മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്‍റെ പുതിയ എപ്പിസോഡാണോ ഈ ‘കരുതലും കൈത്താങ്ങു’മെന്ന് വി.ടി. ബല്‍റാം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് വിവരം. അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുകയെന്ന് ബല്‍റാം ചോദിച്ചു.
പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട് അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചർച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം വിമർശനം ആരംഭിച്ചത്. വിവാദമായപ്പോള്‍ മന്ത്രി പരാമർശം പിൻവലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാർമ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന സർക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കല്‍ പരിപാടിയുടെ ഉത്തരവ് കാണുന്നത്. എന്തൊക്കെ പരാതിക്കാണ് ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട് തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ് ലിസ്റ്റ് സർക്കാർ ഉത്തരവില്‍ തന്നെ ഉണ്ട്. രസകരമാണ് അതിലെ കാര്യങ്ങളെന്നും ബല്‍റാം പരിഹസിച്ചു.