മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാർഗ്ഗങ്ങളേറെ
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് ഒട്ടുമിക്കപേരും. വീട്ടിലെ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ കാലത്ത് മാനസിക സമ്മർദ്ദത്തിൻ്റെ പലവിധ ലക്ഷണങ്ങളെ നേരിടുന്നവരാണ്.
ഒരു വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോൾ , അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ വ്യക്തിയിൽ ഉണ്ടാകുന്നു. മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് എന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമായി വരാറുണ്ട്. അതുകൊണ്ട് തന്നെ സ്ട്രെസ് കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടത്.
നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശാരീരികാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യത്തെയും സ്വാധീനിക്കാൻ നല്ലതോതില്‍ കഴിവുണ്ട്. അതിനാല്‍ സമഗ്രമായ ഡയറ്റ് പാലിക്കാൻ ശ്രദ്ധിക്കുക. ബാലൻസ്ഡ് ആണ് ഡയറ്റ് എന്ന് ഉറപ്പിക്കുക. ഭക്ഷണത്തിന് ക്രമം വയ്ക്കുക. പുറത്തുനിന്നുള്ള ഭക്ഷണം, പ്രോസസ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. മദ്യപാനവും പുകവലിയുമുണ്ടെങ്കില്‍ ഇതും സ്ട്രെസ് കൂട്ടുമെന്ന് മനസിലാക്കുക.
യോഗ- ധ്യാനം പോലുള്ള മാര്‍ഗങ്ങളും സ്ട്രെസിനെ കുറച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായിക്കും. എന്നാലിത് എല്ലാവര്‍ക്കും ഒരുപോലെ യോജിക്കണമെന്നില്ല. വ്യക്തിത്വമനുസരിച്ച് ഇതിലേക്കും പോകാവുന്നതാണ്. യോഗ ശരീരത്തിനൊപ്പം തന്നെ മനസിനെയും വളരെയധികം സ്വാധീനിക്കാറുണ്ട്.