കേരളത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ വ്യാപകമായി കൊഴുത്തു വളർന്ന ഒരു വ്യവസായമാണ് ആശുപത്രി ബിസിനസ്. സ്വകാര്യ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പല വൻകിട ആശുപത്രികളും പകൽ കൊള്ളയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരെ കേന്ദ്രസർക്കാരിൻറെ ചികിത്സാസഹായ പദ്ധതികളുടെ തണലിൽ, ആരോഗ്യമുള്ള ആൾക്കാരെ പോലും മാരകരോഗികൾ ആക്കി വലിയ ചികിത്സയും ഓപ്പറേഷനുകളും നടത്തി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഫൈവ് സ്റ്റാർ സ്റ്റൈലിൽ ആഡംബര സൗകര്യങ്ങൾ ഉള്ള സ്വകാര്യ ആശുപത്രികൾ ഇപ്പോൾ എല്ലാ ജില്ലയിലും ഉണ്ട്. ഏറ്റവും വലിയ ലാഭം ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന വൻകിട ബിസിനസ്സായി ആതുര ശുശ്രൂഷ മേഖല മാറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കേന്ദ്രസർക്കാരിൻറെ ആരോഗ്യ പരിരക്ഷ പദ്ധതിയിൽ അംഗമായിരുന്ന രോഗിയെ അനാവശ്യ ചികിത്സ നടത്തി. ഒടുവിൽ മരണത്തിലേക്ക് എത്തിയപ്പോൾ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ രംഗത്ത് നടക്കുന്ന വമ്പൻ പകൽ കൊള്ളകൾ പുറത്തുവന്നത് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 112 പേർ അനാവശ്യ ചികിത്സയ്ക്ക് വിധേയരായി മരണപ്പെട്ടു എന്നാണ് പറയുന്നത്. പ്രധാനമന്ത്രി ജന ആരോഗ്യ യോജന എന്ന പദ്ധതിയിൽ അംഗമാകുന്നവർക്ക് മാരക രോഗങ്ങൾ ചികിത്സിക്കുന്നതിന് ഹൃദയശസ്ത്രക്രീയയുൾപ്പെടെ നടത്തുന്നതിന് എല്ലാ ചെലവുകളും കേന്ദ്രസർക്കാർ വഹിക്കുന്ന പദ്ധതിയെയാണ് ഉപയോഗപ്പെടുത്തി കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്. ഹൃദയസംബന്ധമായ ചെറിയ അസുഖങ്ങൾക്ക് ചികിത്സിക്കാൻ എത്തുന്നവരെ ആധുനിക ഹൃദയശാസ്ത്രക്രിയ സംവിധാനമായ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഏർപ്പാടാണ് സ്വകാര്യ ആശുപത്രികൾ നടത്തുന്നത്. ചെറിയതോതിലുള്ള രോഗവും ആയി എത്തുന്ന രോഗിയെ ഒന്നോ രണ്ടോ ദിവസം സാധാരണ ചികിത്സയ്ക്കായി കിടത്തിയശേഷം രോഗം വർദ്ധിച്ചു എന്ന് പറഞ്ഞ് ഐസിയുവിലും വേണ്ടിവന്നാൽ വെന്റിലേറ്ററിലും വരെ കിടത്തി അതിൻറെ വലിയ തുക ഈടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതികളും നടന്നുവരുന്നുണ്ട്.
കേന്ദ്രസർക്കാരിൻറെ ഈ ചികിത്സാ പദ്ധതി പ്രകാരം പണം നേടിയെടുത്ത സ്വകാര്യ ആശുപത്രികളിലെ പരിശോധനകളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അഹമ്മദാബാദിൽ മാത്രം 8500 രോഗികൾ ഈ പദ്ധതിയിൽ അംഗങ്ങളായി ചികിത്സ തേടി. ഇതിൽ നല്ലൊരു വിഭാഗം രോഗികൾക്ക് യാതൊരു ആവശ്യവും ഇല്ലാതെ ശസ്ത്രക്രിയ നടത്തി, അതിൻറെ വലിയ തുക പദ്ധതിയിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേന്ദ്രസർക്കാരിൻറെ ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ, അംഗങ്ങളായിട്ട് നല്ലൊരു ശതമാനം രോഗികൾ മാറിക്കഴിഞ്ഞിട്ടുണ്ട് ഇതിനുപുറമെയാണ് രാജ്യത്ത് പ്രവർത്തിച്ചുവരുന്ന സ്വകാര്യ മെഡി ക്ലെയിം കമ്പനികളുമായി സഹകരിച്ചുകൊണ്ട് കേരളത്തിൽ പോലും സ്വകാര്യ ആശുപത്രികൾ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസ് തട്ടിപ്പുകൾ.
