മരുന്നു മാറിനല്‍കി രോഗി ഗുരുതരാവസ്ഥയില്‍……

The patient is in critical condition after changing the medicine.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് മരുന്നു മാറിനല്‍കിയതിനെ തുടര്‍ന്നു യുവാവ് ഗുരുതരാവസ്ഥയിലാണ്. ചാലക്കുടി പേരാട്ട വീട്ടില്‍ മണി അയ്യപ്പന്റെ മകന്‍ അമലാണ് ചികിത്സയില്‍ കഴിയുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു അമല്‍.

അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ മരുന്നു വാങ്ങുന്നതിനായി കുറിപ്പടി നല്‍കിയിരുന്നു. ഇതുമായി ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍നിന്നും മരുന്നു വാങ്ങി വാര്‍ഡിലെ നഴ്‌സിനു നല്‍കുകയായിരുന്നു. ഈ മരുന്നു നല്‍കി അല്പം കഴിഞ്ഞപ്പോള്‍ അമല്‍ അവശനാകുകയും ശ്വാസതടസം നേരിടുകയും ശരീരം തളരുകയും ചെയ്തു.. തുടര്‍ന്നു യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു മാറികൊടുത്ത കാര്യം അറിയുന്നത്.

നല്‍കിയ മരുന്ന് ചുമയ്ക്കുള്ളതിനായതിനാല്‍ കുഴപ്പം വരില്ലെന്നായിരുന്നു ഫാര്‍മസി അധികൃതരുടെ മറുപടി. ഡോക്ടറുടെ കുറിപ്പടി വായിക്കാന്‍ സാധിക്കാത്തതുമൂലമാണ് മരുന്നു മാറിയതെന്നും ഫാര്‍മസിക്കാര്‍ പറയുന്നു. മരുന്നു തെറ്റി നല്‍കയിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പോലീസ് എന്നിവര്‍ക്കു മണി അയ്യപ്പന്‍ പരാതി നല്‍കി. അമല്‍ അപകടനില തരണം ചെയ്‌തെന്നും രണ്ടുദിവസം കഴിഞ്ഞശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.