ഒരു അധ്യാപകന്റെ ഹൃദയം പൊട്ടി ഒഴുകിയ തൂലിക…

A teacher's broken heart pen...

വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പോലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന വയനാട് വിജയ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്റെ വൈകാരികമായുള്ള പോസ്റ്റിലേക്ക് പോകാം.

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങൾ. ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി. അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങൾ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവ് നൽകിയ രണ്ട്‌ ദിനങ്ങൾ. കുട്ടികൾ തമ്മിൽതല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, സ്കൂൾ തല്ലിപ്പൊളിച്ചാലും, കഞ്ചാവ് വലിച്ചാലും, കരണംകുത്തി മറിഞ്ഞാലും, കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടിൽ പോയാൽ മതി. പുതിയ യുഗത്തിലെ അധ്യാപകൻ എന്ന പുതിയ പാഠം പകർന്നു കിട്ടിയ രണ്ട്‌ ദിനങ്ങൾ.

എടുക്കുമ്പോൾ ഒന്നും, തൊടുക്കുമ്പോൾ പത്തും, കൊള്ളുമ്പോൾ നൂറുമാകുന്ന അർജുനന്റെ അസ്ത്രം പോലെ, കുട്ടികൾക്ക് നൽകിയ ശിക്ഷയുടെ എണ്ണവും തീവ്രതയും ഓരോ മണിക്കൂറിലും പെരുകിപ്പെരുകി വരുന്ന സുന്ദരമായ കാഴ്ച്ചയും കണ്ടു. ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ദവും പ്രതിബദ്ധതയും ഇല്ലാതെ, പുസ്തകം ഛർദിച്ചു വീട്ടിൽ പോകുന്നതിന്റെ സുഖം അനുഭവിക്കാൻ കുറെ വർഷങ്ങളുടെ അധ്യാപന ജീവിതം കൂടി ബാക്കിയുള്ളത് ആശ്വാസം നൽകുന്നു. ആയതിനാൽ, ഈ ആട് ഇനി ഒരു ഭീകരജീവിയല്ല എന്ന് ചോര കുടിക്കാൻ കാത്തിരിക്കുന്ന സമൂഹത്തോടും എന്റെ പ്രിയപ്പെട്ട വിദ്യാർഥികളോടും ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമ്പോൾ ഒരു റിലാക്സേഷൻ ഒക്കെയുണ്ട്. ശുഭം….

‬സ്കൂളിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേർവഴിക്കു നടത്താൻ ശ്രമിച്ച ഒരു പാവം പ്രിൻസിപ്പലിനെ കുരുതി കൊടുത്ത കുട്ടികളെ, മാതാപിതാക്കളെ, ഞങ്ങൾ അദ്ധ്യാപകർക്ക് തെറ്റുപറ്റി !! നിങ്ങളെ സ്വന്തം മക്കളായി കണ്ടത് തെറ്റ്, നിങ്ങളെ തിരുത്താൻ ശ്രമിച്ചതു അതിലേറെ തെറ്റ്, ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ്സിലിരുന്ന് മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്ക് പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തതു, ബാലാവകാശ മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിയാൻ ഞങ്ങൾ അദ്ധ്യാപകർക്ക് കഴിഞ്ഞില്ല. മാപ്പ്, മക്കളെ മാപ്പ്. ഒന്നോർത്തോളൂ- ഏഴു തലമുറ രക്ഷപെടാൻ ഈശ്വരനോട് പ്രാർത്ഥിച്ചോളൂ. ഈശ്വരൻ പൊറുക്കട്ടെ.
കടപ്പാട്.

ഈ സന്ദേശം നല്ലവരായ രക്ഷിതാക്കളിലേക്കെത്തിക്കൂ. അവര്‍ക്കെങ്കിലും ധർമ്മ ബോധം നില നിൽകട്ടേ.. ഇത്തരം ബുദ്ധിശൂന്യമായ നിയമങ്ങളാണ് ആദ്യം ഉടച്ചു വാർക്കേണ്ടത്. മറ്റുള്ള പോസ്റ്റ് പോലെ നിസ്സാരമായി തള്ളിക്കളയരുത് വായിക്കണം, കുറച്ചു സമയം ഇരുന്നു ചിന്തിക്കണം. കാലത്തിന്റെ ഈ പോക്ക്. ഒരു അധ്യാപകന്റെ ഹൃദയം പൊട്ടി ഒഴുകിയ തൂലിക…

ഇവിടെ അസ്ഥാനത്തുള്ള പല നിയമങ്ങളും പൊളിച്ചെഴുതിയേ പറ്റൂ. അതിലേറെ അനാവശ്യമായുള്ള കുറെ ദുരർത്ഥത്തിലുള്ള കമ്മീഷനുകളും. ഇതൊന്നും ഈ നാടിനെ നന്നാക്കാനുള്ളതല്ല. ഇവിടെ പ്രഥമമായി വേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ പിന്തുടരുന്ന, തികച്ചും അരാഷ്ട്രീയപരം മാത്രമായിട്ടുള്ള നിലപാടുകളിൽ നിന്നുള്ള ഒരു മാറ്റം അത് മാറിചിന്തിച്ചാൽ മാത്രമേ സാധ്യമാവുകയുള്ളൂ.
ഇതിന്റെ ആദ്യ പടിയായി രാഷ്ട്രീയപ്പാർട്ടികൾ ഒരുമിച്ച് കൂടി സുപ്രധാനമായി പൊതുതീരുമാനത്തിൽ എത്തിച്ചേരേണ്ടത് അനിവാര്യമാണ്.