മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ യുഡിഎഫിലെ പ്രധാന പാർട്ടികളായ കോൺഗ്രസും മുസ്ലിം ലീഗും വലിയ തർക്കത്തിൽ എത്തിയിരിക്കുന്നു. മുനമ്പത്ത് ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയപ്പാർട്ടിക്കാർ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മുനമ്പത്ത് തർക്കവിഷയമായ ഭൂമി വഖഫ് ഭൂമിയല്ല എന്നും, അത് അവിടെ താമസിക്കുന്ന നാട്ടുകാർക്ക് അവകാശപ്പെട്ട ഭൂമിയാണ് എന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവിടെ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഈ പ്രസംഗമാണ് യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള പോരിലേക്ക് വളർന്നത്. സതീശന്റെ പ്രസ്താവനയും അഭിപ്രായപ്രകടനവും തികച്ചും തെറ്റാണെന്നും സതീശൻ തൻറെ നിലപാട് തിരുത്തണം എന്നും മുസ്ലിം ലീഗിൻറെ നേതാവ് കെ എം ഷാജി പരസ്യമായി പ്രസ്താവിച്ചതോടുകൂടിയാണ് കോൺഗ്രസ് ലീഗ് തർക്കത്തിന് വഴിയൊരുങ്ങിയത്.
സതീശനെതിരായ പ്രസ്താവന നടത്തിയ കെഎം ഷാജിയുടെ അഭിപ്രായത്തോട് പല മുതിർന്ന മുസ്ലിം ലീഗ് നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് സതീശൻതന്നെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വച്ച് കുഞ്ഞാലിക്കുട്ടി ഷാജിയുടെ അഭിപ്രായം തിരുത്തുവാൻ തയ്യാറായി. എങ്കിലും അത് പാർട്ടിയുടെ ഒരു ഔദ്യോഗിക നിലപാടായി പുറത്തു വന്നിട്ടില്ല എന്നതാണ് വാസ്തവം. മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് പാർട്ടിയുടെ സമ്മേളനത്തിൽ വച്ചാണ് കെ എം ഷാജി പ്രതിപക്ഷ നേതാവിന്റെ മുനമ്പം വിഷയത്തിലുള്ള അഭിപ്രായത്തെ തള്ളിക്കളഞ്ഞുകൊണ്ട് പ്രസംഗിച്ചത്. ഏതായാലും മുനമ്പം വിഷയം മുസ്ലിം ലീഗിലും ഭിന്നതയുടെ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു എന്നാണ് അറിയുന്നത്.
കെ എം ഷാജി, പ്രതിപക്ഷ നേതാവ് സതീശൻ മുനമ്പം വിഷയത്തിൽ എടുത്ത നിലപാട് തള്ളുകയാണ് ചെയ്തത്. ഇതിനെ എതിർത്ത കുഞ്ഞാലിക്കുട്ടി പറഞ്ഞത് മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുള്ള അഭിപ്രായമാണ്. പാർട്ടിയുടെ നിലപാട് എന്നായിരുന്നു, എന്നാൽ മുനമ്പം വിഷയത്തിൽ കോൺഗ്രസ് ഉരുണ്ട് കളിക്കുകയാണെന്നും ആദ്യഘട്ടത്തിൽ മുനമ്പത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന കോൺഗ്രസ് നേതാക്കൾ തിരിച്ചടി ഉണ്ടാകും എന്ന ബോധ്യപ്പെട്ടതോടുകൂടിയാണ് ആ വിഷയത്തിലേക്ക് കടന്നുചെന്നത്.
എന്നാൽ മുനമ്പം വിഷയം വ്യാപകമായ പരാതിയിലേക്ക് പടർന്നപ്പോൾ ക്രിസ്ത്യൻ മത വിഭാഗങ്ങൾ മാത്രമല്ല മതമേധാവികൾ വരെ വിഷയത്തിൽ പ്രത്യക്ഷമായി രംഗത്തുവന്നിരുന്നു. ബിഷപ്പുമാർ വരെ മുനമ്പം വിഷയത്തിൽ പരിഹാരത്തിന് ശ്രമം നടത്തി. ഇത്തരം നീക്കങ്ങൾ കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടി ഉണ്ടാകും എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. എന്നാൽ മുനമ്പത്ത് വഖഫ് ഭൂമി വിഷയത്തിൽ നൂറുകണക്കിന് ആൾക്കാർ സമരവുമായി രംഗത്ത് വന്നപ്പോൾ സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ചത് മുസ്ലീം ലീഗ് പാർട്ടിയും മുസ്ലിം മതമേധാവികളും കോൺഗ്രസിനെതിരെ തിരിയും എന്ന ഭയപ്പാടുകൊണ്ടായിരുന്നു. സമരം ശക്തമായി മുന്നോട്ടു പോവുകയും പ്രശ്നബാധിതരായ ഭൂരിഭാഗം പേരും ലത്തീൻ ക്രിസ്ത്യാനികൾ ആയതും ഈ വിഭാഗം എറണാകുളം ജില്ലയിൽ എല്ലാ കാലത്തും കോൺഗ്രസിനോടും യുഡിഎഫിനോടും അടുത്ത് നിന്നിട്ടുള്ളവർ ആയതിനാലുമാണ്. ഒടുവിൽ രണ്ടും കൽപ്പിച്ച് പ്രതിപക്ഷ നേതാവ് സതീശൻ രംഗത്തിറങ്ങിയത്, ലീഗ് എന്ന പാർട്ടിയെ പിണക്കുവാനും കഴിയില്ല; മുനമ്പം പ്രശ്നബാധിതരെ കണ്ടില്ലെന്ന് നടിക്കുവാനും കഴിയില്ല എന്ന രീതിയിലുള്ള ഗതികെട്ട സ്ഥിതിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തുകയാണുണ്ടായത്.
കോൺഗ്രസിൽ മുനമ്പം വിഷയത്തിന്റെ പേരിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടില്ല. എങ്കിലും മുസ്ലിംലീഗിൽ ഈ വിഷയം കത്തിപ്പടരുകയാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടി എങ്ങും തൊടാത്ത അഴകൊഴമ്പൻ നിലപാടാണ് ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. മുനമ്പത്ത് തർക്ക ഭൂമി വഖഫ് ഭൂമിയല്ല എന്ന നിലപാട് പാർട്ടി എടുത്താൽ മുസ്ലിം ലീഗ് പാർട്ടിയുടെ അടിത്തറയായി കണക്കാക്കുന്ന മുസ്ലിം മത വിഭാഗത്തിന്റെ പേരിലുള്ള ആധ്യാത്മിക വിഭാഗങ്ങളെല്ലാം പാർട്ടിയെ തള്ളിപ്പറയും എന്ന ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു നേതാവും പരസ്യമായി മുനമ്പം വിഷയത്തിൽ പ്രതികരിക്കാതെ ഇരുന്നത്.
മുനമ്പം വിഷയത്തിൽ മുസ്ലിം മത വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് മലപ്പുറത്ത് തന്നെ നടന്ന പാർട്ടി സമ്മേളനത്തിൽ മുതിർന്ന നേതാവായ കെഎം ഷാജി കോൺഗ്രസ് നിലപാടിനെതിരായ പ്രസ്താവന നടത്തിയത്. മുനമ്പം വിഷയത്തിൽ വക്കഫിന് എതിരായ എന്തെങ്കിലും പരസ്യമായി പറഞ്ഞാൽ മുസ്ലിം മതമേധാവികൾ എല്ലാം ലീഗ് പാർട്ടിക്ക് എതിരായി നീങ്ങും എന്ന തിരിച്ചറിയാവുന്നതുകൊണ്ടാണ് ഷാജി ഇത്തരത്തിൽ പ്രസംഗം നടത്തിയത്. പ്രതിപക്ഷ നേതാവിനെതിരെ ഷാജിയുടെ പ്രസംഗം വ്യക്തിപരമായ അഭിപ്രായ പ്രകടനം അല്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മുനമ്പം വിഷയത്തിൽ വഖഫിന് അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ വലിയ എതിർപ്പിനെ നേരിടേണ്ടി വരും എന്ന് ബോധ്യമുള്ള മുസ്ലീം ലീഗ് പാർട്ടിയുടെ മുതിർന്ന ചില നേതാക്കൾ കൂടി ഷാജിയുടെ നിലപാടിനെ ശരിവെക്കുന്നുണ്ട്. ഈ നേതാക്കളുടെ നിർദ്ദേശവും കൂടി പരിഗണിച്ചായിരിക്കണം മലപ്പുറം സമ്മേളനത്തിൽ കെഎം ഷാജി മുനമ്പം വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞത്. എന്തായാലും മുനമ്പം വിഷയം മുസ്ലിം ലീഗ് പാർട്ടിയിൽ വലിയൊരു പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കുറച്ചുകാലമായി മുസ്ലിം ലീഗ് പാർട്ടി ഓരോ തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുസ്ലിം മത വിഭാഗത്തിൻറെ വലിയ ഒരു ശക്തി കേന്ദ്രമായ സമസ്തയുമായി മുസ്ലിം ലീഗ് പാർട്ടി നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന പരസ്യമായ പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട് . സമസ്തയുമായി ഉള്ള തർക്കങ്ങൾ പരിഹരിക്കുവാൻ പാണക്കാട് തങ്ങൾ തന്നെ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. മുസ്ലിം ലീഗിൻറെ ജനറൽ സെക്രട്ടറി പി എം എ സലാം സമസ്തയുടെ ഭാരവാഹികളെ സ്ഥിരമായി ആക്ഷേപിച്ചുകൊണ്ട് പ്രസംഗിക്കുകയാണ്. സലാമിന്റെ പല പ്രസ്താവനകളും സമസ്തയുടെ നേതാക്കളെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി സമസ്ത നേതാക്കൾ പാണക്കാട് തങ്ങളെ വരെ അറിയിച്ചിട്ടുണ്ട്. എന്നാൽ സലാമിന്റെയും ഇപ്പോൾ സതീശനെ തള്ളിപ്പറഞ്ഞ ഷാജിയുടെയും നീക്കങ്ങൾക്കു പിന്നിൽ മുസ്ലിം ലീഗ് പാർട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ നേതാക്കന്മാരുടെ പിന്തുണയുണ്ട് എന്ന രീതിയിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്തായാലും മുസ്ലിം ലീഗ് പാർട്ടിയിൽ മുനമ്പം വിഷയം രൂക്ഷമായ ഭിന്നതയും പ്രതിസന്ധിയും ആണ് ഉണ്ടാക്കിയിരിക്കുന്നത്. പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ നീങ്ങുന്ന മുസ്ലീം ലീഗ് പാർട്ടിയെ ഇതിൽ നിന്നും രക്ഷിക്കുവാൻ സർവ്വരും അംഗീകരിക്കുന്ന ഒരു നേതൃത്വം ഇല്ല എന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്.