കുറേ നാളുകളായി സമസ്ത നേതൃത്വവും മുസ്ലിം ലീഗ് പാർട്ടിയും തമ്മിലുള്ള ഭിന്നതകൾ, ഓരോ ദിവസം കഴിയുന്തോറും രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മുസ്ലിം ലീഗ് നേതൃത്വം മുസ്ലിം മത വിഭാഗത്തെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളിൽ കാണിക്കുന്ന അയഞ്ഞ നിലപാടുകൾ എതിർക്കാൻ സമസ്ത നേതാക്കന്മാരുടെ ഒരു വിഭാഗം രംഗത്ത് വന്നതോടുകൂടിയാണ് ലീഗ് പാർട്ടിയും, സമസ്തയും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായത്. സമസ്തയുടെ ഭാരവാഹികൾ രണ്ടു തട്ടുകളിലായി ആരോപണ പ്രത്യാരോപണ രീതിയുമായി മുന്നോട്ടുപോവുകയാണ്. മുസ്ലീം ലീഗ് എന്ന പാർട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി യാതൊരു ബന്ധവും വേണ്ട എന്ന് വാദിക്കുന്ന സമസ്തയിലെ ഒരു വിഭാഗം നേതാക്കളാണ് പുതിയ പ്രതിസന്ധി ഉണ്ടാക്കിയത്. സമസ്ത നേതൃത്വത്തിനെതിരെ ആദ്യം കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തുവന്നത്, മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പി എം എ സലാം ആയിരുന്നു. ഇതോടുകൂടി സമസ്ത – ലീഗ് ബന്ധം വഷളായപ്പോൾ പ്രശ്നപരിഹാരത്തിനായി ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖ് അലി ശിഹാബ് തങ്ങൾ നേരിട്ട്തന്നെ രംഗത്ത് വന്നെങ്കിലും അതൊന്നും ഒരു ഫലവും ഉണ്ടാക്കിയില്ല.
സമസ്ത പിളരുകയും പ്രതിസന്ധിയിൽ ആവുകയും ചെയ്താൽ, അതിൻറെ ദൂഷ്യഫലങ്ങൾ മുസ്ലിം ലീഗ് പാർട്ടിക്കും ഉണ്ടാകും എന്ന തിരിച്ചറിവ് കൊണ്ട് ലീഗ് നേതാക്കൾ അനുരഞ്ജന നീക്കവുമായി കടന്നെങ്കിലും ആ ശ്രമങ്ങളും ഇന്നലെ പരാജയപ്പെട്ടു. സമസ്തയുടെ സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം എടുത്ത്, പാണക്കാട് വെച്ച് സാദിഖ് അലി തങ്ങളുടെ അധ്യക്ഷതയിൽ അനുരഞ്ജന ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും സമസ്തയിലെ വിമതവിഭാഗം നേതാക്കൾ യോഗം ബഹിഷ്കരിക്കുകയാണ് ചെയ്തത്.
ഇപ്പോൾ ഏറ്റവും ഒടുവിൽ മുസ്ലിം ലീഗ് എന്ന പാർട്ടിയും സമസ്ത എന്ന മുസ്ലിം മത സ്ഥാപനവും വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നത്. സമസ്തയും വിഭാഗീയതയുടെ പേരിൽ പ്രതിസന്ധിയിൽ ആയപ്പോൾ, സമസ്തയുമായുള്ള ബന്ധത്തിൻറെ പേരിൽ മുസ്ലിം ലീഗ് പാർട്ടിയിലും ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. ലീഗ് നേതൃത്വത്തിൽ ഒരു വിഭാഗം, സമസ്തസംസ്ഥാന നേതാക്കളുടെ നിലവിട്ട പ്രസ്താവനകളും ലീഗ് വിരുദ്ധ ആഹ്വാനങ്ങളും തടയണമെന്നും, പ്രതിഷേധിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഓരോ നേതാക്കളുടെയും പ്രസ്താവനകളും പ്രസംഗങ്ങളും രണ്ടു സംഘടനകളിലും കൂടുതൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയാണ്.
