വുഹാൻ നഗരത്തിലെ ചൈനീസ് സർക്കാർ നിയന്ത്രിത ലാബിൽ നിന്നാണ് കോവിഡ് -19 ഉത്ഭവിച്ചതെന്ന് ഏജൻസി വിശ്വസിക്കുന്നതായി എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ എ. റേ. “ കോവിഡ് പാൻഡെമിക്കിന്റെ ഉത്ഭവം മിക്കവാറും ഒരു ലാബിൽ നിന്നുണ്ടായ സംഭവമാണെന്ന് എഫ്ബിഐ കുറച്ച് കാലമായി വിലയിരുത്തുന്നു.” ഫോക്‌സ് ന്യൂസിനോട് സംസാരിക്കവേ ക്രിസ്റ്റഫർ പറഞ്ഞു.
വുഹാനിലെ ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഇത് പിന്നീട് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നതായി ചില മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ നഗരത്തിൽ സമുദ്രവിഭവങ്ങളും മാംസവും വിൽക്കുന്ന മാർക്കറ്റിൽ വൈറസ് വേഗത്തിൽ പടർന്നതായിരിക്കാമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനങ്ങൾ തടയാൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി എഫ്ബിഐ മേധാവി ഫോക്സ് ന്യൂസിനോട് പറഞ്ഞു. ചൈനയിലെ ആകസ്മികമായ ലാബ് ചോർച്ച മൂലമാണ് കോവിഡ് -19 പാൻഡെമിക് ഉണ്ടായതെന്ന് യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ വിലയിരുത്തിയതിന് പിന്നാലെയാണ് ക്രിസ്റ്റഫർ റേ ഇക്കാര്യത്തിൽ പ്രസ്താവന നടത്തുന്നത്.
കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന ലോകത്തിലെ പ്രമുഖ വൈറസ് ലബോറട്ടറിയിൽ നിന്ന് 40 മിനിറ്റ് യാത്രാ ദൂരത്തിലാണ് വുഹാൻ മാർക്കറ്റ്. എന്നാൽ, വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന കണ്ടെത്തൽ ചൈന നിഷേധിച്ചു.