റോഡ് നവീകരണത്തിന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കടുത്ത പ്രതിഷേധം

Violent protest in the district panchayat due to insufficient funds being allocated for road renovation

റോഡ് അറ്റകുറ്റ പണിയ്ക്കുള്ള ഫണ്ട് 56 കോടിയില്‍ നിന്ന് നാല് കോടി രൂപയായി വെട്ടിക്കുറച്ചെന്നാരോപിച്ച്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ഹാളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് ഐ.പി രാജേഷാണ് റോഡ് മെയിന്റനനസ് ഫണ്ട് വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വര്‍ഷം 56 കോടി രൂപ അനുവദിച്ചപ്പോള്‍ ഇതുവരെ നാലു കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ നേരിട്ട് ഫണ്ട് അനുവദിക്കുന്നതിനാലാണ് ഫണ്ട് കുറഞ്ഞുപോയതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. റീന നല്‍കിയ വിശദീകരണം. ഗ്രാമീണ റോഡുകളുടെ നവീകരണവും പരിപാലനവും പഞ്ചായത്തുകള്‍ നിര്‍വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഫണ്ട് വെട്ടിക്കുറച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ഇതിനുള്ള തുക സര്‍ക്കാര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നേരിട്ട് നല്‍കും. ജില്ലാ പഞ്ചായത്തിന്റെ ജോലി എളുപ്പമായെന്നും പ്രസിഡന്റ് പറഞ്ഞു.

നാസര്‍ എസ്റ്റേറ്റ് മുക്ക്, ബോസ് ജേക്കബ്, വി.പി ദുല്‍ഫിഖില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിപക്ഷത്തെ പി.ടി.എം ഷറഫുന്നീസയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ഫണ്ടുകള്‍ സര്‍ക്കാര്‍ തട്ടിയെടുക്കുന്നെന്ന് യു.ഡി.എഫ് ആരോപിച്ചു. ഒരു മണിയോടെ അജണ്ട പൂര്‍ത്തിയാക്കി യോഗം കഴിയുന്നതുവരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു.