കേരളത്തിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വന്നത് പുതിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും അതുപോലെ തന്നെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെയും എല്ലാ പ്രതിസന്ധികളിലും ന്യായീകരിച്ച് നടന്നിരുന്ന നേതാവാണ് എ കെ ബാലൻ. എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിൽ വൈദ്യുതി നിരക്ക് വർദ്ധന നടപ്പിലാക്കിയ വൈദ്യുതി ബോർഡിൻറെ തീരുമാനമാണ് മുൻ മന്ത്രി കൂടിയായ ബാലനെ വലിയ പ്രതിഷേധത്തിലേക്ക് എത്തിച്ചത്. സർക്കാരിൻറെ ഈ തീരുമാനം അനവസരത്തിൽ ആണെന്നും വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടവരുത്തും എന്നും വൈദ്യുതി ബോർഡിന്റെയും മന്ത്രിയുടെയും പിടിപ്പുകേടാണ് ഈ നിരക്ക് വർദ്ധനയ്ക്ക് വഴിവെച്ചത് എന്നും ഒക്കെയാണ് ബാലൻ തുറന്നു പറഞ്ഞിരിക്കുന്നത്.
വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട അപകടത്തിലേക്ക് വൈദ്യുതി ബോർഡിനെ എത്തിച്ചത് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെറ്റായ തീരുമാനങ്ങളും നയങ്ങളും ആണെന്ന് ബാലൻ വ്യക്തമാക്കി. വൈദ്യുതി ഉൽപാദകരായ പല കമ്പനികളുമായി വൈദ്യുതി ബോർഡ് ഉണ്ടാക്കിയിരുന്ന ദീർഘകാല കരാർ കഴിഞ്ഞ ഇടയ്ക്ക് ബോർഡ് റദ്ദാക്കിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഉണ്ടാക്കിയ ഈ കരാറുകൾ ക്രമപ്രകാരം ആയിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് കരാറുകൾ റദ്ദാക്കിയത്. ഇത് മന്ത്രിയുടെയും വകുപ്പ് മേധാവികളുടെയും പിടിപ്പു കേട് വ്യക്തമാക്കുന്നു എന്നാണ് ബാലൻ പറഞ്ഞത്. നിലവിലുള്ള കരാറുകൾ എന്തുകാരണത്തിന്റെ പേരിൽ റെദ്ദ് ചെയ്താലും ബദൽ സംവിധാനം മുൻകൂട്ടി കണ്ടെത്തേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ല, നിലവിലെ കരാറുകൾ റദ്ദു ചെയ്തതാണ് സംസ്ഥാനത്ത് വൈദ്യുതി ക്ഷേമത്തിനും സാമ്പത്തിക പ്രതിസന്ധിക്കും ഇടവരുത്തിയത്. ഒരു കരാർ റദ്ദാക്കുമ്പോൾ, ബന്ധപ്പെട്ടവർ അതിൻറെ പ്രത്യാഘാതം പരിശോധിക്കേണ്ടതായിരുന്നു. അത് ഉണ്ടായിട്ടില്ല എന്നും മുൻ വൈദ്യുത മന്ത്രി ബാലൻ വ്യക്തമാക്കി.
വൈദ്യുതി മന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവായ ബാലൻ രംഗത്ത് വന്നത് വൈദ്യുതി നിരക്ക് വർദ്ധനയിലുള്ള പ്രതിഷേധമല്ല എന്നും കേരളത്തിലെ സിപിഎം നേതൃത്വത്തിൽ ഉണ്ടായിട്ടുള്ള ചേരിതിരിവുകളുടെ ഭാഗമാണിതെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ആലപ്പുഴയിൽ മുൻ മന്ത്രി ജി സുധാകരനും മറ്റൊരു മുൻ മന്ത്രി തോമസ് ഐസക്കും പാർട്ടി നേതൃത്വത്തിന് എതിരെയും സർക്കാരിൻറെ നിലപാടുകൾക്ക് എതിരെയും പരസ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഈ രണ്ട് നേതാക്കന്മാരുടെയും പ്രതിഷേധങ്ങളിൽ ന്യായമുണ്ട് എന്ന തിരിച്ചറിവാണ് ആ നേതാക്കൾക്കൊപ്പം ചേരുവാൻ ബാലനെ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ കുറേ കാലമായി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി വലിയ തരത്തിലുള്ള ആരോപണങ്ങളിലും കുറ്റങ്ങളിലും പെട്ട് നിൽക്കുകയാണ്. ഈ അവസ്ഥകളിലെല്ലാം മുഖ്യമന്ത്രിയെയും സർക്കാരിനെയും ന്യായീകരിക്കാൻ ആവേശം കാണിച്ച നേതാവാണ് എ കെ ബാലൻ. ആ ബാലനാണ് ഇപ്പോൾ സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും വിമർശനങ്ങൾ നടത്തി രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിൽ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും കൊല്ലത്ത് നടക്കുന്ന സമ്മേളനം വഴി ഉണ്ടാകും. ഒരു പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന അവസരത്തിൽ നേതൃനിരയിലുള്ള മുതിർന്ന ആൾക്കാർ ചേരി തിരിയുക കഴിഞ്ഞകാലങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളതാണ്. കഴിഞ്ഞ മൂന്ന് നാല് സിപിഎം സംസ്ഥാന സമ്മേളനങ്ങളിലെ എല്ലാം കൈപ്പിടിയിൽ ഒതുക്കി നിയന്ത്രിച്ചിരുന്നത് ഇപ്പോൾ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന പിണറായി വിജയൻ ആയിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു അജയ്യ ശക്തി പിണറായിക്ക് ഇല്ല. അദ്ദേഹത്തോട് ഒപ്പം നിന്നിരുന്ന മുതിർന്ന പല നേതാക്കളും കടുത്ത വൈരാഗ്യവുമായി പിണറായി വിരുദ്ധരായി അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി സമ്മേളനം വന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പിണറായി വിരുദ്ധരുടെ പുതിയ ഒരു വിമത വിഭാഗം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ രൂപപ്പെട്ടിട്ടുള്ള വിമത വിഭാഗത്തിലേക്കാണ് ബാലൻ കൂടി കടന്നു വരുന്നത്. നിലവിൽ ജി സുധാകരനും തോമസ് ഐസക്കും എം എ ബേബിയും അതുപോലെതന്നെ ഈ പി ജയരാജനും ഒക്കെ ഉള്ള ഒരു കൂട്ടായ്മ ശക്തിപ്പെടുകയും സമ്മേളന വേദിയിൽ തെരഞ്ഞെടുപ്പ് അവസരത്തിൽ ഭാരവാഹികൾ ആകാൻ കടുത്ത മത്സരം രൂപപ്പെടുകയും ചെയ്യും എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്