മാണി പുത്രൻ ഒറ്റപ്പെടുന്നു

മുന്നണി മാറ്റത്തിനായി നേതാക്കൾ ഒറ്റക്കെട്ട്

കേരളത്തിലെ പല കേരള കോൺഗ്രസുകളിൽ ശക്തിയുള്ള വിഭാഗമായി നിൽക്കുന്നത് സാക്ഷാൽ കെ എം മാണിയുടെ പുത്രൻ ജോസ് കെ മാണി നയിക്കുന്ന മാണി കേരള കോൺഗ്രസ് ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വരെ കോൺഗ്രസ് മുന്നണിയുടെ ഭാഗമായിരുന്ന മാണി കേരള കോൺഗ്രസ് ജോസ് കെ മാണിയുടെ വാശി കൊണ്ട് മുന്നണി വിട്ടു ഇടതുമുന്നണിയിൽ ചേരുകയായിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജോസ് കെ മാണിയുടെ വലംകൈ ആയിരുന്ന റോഷി അഗസ്റ്റിൻ മന്ത്രിയായി. മറ്റൊരു എംഎൽഎ ജയരാജൻ ചീഫ് വിപ്പും ആയി. അങ്ങനെയാണ് കേരള കോൺഗ്രസ് തുടർന്നുവരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിയെല്ലാം മാറിയിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മാണി കേരള കോൺഗ്രസ് വലിയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് തുടങ്ങിയതാണ് ആ പാർട്ടിക്കുള്ളിലെ കലഹങ്ങൾ. ഇപ്പോൾ മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും ഒരുവശത്തും ജോസ് കെ മാണി മറ്റൊരു ഭാഗത്തും നിൽക്കുന്ന സ്ഥിതിയാണ് പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്.

പദവികളൊന്നും ഇല്ലാതിരുന്ന ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് അനുവദിച്ചുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക വാശി കൊണ്ടായിരുന്നു. സിപിഎം പാർട്ടിയുടെ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിൻറെ പേരിൽ സിപിഎം നേതാക്കൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായതാണ്. ഏതായാലും രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ലഭിക്കുകയും അതുമായി അദ്ദേഹം മുന്നോട്ട് പോവുകയുമാണ്. കോട്ടയം ലോകസഭാ മണ്ഡലത്തിൽ ജോസ് കെ മാണിയുടെ ഇഷ്ടക്കാരനായിരുന്ന തോമസ് ചാഴിക്കാടൻ തോൽക്കുവാൻ കാരണം ഇടതുമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളായ സിപിഎമ്മും സിപിഐയും വലിയതോതിൽ കാലു വാരിയത് കൊണ്ടാണ്- എന്ന അഭിപ്രായം ഫലം വന്ന ശേഷം പാർട്ടി നേതാക്കളിൽ ഉണ്ടായിരുന്നു. പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിൽ പലവട്ടം തോമസ് ചാഴിക്കാടൻ ഇത് പറയുകയും ചെയ്തിരുന്നു. മാത്രവുമല്ല ലോകസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിച്ചതാണ് യുഡിഎഫ് വലിയ വിജയം ഉണ്ടാക്കിയതിന് കാരണമെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തിയിരുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സാഹചര്യം ഇല്ല എന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ നീങ്ങുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ നിലനിൽപ്പ് പരിഗണിച്ചുകൊണ്ട് ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് തിരികെ പോകണം എന്ന അഭിപ്രായത്തിലാണ് മാണി കേരള കോൺഗ്രസിൻറെ എല്ലാ മുതിർന്ന നേതാക്കളും. എന്നാൽ ഇതിനെ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി ശക്തമായി എതിർക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ പാർട്ടിയിൽ ജോസ് കെ മാണി ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകും. ഒരു പാർട്ടി പിളരുന്ന കാര്യത്തിൽ യാതൊരു പ്രശ്നവും കാണാത്ത ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരള കോൺഗ്രസ്. ജോസ് കെ മാണിയെ തള്ളിക്കൊണ്ട് മറ്റു നേതാക്കൾ മറ്റൊരു കേരള കോൺഗ്രസ് ആയി യുഡിഎഫിലേക്ക് എത്തിയാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

