യൂത്ത് കോൺഗ്രസിൽ തമ്മിലടി ശക്തമാകുന്നു

ഷാഫിക്കെതിരെ നേതാക്കളുടെ തണലിൽ പടയൊരുക്കം

ടതുപക്ഷ സർക്കാരിനെതിരായ ജനവികാരം ശക്തമായതോടുകൂടി, തെരഞ്ഞെടുപ്പ് വിജയവും പാർട്ടി പ്രവർത്തകരുടെ ആവേശവും ശക്തിപ്പെട്ട, കേരളത്തിലെ കോൺഗ്രസിനകത്ത് വീണ്ടും തകർച്ചയുടെയും തളർച്ചയുടെയും ലക്ഷണങ്ങൾ തുടങ്ങിയിരിക്കുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ, ഭാരവാഹി പുനഃസംഘടന ആയിരുന്നു നേതാക്കൾക്കിടയിൽ ഗ്രൂപ്പുകൾ ശക്തിപ്പെടാൻ കാരണമായതെങ്കിൽ, ഇപ്പോൾ അതിനുമേൽ വലിയ പ്രതിസന്ധിയായി യൂത്ത് കോൺഗ്രസിനകത്തുള്ള നേതാക്കന്മാരുടെ ചേരിതിരിവുകളും തമ്മിലടിയും മാറിയിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക്, എല്ലാകാലത്തും ഉണർവും ഊർജ്ജവും പകരുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

പാർട്ടിയുടെ നട്ടെല്ല് എന്ന് പറയാവുന്ന യൂത്ത് കോൺഗ്രസിനകത്ത് അടുത്തകാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ രണ്ട് തട്ടുകളിലായി അണിനിരന്നു കൊണ്ട്, പരസ്പരം പോരടിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. ഈ ചേരിതിരിവുകൾക്ക് പിന്നിൽ മുതിർന്ന നേതാക്കളുടെ പ്രേരണയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സമീപകാലത്ത് പാർട്ടിയിൽ ശക്തരായി മാറിയ സതീശൻ – ഷാഫി പറമ്പിൽ കൂട്ടുകെട്ടുകൾക്കെതിരെയാണ് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

കേരളത്തിലെ കോൺഗ്രസുകാരുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന അന്തരിച്ച ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതിയ കലാപത്തിന് തുടക്കം കുറിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ, വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ എന്നീ മൂന്ന് നേതാക്കൾ സ്വന്തം ഗ്രൂപ്പ് കൂട്ടരെ മാത്രം ഒരുക്കിനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു എന്നും, ഭാരവാഹികൾ അടക്കമുള്ള മറ്റു പലരും തഴയപ്പെട്ടുവെന്നുമാണ് ഈ വിഭാഗം ആരോപിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ, നേതൃനിരയിലുള്ളവരുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കേന്ദ്ര നേതാക്കൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിലും, അതൊന്നും ഇവിടുത്തെ നേതാക്കൾ കണ്ട ലക്ഷണം പോലും കാണിച്ചിട്ടില്ല. കേരളത്തിലെ നിലവിലുള്ള മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, കെ സുധാകരൻ, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കളാണ്, പഴയ രീതിയിൽ ഗ്രൂപ്പിൽപെട്ടു നിൽക്കുന്ന അണികളെ ഒപ്പം നിർത്തി പ്രവർത്തനം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്.