ക്യാൻസർ രോഗം, ഹൃദയരോഗം, കരൾ രോഗം, കിഡ്നി രോഗം തുടങ്ങിയ വലിയ ചികിത്സാ ചെലവുകൾ വരുന്ന രോഗികളെ കണ്ടെത്തി അവർ ഇൻഷുറൻസ് ക്ലെയിം പദ്ധതിയിൽ അംഗമാണ് എന്ന ബോധ്യപ്പെട്ടാൽ എല്ലാത്തരത്തിലും വലിയ തുക ഈടാക്കാൻ കഴിയുന്ന ചികിത്സാരീതികളിലേക്ക് രോഗികളെ മാറ്റുകയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ പല ജില്ലകളിലും ശാഖകളുമായി പ്രവർത്തിക്കുന്ന ആഡംബര സൗകര്യങ്ങളുള്ള വൻകിട ആശുപത്രികൾ ഇത്തരം പകൽ കൊള്ളയിൽ മുന്നിൽ നിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. നിസ്സാര രോഗങ്ങൾക്ക് പോലും ചികിത്സ തേടിയെത്തുമ്പോൾ രോഗികളോട് ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ഉണ്ടെങ്കിൽ രോഗിയിൽ നിന്നും വലിയ തുക ഈടാക്കിയെടുക്കാൻ കഴിയുന്ന വലിയ ചികിത്സകളിലേക്ക് മാറ്റുന്ന തട്ടിപ്പാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള രോഗങ്ങളുടെ ചികിത്സാ ഏർപ്പാടിൽ നടക്കുന്ന പകൽ കൊള്ളയും ആശുപത്രി മാനേജ്മെന്റുകൾ മാത്രമല്ല ഡോക്ടർമാരും ഒപ്പം പങ്കുചേരുന്നു എന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിൻറെ പിന്നിലും വമ്പൻ കൊള്ളയാണ് എന്നും പറയപ്പെടുന്നു. ചെറിയ രോഗികൾക്ക് പോലും ആരോഗ്യ പരിരക്ഷ പദ്ധതിയുടെ വലിയ തുകയെ തിരിച്ചറിയുകയും അതിൻറെ തോത് അനുസരിച്ച് വലിയ ചികിത്സ നൽകിയതായി രേഖകൾ തയ്യാറാക്കി ഇൻഷുറൻസ് ക്ലെയിം നേടിയെടുക്കുന്ന രീതിയിലാണ് ഈ സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ അമിതമായി രോഗികളിൽ നിന്നും പദ്ധതി പ്രകാരം ഈടാക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം തുക ചികിത്സിക്കുന്ന ഡോക്ടർമാർക്ക് നൽകുന്നു എന്ന തട്ടിപ്പ് വിവരവും പുറത്തുവരുന്നുണ്ട്. യഥാർത്ഥത്തിൽ മാരക രോഗങ്ങൾ ഉണ്ടാവുകയും അതിലെ ചികിത്സക്കായി എത്തുന്ന രോഗികളെ രക്ഷിക്കാനുള്ള ചികിത്സ നടത്തുകയും ചെയ്യുന്നതിന് പകരം മാരകരോഗങ്ങൾ ഇല്ലാതെ എത്തുന്ന രോഗികൾക്ക് വലിയ വലിയ ഓപ്പറേഷനുകൾ അടക്കമുള്ള ചികിത്സകൾ നടത്തിയതായി രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് തുടരുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പുകൾ മാന്യമായി നടത്തി പോകുന്നതിന് അനുകൂലമായ ഒരു സാഹചര്യമാണ് ആശുപത്രികളും രോഗികളും തമ്മിലുള്ള ഇടപാടിൽ നിലനിൽക്കുന്നത്. ഏതെങ്കിലും ഒരു രോഗബാധ ഉണ്ടായാൽ, അത് എത്രകണ്ട് ദോഷകരമാണ് എന്നോ അതിന് ഏതു വിധത്തിലുള്ള മരുന്നും ചികിത്സയും ആണ് നടത്തേണ്ടതെന്നോ ചികിത്സയ്ക്ക് എത്തുന്ന രോഗിക്കോ ബന്ധുക്കൾക്കോ ഒരിക്കലും അറിയാൻ കഴിയില്ല. ഇത്തരത്തിലുള്ള അജ്ഞത മുതലെടുത്തുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ രോഗികൾക്കുമേൽ പകൽക്കൊള്ള നടത്തുന്നതിന് തയ്യാറാവുന്നത്. ഏതായാലും ഉത്തരേന്ത്യയിൽ മാത്രമല്ല ആരോഗ്യ രംഗത്ത് വളരെ ഉയരത്തിൽ എത്തിയിട്ടുള്ള ഒരു സംസ്ഥാനമായി നിൽക്കുന്ന കേരളത്തിലും ആശുപത്രികൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നു എന്നത് പുതിയ ഒരു അറിവല്ല. കേന്ദ്രസർക്കാരിന്റെയും സ്വകാര്യ മെഡിക്ലെയിം കമ്പനികളുടെയും രോഗികൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതികൾ മുതലെടുത്തുകൊണ്ടാണ് സ്വകാര്യ ആശുപത്രികൾ തട്ടിപ്പിന് തയ്യാറാകുന്നത്. അവയവദാനത്തിന്റെ പേരിൽ പാവപ്പെട്ട രോഗികളെ കബളിപ്പിക്കുകയും വിദേശികൾക്കും വരെ അവയവദാനം നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിൻറെ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നത് വാർത്തയായി പുറത്തുവന്നപ്പോൾ എല്ലാരും ഞെട്ടിയതാണ്. ഈ അവയവദാന കൊള്ളത്തേക്കാൾ അപകടകരമായ പകൽ കൊള്ളയാണ് കേരളത്തിലെ പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്നത്.