ഇതിനിടയിലാണ് മുസ്ലീം ലീഗ് പാർട്ടിയുടെ നേതാവായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മാണി കേരള കോൺഗ്രസിൻറെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, യുഡിഎഫിലേക്ക് മാണി കേരള കോൺഗ്രസിനെ ക്ഷണിക്കുകയും ചെയ്തിരിക്കുന്നത്. ഇതിൻറെ പിന്നിൽ ഗൗരവതരമായി ഇടപെടൽ നടത്തുന്നത് കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയാണ്. മാണി കേരള കോൺഗ്രസിനെ കൂടി യുഡിഎഫിലേക്ക് കൊണ്ടുവന്നാൽ അടുത്ത തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ലീഗിനും കോൺഗ്രസിനും ഉള്ളത്. ചർച്ചയ്ക്ക് മുന്നോട്ടുവന്ന കുഞ്ഞാലിക്കുട്ടി പാർട്ടി ചെയർമാനായ ജോസ് കെ മാണിക്ക് ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് തന്നെ ഓഫർ ചെയ്തു കഴിഞ്ഞു.

ഇതൊക്കെയാണെങ്കിലും ഇപ്പോഴും ജോസ് കെ മാണി- പിണറായി പ്രേമത്തിൽ കുടുങ്ങി നിൽക്കുകയാണ്. പിണറായിയെ പിണക്കിക്കൊണ്ട് ഒരു മുന്നണി മാറ്റത്തിന് ജോസ് കെ മാണിക്ക് ബുദ്ധിമുട്ടുണ്ട്. മാത്രവുമല്ല പിണറായി സമ്മാനിച്ച രാജ്യസഭാ അംഗത്വത്തിന് ഇനിയും അഞ്ചുവർഷ കാലാവധി ശേഷിക്കുന്നുണ്ട്. മുന്നണി മാറിയാൽ സ്വാഭാവികമായും രാജ്യസഭാ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് സീറ്റ് നൽകിയാലും വിജയിച്ചില്ലെങ്കിൽ ഭാവി അപകടത്തിൽ ആകും എന്ന ഭയവും ജോസ് കെ മാണിക്കുണ്ട്. അതുകൊണ്ടാണ് ഇടതുമുന്നണിയിൽ എങ്ങനെയെങ്കിലും കടിച്ചു തൂങ്ങി നിൽക്കുന്നതിന് ജോസ് കെ മാണി ആവേശം കാണിക്കുന്നത്.

പിണറായി സർക്കാരിൽ മന്ത്രിയാണെങ്കിലും റോഷി അഗസ്റ്റിൻ വലിയ പരിഭവത്തിലാണ്. ജല വിഭവ വകുപ്പ് മന്ത്രിയാണ് റോഷി അഗസ്റ്റിൻ. എന്നാൽ തന്റെ വകുപ്പിൽ പോലും സിപിഎം നേതാക്കൾ സ്ഥിരമായി കൈകടത്തുകയാണ് എന്ന് റോഷി അഗസ്റ്റിന് പരാതിയുണ്ട്. വകുപ്പിലെ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിൽ പോലും റോഷി അഗസ്റ്റിന് ഒരു അവകാശവും ഇല്ലാത്ത ഗതികേടിലാണ് അദ്ദേഹം. നിയമനങ്ങൾ, ട്രാൻസ്ഫറുകൾ ഇതെല്ലാം എകെജി സെൻററിൽ നിന്നും നിയന്ത്രിക്കുന്നു എന്നതിൽ സഹികെട്ട് കഴിയുകയാണ് അദ്ദേഹം. വകുപ്പിൽ ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ മന്ത്രിക്കെതിരെ പ്രതിഷേധിച്ചു വരുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇടതുമുന്നണിയിൽ തുടരുന്നതിൽ താൽപര്യമില്ല എന്ന മാനസികാവസ്ഥ റോഷി അഗസ്റ്റിനും ഉണ്ട്.

ഏതായാലും ചെറിയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ ഗുണം ഉണ്ടാക്കുവാൻ കഴിയുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി ഇപ്പോൾ നിലനിൽക്കുന്ന ഇടതുമുന്നണിയിൽ നിന്നും മാറി യുഡിഎഫിൽ ചേരുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് മാണി കേരള കോൺഗ്രസിൻറെ ഭൂരിഭാഗം നേതാക്കൾക്കും ഉള്ളത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇതിന് ഒട്ടും യോജിക്കുന്നില്ലായെങ്കിൽ അദ്ദേഹത്തെ കൈവിട്ടു കൊണ്ടു തന്നെ മുന്നണി മാറ്റത്തിന് മുതിർന്ന നേതാക്കൾ തയ്യാറാകും എന്ന വിധത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.