മനസിനെ എങ്ങനെ മാനേജ്‌ ചെയ്യാം

ഒരു വ്യക്തിയുടെ ജീവിതത്തില്‍ മനസിന്റെ അവസ്ഥയ്ക്ക്‌ വലിയ പങ്കുണ്ട്‌. വികാരങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത്‌ മാനസികാവസ്ഥയാണ്‌. മനോനില ശരിയല്ലെങ്കില്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു. ഇത്‌ മനസിനെ വിഷാദത്തിലേക്കും മറ്റ്‌ പല മാനസിക തകരാറുകളിലേക്കും കൊണ്ടുചെന്നെത്തിക്കും. പ്രശസ്‌ത മന:ശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ തായറിന്റെ അഭിപ്രായത്തില്‍ മനോഭാവം മാനസികോര്‍ജത്തിന്റെയും മാനസിക സംഘര്‍ഷത്തിന്റെയും ഉല്‌പന്നമാണ്‌. വളരെ ശാന്തമായ ഊര്‍ജാവസ്ഥയില്‍ ആയിരിക്കുമ്പോഴാണ്‌ മനുഷ്യന്‍ വളരെ നല്ല അവസ്ഥയില്‍ ആയിരിക്കുന്നത്‌. സംഘര്‍ഷം കൊണ്ട്‌ തളര്‍ന്ന അവസ്ഥയിലാകുമ്പോള്‍ മനുഷ്യന്‍ വളരെ മോശമായ മാനസികഭാവത്തിലേക്ക്‌ മാറുന്നു. മനസില്‍ ദേഷ്യവും വൈകാരിക അസന്തുലിതാവസ്ഥയും സൃഷ്‌ടിക്കുന്നതില്‍ ശരീരത്തിലെ ഹോര്‍മോണുകളും ഒരുപ്രധാന പങ്കു വഹിക്കുന്നുണ്ട്‌.

വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്‍ധിപ്പിക്കുന്നു.

മനസിന്റെ താഴ്‌ന്ന ഊര്‍ജാവസ്ഥയില്‍ പിരിമുറുക്കം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നടത്തമാണ്‌. സന്തോഷം ലഭിക്കുന്നതിനുവേണ്ടി നടത്തമാണ്‌ മന:ശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ തായര്‍ നിര്‍ദേശിക്കുന്നത്‌. സര്‍ഗശക്തി വര്‍ധിപ്പിക്കാന്‍ സന്തോഷം നിറഞ്ഞ ചിന്തകളും പോസിറ്റീവ്‌ മാനസികഭാവങ്ങളും വേണം. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മനസിന്‌ ഉന്മേഷവും ചുറുചുറുക്കുമുണ്ടാകുന്നു. കോഫി കളറുളള ചോക്ലേറ്റുകള്‍ സന്തോഷം പകര്‍ന്നുതരുന്നവയാണ്‌. രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതും നിരോക്‌സീകാരകമായി പ്രവര്‍ത്തിക്കുന്നതുമായ “റെസ്‌വെരാട്രോണ്‍” (Resveratron) എന്ന സംയുക്തമാണ്‌ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നത്‌. മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനശേഷിയെ വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെയും, സീറോടോണിന്റെയും രക്തത്തിലെ നില വര്‍ധിക്കാന്‍ ചോക്ലേറ്റുകള്‍ സഹായിക്കുന്നു. മനസിന്റെ വിഷാദാവസ്ഥയെ മാറ്റുന്നതിനുളള രാസവസ്‌തുക്കളാണ്‌ എന്‍ഡോര്‍ഫിനുകളും സീറോടോണിനും.

