ഓരോ ദിവസം കഴിയുംതോറും കേരളത്തിലെ റോഡുകളിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളുടെയും മരണങ്ങളുടെയും കണക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ജനസാന്ദ്രത ഏറെ ഉള്ളതിനാൽ, അതിനനുസരിച്ച് വാഹനങ്ങളും പെരുകി വരികയാണ്. അതുകൊണ്ടുതന്നെ ഹൈവേകളിലും ഇടറോടുകളിലും വരെ വാഹനങ്ങൾകൊണ്ട് നിറയുന്ന സ്ഥിതിയുമുണ്ട്. ഹൈവേകളിൽ അടക്കം റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, ഗതാഗത നിയമലംഘനം കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനും വേണ്ടിയാണ്, സംസ്ഥാനത്ത് എല്ലായിടത്തുമായി സർക്കാർ എ ഐ ക്യാമറകൾ സ്ഥാപിച്ചത്. 320 കോടിയോളം രൂപ ചെലവാക്കി, കെൽട്രോണിന്റെ സഹായത്തോടുകൂടി നടപ്പിലാക്കിയ ഈ പദ്ധതി കൊണ്ട് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് തന്നെ പുറത്തുവിട്ട കണക്കുകളിൽ നിന്നും മനസ്സിലാവുന്നത്. ഈ വർഷം ഒക്ടോബർ അവസാനം വരെ, കേരളത്തിൽ റോഡ് അപകടങ്ങളിൽ 3168 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് പോലീസിൻറെ കണക്കുകളിൽ നിന്നും മനസ്സിലാക്കുന്നത്, എന്ന്പറഞ്ഞാൽ; കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറ സംവിധാനം ട്രാഫിക് നിയന്ത്രണത്തിന് അല്ലെങ്കിൽ അപകട നിയന്ത്രണത്തിനും ഒരു ഗുണവും ചെയ്തില്ല എന്നാണ് വ്യക്തമാക്കുന്നത്.
സംസ്ഥാന പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ കേരളത്തിലെ എല്ലായിടത്തെയും റോഡുകളിൽ ആയി 40,821 അപകടങ്ങൾ നടന്നു കഴിഞ്ഞു. 2023ലെ കണക്കുകൾ പ്രകാരം റോഡ് അപകടങ്ങളിൽ 4080 മരണങ്ങൾ സംഭവിച്ചു എന്നും തെളിയുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ ആണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 355 അപകടങ്ങളിൽ 377 പേർ ആലപ്പുഴയിൽ മരണം വരിച്ചു, വിവിധ റോഡപകടങ്ങളിൽ 5100 പേർക്ക് പരിക്കു പറ്റുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
2022ൽ കേരളത്തിൽ 43910 റോഡ് അപകടങ്ങൾ ഉണ്ടാവുകയും 4317 പേർ മരണമടയുകയും ചെയ്തിരുന്നു 49307 പേർക്കാണ് അപകടങ്ങളിൽ പരിക്കുപറ്റി ചികിത്സ നടത്തിയത് . 2023 ആയപ്പോഴേക്കും 48009 റോഡ് അപകടങ്ങളിൽ പെട്ട് 4080 ആൾക്കാർ മരണമടഞ്ഞു. 54,320 പേർക്ക് അപകടങ്ങളിൽ പരിക്കു പറ്റുകയും ചെയ്തു.
കേരളത്തിൽ റോഡപകടങ്ങളിൽ മുഖ്യ കാരണമായി കണ്ടെത്തിയിട്ടുള്ളത് വാഹനം ഓടിക്കുന്നതിൽ കാണിക്കുന്ന അമിതവേഗം ആണ്. രണ്ടാമതായി അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെയാണ്. സമീപകാലത്തായി കേരളത്തിൽ കൂടുതലും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ആൾക്കാരിലൂടെയാണ് റോഡപകടങ്ങളുണ്ടാകുന്നത്. ഇതിൽ തന്നെ ഭൂരിപക്ഷം അപകടങ്ങളും, ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കുന്നതും അമിതവേഗം, ഓവർടേക്കിങ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയുമാണ്. ഇത്തരത്തിൽ ഇരുചക്രവാഹന അപകടങ്ങളിൽ മരണപ്പെടുന്നത് കൂടുതലും യുവതി യുവാക്കൾ ആണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. അതുപോലെതന്നെ മറ്റൊരു പ്രത്യേകത, അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത് രാത്രികാലങ്ങളിൽ ആണെന്നതാണ്. ഗതാഗത നിയമപ്രകാരം എതിരെ വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാതെ ഓടിക്കുന്നതും അപകടകാരണമായി പറയുന്നുണ്ട്. എന്നാൽ അപകടങ്ങളിൽ യുവാക്കളുടെ കാര്യത്തിൽ കൂടുതലും സംഭവിക്കുന്നത് അമിതവേഗം വഴിയാണ് എന്നത് വ്യക്തമാണ്.
ഹൈവേകളിൽ അടക്കം ഓടിക്കുന്ന വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനും, അവർക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി ശിക്ഷിക്കുന്നതിനും, ആട്ടോമാറ്റിക് സംവിധാനം എന്ന രീതിയിലാണ് ഹൈവേകളിൽ എല്ലായിടത്തും സർക്കാർ എ ഐ ക്യാമറകൾ സ്ഥാപിച്ചത്. ഈ സംവിധാനം ഇപ്പോൾ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നുള്ള വാർത്തകൾ പുറത്തു വന്നിട്ട് നാളുകളായി. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നോട്ടീസ് അയക്കാൻ പോലും, അത് നടത്തേണ്ട റോഡിന് സർക്കാർ പണം നൽകുന്നില്ല എന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കുറ്റക്കാർക്ക് എതിരെ നോട്ടീസ് അയക്കുന്ന സംവിധാനം നിർത്തിയ സ്ഥിതിയിലാണ്. പകരമായി ഇപ്പോൾ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ, വാഹന ഉടമകളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മെസ്സേജ് കൈമാറുന്ന സ്ഥിതിയാണ് നടന്നുവരുന്നത്. ഇത്തരത്തിൽ മെസേജ് ലഭിക്കുന്ന വാഹനഉടമകൾ പിഴ അടയ്ക്കുന്നതിന് തയ്യാറാകുന്നില്ല. ക്യാമറ സംവിധാനത്തിന്റെ പ്രവർത്തന ചെലവുകളും മറ്റും ഇത്തരത്തിൽ പിഴ ഈടാക്കുന്നത് വഴി കണ്ടെത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഏതായാലും കേരളത്തിൽ ആശങ്ക പരത്തുന്ന വിധത്തിൽ റോഡ് അപകടങ്ങൾ വർധിക്കുകയാണ്. ഗതാഗത വകുപ്പും ട്രാഫിക് പോലീസും സംസ്ഥാനമൊട്ടാകെയായി, സജ്ജരായി പ്രവർത്തിക്കുന്നതിന് ജീവനക്കാർ ഇല്ല എന്നതും ഒരു പ്രതിസന്ധിയാണ്. പോലീസ് സേനയിലും ഗതാഗത വകുപ്പിലും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്.