തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിൽ ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങില്ലെന്നും അവസാന ശ്വാസം വരെ പൊരുതുമെന്നും അവർ വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ വിജയ് പിള്ളയാണ് (വിജേഷ് പിള്ള) ഇടനിലക്കാരനായി എത്തിയതെന്നും വെളിപ്പെടുത്തിയ സ്വപ്ന, കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഫോൺവിളികളുടെയും ചാറ്റുകളുടെയും വിവരങ്ങളും പുറത്തുവിട്ടു.
എന്നാൽ സ്വപ്ന പറഞ്ഞ ഇടനിലക്കാരന്റെ പേര് വിജയ് പിള്ളയല്ല, വിജേഷ് പിള്ളയെന്നാണ് പുറത്തുവരുന്ന വിവരം. വിജേഷ് ബെംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ആക്ഷന്‍ ഒടിടി എന്ന സ്ഥാപനവും രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയത്. ഇയാള്‍ എറണാകുളം സ്വദേശയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ”കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്നയാൾ മൂന്നു ദിവസം മുൻപ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബെംഗളൂരുവിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി ഇയാൾ വാദ്ഗാനം ചെയ്തു. കേരളം വിടുന്നതിന് സഹായം ചെയ്യാമെന്നും പറഞ്ഞു. വഴങ്ങിയില്ലെങ്കിൽ ജീവനു അപകടമാണെന്നു ഭീഷണിപ്പെടുത്തി.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങൾ ഉണ്ടെങ്കിൽ അവർ നശിപ്പിക്കാമെന്നും വിജയ് പിള്ള പറഞ്ഞു. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞു. എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽനിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു.
സ്വർണക്കടത്തുകാരിയായാണ് താൻ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയിൽ വയ്ക്കാന്‍ ജയിലില്‍ അടച്ചു. ജയിലിൽ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്‌സ് ക്ലിപ്പുകൾ ജയിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാർത്ഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇ ഡി അന്വേഷണത്തിൽ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗളൂരുവിലെ ഹോട്ടൽ ലോബിയിൽവച്ചു സംസാരിച്ചപ്പോൾ ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം മക്കളുമായി ഹരിയാനയിലോ ജയ്പുരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാന്‍ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
വിജയ് പിള്ള എന്നൊരാൾ കണ്ണൂരിൽനിന്നു നിരന്തരം വിളിച്ചു ഇന്റർവ്യൂ എടുക്കാനെന്ന് പറഞ്ഞു. അതനുസരിച്ച് ബെംഗളൂരുവിലെ ഹോട്ടലിലെത്തി. ഹരിയാന, ജയ്പുർ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ്‍ പിള്ള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുള്ളിൽ കള്ളവീസ തയാറാക്കിത്താരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം വിഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാ സഹായവും നൽകും. പിന്നെ ജീവിച്ചിരിക്കുന്നത് പോലും ആരും അറിയാൻ പാടില്ല. മരണം ഉറപ്പാണെന്ന് അതിൽനിന്ന് എനിക്ക് ഉറപ്പായി. ഗോവിന്ദൻ മാഷ് തീർത്തുകളയുമെന്ന് പറഞ്ഞു. ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകൻ കൃഷ്ണരാജിന് നൽകി.
കർണാടക ഡിജിപിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇതു നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും. വിജയ് പിള്ളയ്ക്ക് ഇ ഡി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ല. അവസാനശ്വാസം വരെ പൊരുതും. എന്നെ കൊല്ലണമെങ്കിൽ എം വി ഗോവിന്ദന് നേരിട്ട് വന്ന് ചെയ്യാം. എന്നെ കൊന്നാലും എന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും. എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവിൽനിന്ന് പോകാൻ സാധിക്കില്ല. ഫേസ്ബുക്കിൽ വരുന്നു എന്ന് മലയാളത്തിൽ എഴുതിയത് മകളാണ്. എനിക്ക് മലയാളം എഴുതാൻ അറിയില്ല’’– സ്വപ്ന പറഞ്ഞു.