മുസ്ലിം ലീഗ് പാർട്ടിയും, സമസ്ത സംഘടനയും അതിരുകൾ വിടുന്ന പ്രതിസന്ധിയിലേക്ക് എത്തുന്ന അവസരത്തിലാണ് മുനമ്പം വഖഫ് വിഷയം കടന്നുവന്നത്. മുനമ്പത്ത് ഇപ്പോൾ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലെ വസ്തുക്കൾ വഖഫ് ഭൂമിയാണ് എന്നും, അത് ഒഴിവാക്കിത്തരണം എന്നും കാണിച്ചുകൊണ്ട് സ്‌ഥലവാസികൾക്ക് നോട്ടീസ് ലഭിച്ചതിന്റെ പിന്നാലെയാണ് വലിയ സമരം അരങ്ങേറിയത്. ഈ വിഷയത്തിൽ ശരിയും തെറ്റും വിളിച്ചു പറയാൻ കഴിയാത്ത ഗതികേടിലാണ് മുസ്ലിം ലീഗ് പാർട്ടി എത്തിയത്. ആദ്യഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുസ്ലിം ലീഗ്, ഒടുവിൽ വഖഫ് ഭൂമിയാണ് എന്ന രീതിയിലുള്ള പ്രസ്താവനകളുമായി രംഗത്തുവന്നു. അപ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവിടെ നടന്ന സമ്മേളനത്തിൽ മുനമ്പത്ത് വഖഫ് ഭൂമി ഇല്ല എന്നും, ഈ വസ്തുക്കളെല്ലാം അവിടുത്തെ ജനങ്ങൾ വിലയ്ക്ക് വാങ്ങിയതാണ് എന്നുമുള്ള പരസ്യമായ പ്രഖ്യാപനം നടത്തിയത്. സതീശന്റെ പ്രസ്താവനയെ നിമിഷങ്ങൾക്കുള്ളിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി കർക്കശമായ ഭാഷയിൽ എതിർത്തു. ഈ വാർത്ത പുറത്തുവന്നപ്പോൾ, സതീശന്റെ നിലപാട് അംഗീകരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി ഒരു പ്രസ്താവനയുമായി വന്നു. തൊട്ടു പിറകെ ലീഗിൻറെ മുതിർന്ന നേതാവ് മുഹമ്മദ് ബഷീർ, ഷാജിയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറഞ്ഞ് പരസ്യപ്രസ്താവന നടത്തി. ഇത്തരത്തിൽ മുനമ്പം വിഷയം കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടിയുടെ നേതൃനിരയിൽ വിള്ളൽ ഉണ്ടാക്കി നിൽക്കുമ്പോഴാണ്, മറ്റൊരു കടുത്ത പ്രതിസന്ധിയായി സമസ്ത വിഷയം കടന്നുവന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയുടെ ശക്തമായ ഒരു അടിത്തറയാണ് സമസ്ത. ഈ സംഘടനയുടെ നേതാക്കളുമായും പ്രവർത്തകരുമായും അടുപ്പം പുലർത്തിക്കൊണ്ട് തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയിരുന്നത് മുസ്ലിം ലീഗാണ്. അങ്ങനെയുള്ള സമസ്തയിൽ പിളർപ്പു പോലും ഉണ്ടാക്കുന്ന രീതിയിലുള്ള ഭിന്നത ശക്തമായത് ലീഗിനെ വീണ്ടും പ്രതിസന്ധിയിൽ ആക്കി. അതുകൊണ്ട് തന്നെയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് തങ്ങൾ മുൻകൈയെടുത്ത് സമസ്ത നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്താൻ മുന്നോട്ടുവന്നത്.
മലപ്പുറത്ത്, പാണക്കാട് തങ്ങളുടെ അധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ച അനുരഞ്ജന ചർച്ചയിൽ നിന്നും, സമസ്തയുടെ നേതൃനിരയിലുള്ള ഭൂരിഭാഗം ആൾക്കാരും വിട്ടുനിൽക്കുന്ന സാഹചര്യം ഉണ്ടായത്; തങ്ങൾക്കും മുസ്ലിം ലീഗ് പാർട്ടിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സമസ്ത പ്രസിഡൻറ് മുത്തുക്കോയ തങ്ങൾ സമസ്തയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലായെന്നും, വലിയ ഒരു സംഘടന ആയതിനാൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും, അതെല്ലാം ചർച്ചയിലൂടെ പരിഹരിച്ചിട്ടുള്ള അനുഭവമാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നും മുത്തുകോയ തങ്ങൾ വിശദീകരിച്ചു. എന്നാൽ ഈ അനുരഞ്ജന യോഗത്തിൽ നിന്നും വിട്ടുനിന്ന സമസ്തയുടെ പ്രസിഡൻറ് ഒഴികെയുള്ള മറ്റ് ഭാരവാഹികൾ മുസ്ലിം ലീഗ് നേതൃത്വവുമായി ഒരു ചർച്ചക്കും ഞങ്ങൾ തയ്യാറല്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
കേരളത്തിലെ മുസ്ലിം മത വിശ്വാസികളിൽ ഭൂരിഭാഗം ആൾക്കാരുടെയും പങ്കാളിത്തവും പ്രാതിനിധ്യവും ഉള്ളതാണ് മുസ്ലിം ലീഗ് എന്ന പാർട്ടിയിലും സമസ്ത എന്ന മത സംഘടനയിലും. ഈ രണ്ട് പ്രസ്ഥാനങ്ങളും സമീപകാലത്ത് ഒരിക്കലും നേരിടാത്ത കടുത്ത പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിടുന്നത്. ചർച്ചകൾക്ക് പോലും തയ്യാറാകാതെ, ലീഗ് പാർട്ടിയിലെയും സമസ്ത നേതൃത്വത്തിലേയും രണ്ടുപേരുകൾ തുറന്നപോര് നടത്തുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും, അതുപോലെതന്നെ ഒരു വർഷത്തിനുശേഷം നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കുമ്പോൾ മുസ്ലിം ലീഗ് പാർട്ടിയെ ആകെ വിഷമത്തിൽ ആക്കുന്ന പ്രശ്നമാണ് വാസ്തവത്തിൽ സമസ്തയിൽ ചുറ്റിപ്പറ്റി നിൽക്കുന്നത്. മുൻകാലങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിയിലും മുസ്ലിം മത സംഘടനകളിലും ഉണ്ടാകുന്ന ഏത് രൂക്ഷമായ തർക്കങ്ങളും, പാണക്കാട് തങ്ങളുടെ മുന്നിൽ എത്തിയാൽ അതെല്ലാം പരിഹരിക്കപ്പെടുകയും തങ്ങളുടെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടായിരുന്നു. അതെല്ലാം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന രീതിയിലുള്ള അനുഭവങ്ങളാണ് സമസ്തയിലെ തർക്കവും ലീഗ് പാർട്ടിയിലെ ഭിന്നതകളും വെളിപ്പെടുത്തുന്നത്.