹരം കയറിയപ്പോൾ കയ്യടി മൂത്തതോടെ മണി ആശാൻ കത്തി കയറി. ഞാനും അടിച്ചിട്ടുണ്ട്, ഈ സ്റ്റേജിൽ ഇരിക്കുന്ന മറ്റു നേതാക്കളും നല്ല അടി നടത്തിയിട്ടുണ്ട്. ഒളിഞ്ഞും പാത്തും അല്ല, ഞാനും നേരിട്ട് ഇറങ്ങിയാണ് രാഷ്ട്രീയ വിരോധികളെ കൈകാര്യം ചെയ്തിട്ടുള്ളത്. അടിച്ചിരുത്തണം, അല്ലെങ്കിൽ നമ്മുടെ പാർട്ടിയും പ്രസ്ഥാനവും ആളില്ലാത്ത അവസ്ഥയിൽ എത്തും. വെറുതെപ്രസംഗവുമായി ചുറ്റിക്കറങ്ങി നടന്നാൽ പാർട്ടി വളരില്ല, പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഉണ്ടാക്കണം. അതിന് അവർക്ക് നേരെ വരുന്നവരെ അടിച്ച് ഒതുക്കണം. അടിച്ചാൽ തിരിച്ചടി എന്ന മുദ്രാവാക്യം സഖാക്കൾ മറക്കരുത്; മണി ആശാൻ പറഞ്ഞുവച്ചു.
എം എം മണി എന്ന സിപിഎം നേതാവ് എല്ലാക്കാലത്തും ഇതേ സ്വഭാവം കാണിച്ചിട്ടുള്ള ആളാണ്. വളരെ ചെറിയ വിദ്യാഭ്യാസം മാത്രമുള്ള എം എം മണി കോട്ടയത്തുനിന്നും ഇടുക്കിയിലേക്ക് കുടിയേറി ജീവിതം ആരംഭിച്ചതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഭിനിവേശം ഉണ്ടായി ആ പാർട്ടിയിൽ ചേരുകയും തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നേതൃനിരയിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു. യഥാർത്ഥത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുക എന്നതിൽ ഉപരിയായി എതിർക്കുന്ന ഇടുക്കിയിലെ രാഷ്ട്രീയ ശത്രുക്കളെ അടിച്ചൊതുക്കുന്നതിനുള്ള ഒരു നേതാവായിട്ടാണ് മണി ആശാൻ വളർന്നുവന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴും സിപിഎമ്മിനകത്ത് നിൽക്കുന്ന സാധാരണ പാർട്ടി പ്രവർത്തകർക്ക് മണിയാശാൻ ഒരു വലിയ ആവേശമാണ്. മണിയാശാൻ പ്രസംഗത്തിന് വരുന്നു എന്ന് കേട്ടാൽ സഖാക്കളെല്ലാം ഒഴുകിയെത്തും. ഒരു പ്രത്യേകതരം രീതിയിൽ തരംതാണ ഭാഷയും അതുപോലെതന്നെ തരംതാണ ആംഗ്യങ്ങളും കാണിച്ചു പ്രസംഗിച്ചു കൊണ്ടാണ് മണിയാശാൻ സഖാക്കളുടെ കയ്യടി നേടിയെടുക്കുന്നത്. ഇടുക്കി പോലെ മലയോരമേഖലയായി നിൽക്കുന്ന ഒരു പ്രദേശവും, ഇപ്പോഴും പ്ലാന്റേഷൻ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ലയും ആയ ഇടുക്കിയിൽ മണിയാശാൻറെ അണികൾക്ക് ഇടയിലുള്ള ആദരം ഇപ്പോൾ കാണിച്ചത് പോലെയുള്ള കൊലവിളി പ്രസംഗങ്ങൾ തന്നെയാണ്. ആരെയും എത്ര തരംതാണ ഭാഷയിൽ വിമർശിക്കാനും മണിയാശാൻ മടിക്കാറില്ല. അത് കോൺഗ്രസിന്റെ നേതാക്കന്മാർ ആണെങ്കിൽ മണി ആശാന്റെ നാവിനെ കട്ടി കൂടും. പ്രയോഗിക്കുന്ന വാക്കുകളും വാചകങ്ങളും കടുകട്ടി ഉള്ളതായിരിക്കും. അത്തരം വാക്കുകളും ഭാഷയും കേൾക്കുമ്പോൾ തൊഴിലാളികളായി ജീവിച്ചുവരുന്ന സഖാക്കന്മാർ എല്ലാം മറന്ന് കയ്യടിക്കും അതോടുകൂടി മണി ആശാന് ആവേശം കൂടുകയും കൊലവിളി പ്രസംഗത്തിൻ്റെ വീര്യം കൂടുകയും ചെയ്യും.