വെളുത്തുളളി മാനസികോര്‍ജം വര്‍ധിപ്പിക്കുന്നു

കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന്‌ വെളുത്തുളളിക്കുളള സ്വാധീനത്തെക്കുറിച്ച്‌ പഠിച്ചിരുന്ന ജര്‍മനിയിലെ ഗവേഷകര്‍, വെളുത്തുളളി മാനസികോര്‍ജം വര്‍ധിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്‌തുവാണെന്ന്‌ കണ്ടെത്തുകയുണ്ടായി. വെളുത്തുളളി കഴിക്കുന്നവര്‍ പെട്ടെന്ന്‌ പ്രകോപിതരാകുന്നതായി മനസിലാക്കി. വിമാനം പറത്തുന്നതിന്‌ മുമ്പ്‌ 72 മണിക്കൂറിനുളളില്‍ വെളുത്തുളളി കഴിക്കരുതെന്ന്‌ നിര്‍ദേശമുണ്ട്‌. വെളുത്തുളളി കഴിക്കുമ്പോള്‍ ഏകാഗ്രത കുറയുകയും പെട്ടെന്നുളള പ്രതികരണശേഷി മൂന്നുമടങ്ങ്‌ വര്‍ധിക്കുകയും ചെയ്യുന്നു.

സംഗീതവും, ധ്യാനചിന്തകളും, യോഗയും

സംഗീതം മനസിനെ സാന്ത്വനപ്പെടുത്തുന്നു. എന്നാല്‍ ദു:ഖത്തിന്റെ അലകളുയര്‍ത്തുന്ന സംഗീതം നെഗറ്റീവ്‌ മാനസികാവസ്ഥയാണ്‌ സൃഷ്‌ടിക്കുന്നത്‌. മനസിന്റെ തേജോവലയത്തെ നിഷ്‌പ്രഭമാക്കുന്ന ദു:ഖസംഗീതം ശ്രവിക്കാതെ മനസ്സിനെ ഉണര്‍ത്തുന്ന സംഗീതം സന്തോഷത്തിന്റെ അലയടികള്‍ സൃഷ്‌ടിക്കാന്‍ സഹായകമാകും. ധ്യാന ചിന്തകളിലൂടെയും, യോഗയിലൂടെയും മനസിനെ പരുവപ്പെടുത്താനും സന്തോഷചിത്തരായി തീരാനും സാധിക്കുന്നു.

മനസിനെ നിയന്ത്രിച്ചുനിറുത്താന്‍ ശീലിക്കുക

എപ്പോഴും വൈകാരികസ്ഥിതി മോശമായ വ്യക്തികളോടൊപ്പം ജോലിചെയ്യുന്നത്‌ വളരെ പ്രയാസമുളള കാര്യമാണ്‌. ഇവര്‍ ശുണ്‌ഠിയുളളവരും, സ്വാര്‍ത്ഥരും, എപ്പോഴും മൂര്‍ച്ചയുളള വാക്കുകള്‍ ഉപയോഗിക്കുന്നവരും ആയിരിക്കും. എങ്ങനെ പ്രതികരിക്കും എന്ന്‌ നിശ്ചയമില്ലാത്തതിനാല്‍ ദുര്‍മുഖമുളള വ്യക്തികളോടൊത്ത്‌ ജോലിചെയ്യാന്‍ ആരും ഇഷ്‌ടപ്പെടുകയില്ല. സ്ഥിരമാനസരും, അഭിപ്രായസ്ഥിരതയും ഉളളവരാണ്‌ നല്ല നേതാക്കന്മാരായി തീരുന്നത്‌. ചെയ്യുന്ന ജോലിയെക്കുറിച്ച്‌ അവബോധവും ഭാവിയെപ്പറ്റി നല്ല വീക്ഷണവും ഇവര്‍ക്കുണ്ടായിരിക്കും. ശരീരത്തിന്റെയും മനസിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നത്‌ മനസിന്റെ വിഷാദഭാവമകറ്റാന്‍ നമ്മെ സഹായിക്കും. രോഗവും അനാരോഗ്യവും ഒരു വ്യക്തിയെ ദേഷ്യമുളളവനും, മറ്റുളളവര്‍ പറയുന്നത്‌ സഹിക്കാന്‍ പ്രയാസമുളളവനുമാക്കുന്നു. ശരീരം ദുര്‍ബലമാകുമ്പോഴും രോഗാവസ്ഥയിലാകുമ്പോഴും മനസിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ നാം പഠിക്കണം.