നിലവിലെ കെപിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നും, മാറ്റം വേണ്ടെന്നും രണ്ടു വിഭാഗങ്ങൾ പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തർക്കത്തിൽ, പാർട്ടി പ്രതിസന്ധിയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ഭാരവാഹികൾ പരസ്പരം കലഹിക്കുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. ഷാഫി പറമ്പിലും നിലവിലെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലും, സ്വന്തം അണികളെ മാത്രം പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് എതിർ വിഭാഗത്തിന്റെ പരാതി. ഇപ്പോൾ നേതാക്കൾക്കെതിരെ വിമത സ്വരം ഉയർത്തിയിരിക്കുന്ന ചാണ്ടി ഉമ്മനു പിന്നിൽ, മുതിർന്ന പഴയ എ വിഭാഗം നേതാക്കളുണ്ടെന്നും പറയപ്പെടുന്നു. ഈ നേതാവടക്കമുള്ള പഴയ എ വിഭാഗം ആൾക്കാരെ, ഷാഫി പറമ്പിലും കൂട്ടരും ഒതുക്കി നിർത്തിയതാണ് ഇത്തരത്തിലുള്ള നീക്കത്തിന് വഴിയൊരുക്കിയത്.
ഉമ്മൻചാണ്ടിയുടെ വേർപാടിന് ശേഷം കേരളത്തിൽ ശക്തമായി നിന്നിരുന്ന കോൺഗ്രസിലെ എ ഗ്രൂപ്പ്, ഏതാണ്ട് തളർച്ചയിലേക്ക് എത്തിയിരുന്നതാണ്. ഗ്രൂപ്പിൻറെ മുതിർന്ന നേതാക്കൾ ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, പി സി വിഷ്ണുനാഥ്, ബെന്നി ബഹനാൻ തുടങ്ങിയവരെല്ലാം പഴയ ഒത്തൊരുമയിൽ അല്ല!! ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ പ്രതിസന്ധികളിൽ ഒറ്റക്കെട്ടായുള്ള നീക്കത്തിന് സാധ്യതയില്ലാതെ വരികയും ചെയ്തു.
കേരളത്തിലെ കോൺഗ്രസിനകത്തുള്ള, നേരിട്ടുള്ള പോഷക സംഘടനകൾ ആയ യൂത്ത് കോൺഗ്രസും കെ എസ് യു വും കഴിഞ്ഞ കുറേക്കാലമായി, എ ഗ്രൂപ്പ് നേതാക്കളുടെ കൈപ്പിടിയിലാണ്. പിന്നീട് മഹിളാ കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡണ്ടിനെ കണ്ടെത്തുന്ന അവസരത്തിലും,നല്ല സ്വാധീനം ചെലുത്തി. ആ സ്ഥാനവും എ ഗ്രൂപ്പ് കയ്യടക്കുകയാണുണ്ടായത്. എന്നാൽ ഇതിനെതിരെ , പാർട്ടിയിൽ ഭിന്നിച്ചു നിന്ന ഐ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി നീക്കങ്ങൾ നടത്തുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണ് ഡിസിസി പ്രസിഡണ്ട്മാരെ പുതിയതായി നിയമിക്കുന്ന അവസരത്തിൽ, വലിയ ശക്തമായ ഇടപെടൽ നടത്തി, പാർട്ടിയുടെ ദേശീയ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കൂടി സഹായത്തോടെ, ആകെയുള്ള 14 ഡിസിസി പ്രസിഡണ്ട് സ്ഥാനങ്ങളിൽ 8 സ്ഥാനവും ഐ വിഭാഗം നേടിയെടുക്കുന്ന സ്ഥിതി ഉണ്ടാക്കിയത്.. ഇതോടുകൂടിയാണ് എ വിഭാഗത്തിന് ക്ഷീണമായത്.

ഇപ്പോൾ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ, യൂത്ത് കോൺഗ്രസിനകത്ത് ഉരുണ്ടുകൂടിയിട്ടുള്ള ഭിന്നതകൾ, മുതിർന്ന നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, ഗ്രൂപ്പ് സംരക്ഷണത്തിൽ നിന്നും മാറി ചിന്തിക്കുവാൻ ഒരു നേതാവും തയ്യാറായിട്ടില്ല. മാത്രവുമല്ല; പുതിയ ചേരിതിരിവും പ്രതിസന്ധിയും അനുസരിച്ച്, യൂത്ത് കോൺഗ്രസിൻറെ പരമാവധി ഭാരവാഹികളെ ഒപ്പം നിർത്താനുള്ള രഹസ്യ നീക്കങ്ങൾ മുതിർന്ന ഗ്രൂപ്പ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുകയുമാണ്. യൂത്ത് കോൺഗ്രസിൻറെ ജില്ലാ പ്രസിഡണ്ടുമാരിൽ ഭൂരിഭാഗവും എ ഗ്രൂപ്പിൽപ്പെട്ടവരായിരുന്നെങ്കിലും, ഇപ്പോൾ ചിലരെല്ലാം കാലുമാറി പല ഗ്രൂപ്പുകളിലായി നിൽക്കുകയാണ്. ഈ നേതാക്കളെയാണ്, ഒപ്പം നടത്താനുള്ള നീക്കങ്ങൾ മുതിർന്ന നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം, അടുത്ത ഒന്നര കൊല്ലക്കാലം സുപ്രധാനമായ തിരഞ്ഞെടുപ്പ് സമയമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും അതിനു ശേഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, യൂത്ത് കോൺഗ്രസിനകത്തുണ്ടായിട്ടുള്ള കലാപം, പാർട്ടിയുടെ ദേശീയ നേതാക്കളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.

കോൺഗ്രസ് പ്രസിഡണ്ടും കേരളത്തിൻറെ ചുമതലയിലുള്ള ദീപ ദാസ് മുൻഷിയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണുന്നില്ല. ദേശീയ നേതാക്കൾ എന്ന് പറയുന്ന പലരേക്കാളും സീനിയറായ കോൺഗ്രസ് നേതാക്കളാണ്, കേരളത്തിൽ ഗ്രൂപ്പുകളെ നയിക്കുന്നത്. അതുകൊണ്ടുതന്നെ, താഴെത്തട്ടിൽ ഉള്ള കേന്ദ്ര നേതൃത്വം പറയുമ്പോൾ, നിസ്സാരമായിക്കണ്ട് തള്ളിക്കളയുന്ന ശൈലിയാണ് പലപ്പോഴും കേരള നേതാക്കൾ കാണിക്കാറുള്ളത്. അച്ചടക്കം വേണമെന്നും, പരസ്യപ്രസ്താവനകൾ പാടില്ല എന്നും ഒക്കെ കോൺഗ്രസ് ഹൈകമാൻഡ് ആവർത്തിച്ച് ഉത്തരവിടുന്നുണ്ടെങ്കിലും ഇതൊന്നും ഒരു കേരള നേതാവും ഗൗരവമായി കാണുന്നില്ല എന്നതാണ് വാസ്തവം.