വേമ്പനാട്, അഷ്ടമുടി കായൽ മലിനീകരണം.സംസ്ഥാന സർക്കാരിനു പത്തുകോടി രൂപ പിഴ.

Vembanad and Ashtamudi backwater pollution.

കായലുകള്‍ വൃത്തിയാക്കാത്തതിനു പത്തുകോടി പിഴചുമത്തിയതിനുപിന്നില്‍ തെളിയുന്നതു കെടുകാര്യസ്ഥതയാണ്. മലിനജല സംസ്കരണം, കക്കൂസ് മാലിന്യസംസ്കരണം, കനാല്‍ നവീകരണം, അറവുമാലിന്യസംസ്കരണം എന്നിവയ്ക്കെല്ലാമായി കോടിക്കണക്കിനു രൂപയുടെ ഫണ്ടുണ്ട്. കേന്ദ്രഫണ്ടാണ് കൂടുതലും. അതു ചെലവഴിക്കാത്തതിനാലാണ് കായലുകള്‍ മലിനമായിക്കിടക്കുന്നതെന്നു ട്രിബ്യൂണല്‍ കണ്ടെത്തി.
പണമുണ്ടായിട്ടും വേമ്ബനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാത്ത സര്‍ക്കാര്‍ സമീപനമാണ് ഹരിതട്രിബ്യൂണലിനെ പിഴ വിധിക്കുന്നതിലേക്കെത്തിച്ചത്.

വേമ്ബനാട്ടുകായലിന്റെ ഗുണഭോക്താക്കളായ കൊച്ചി കോര്‍പ്പറേഷനും ഏഴു നഗരസഭകള്‍ക്കും 35 പഞ്ചായത്തുകള്‍ക്കും മാലിന്യസംസ്കരണത്തിനു ഫണ്ട് ലഭ്യമായിട്ടും ഉപയോഗിച്ചില്ല. മെട്രോറെയില്‍മാലിന്യം സംസ്കരിക്കാന്‍ ആയിരം കോടിയോളം രൂപ അനുവദിച്ചിട്ടും സംസ്കരണപ്ലാന്റ് ഒരുക്കിയില്ല. മലിനീകരണനിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടും കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളും വൈക്കം, തൃപ്പൂണിത്തുറ, മരട്, ചേര്‍ത്തല, ആലപ്പുഴ, ആലുവ, കളമശ്ശേരി നഗരസഭകളും കായലുകളിലേക്കുള്ള മലിനജലമൊഴുക്കു തടയാന്‍ നടപടി സ്വീകരിച്ചില്ല.

കേരളത്തിലെ ടൂറിസംവ്യവസായത്തിനു കരുത്തുപകരാന്‍ ആലപ്പുഴയില്‍ മാലിന്യസംസ്കരണകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1500-ലധികം പുരവഞ്ചികളില്‍നിന്നുള്ള മാലിന്യത്തില്‍ ഭൂരിഭാഗവും കായലില്‍ത്തള്ളുകയാണിപ്പോഴും. മലിനീകരണ നിയന്ത്രണബോര്‍ഡ് പുരവഞ്ചി ഉടമകളില്‍നിന്നീടാക്കിയ പിഴത്തുക മാത്രം ഒന്നരക്കോടി രൂപയോളം വരും. അതുപയോഗിച്ചെങ്കിലും സംസ്കരണ പ്ലാന്റ് നിര്‍മിക്കണമെന്നു പുരവഞ്ചിയുടമകള്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുമ്ബ് സി.ബ്ലോക്കില്‍ നിര്‍മിച്ച കക്കൂസ് മാലിന്യസംസ്കരണപ്ലാന്റ് ഉപയോഗശൂന്യമാണ്.

അമൃത് പദ്ധതിയില്‍ കോടിക്കണക്കിനു രൂപ അനുവദിച്ചെങ്കിലും ഏഴുവര്‍ഷമായിട്ടും കേരളം അത് പൂര്‍ണമായും ചെലവഴിച്ചില്ല. മാര്‍ച്ച്‌ 31-ന് അതുനഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. നൂറുകണക്കിനു ലോറികളിലെത്തുന്ന കക്കൂസ് മാലിന്യംദിവസവും രണ്ടു കായലുകളിലുമായി തള്ളുന്നുണ്ട്. ആലപ്പുഴയില്‍ മാത്രം എണ്‍പതോളം ലോറികളാണ് ഓടുന്നത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വേമ്ബനാട്ടുകായലിനെ മലിനപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് ആലപ്പുഴയ്ക്കാണ്. ഒരിടത്തുപോലും സംസ്കരണപ്ലാന്റുകള്‍ സ്ഥാപിക്കാതെ മലിനജലം മുഴുവന്‍ വേമ്ബനാട്ടുകായലിലേക്കു വിടുകയാണ് ജില്ലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും. അങ്ങനെ സര്‍ക്കാരിനു പത്തുകോടിരൂപ ഹരിത ട്രിബ്യൂണല്‍ പിഴയിടാന്‍ ആലപ്പുഴ ജില്ലയും കാരണമായി.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരുദിവസം പുറന്തള്ളുന്നത് മൂന്നരലക്ഷംലിറ്റര്‍ മലിനജലമാണ്. ഇത് കനാലുകളിലൂടെ വേമ്ബനാട്ടുകായലിലെത്തും. സമാനമാണ് ജില്ലാഭരണകൂടത്തിന്റെ ആസ്ഥാനമായ കളക്ടറേറ്റിന്റെ അവസ്ഥയും. നൂറുകണക്കിനു ജീവനക്കാരുള്ള ഇവിടെ ഒരു സംസ്കരണ പ്ലാന്റില്ല. ഇവിടെനിന്നുള്ള കക്കൂസ് മാലിന്യം സ്വകാര്യ കരാറുകാരെടുത്ത് കനാലിലോ പാടത്തോ കായലിലോ തള്ളുകയാണിപ്പോഴും. ആലപ്പുഴ നഗരത്തിലെ കറുത്തിരുണ്ട കനാലുകളുടെ അടിത്തറ പരിസരത്തെ സ്ഥാപനങ്ങളിലും വീടുകളില്‍നിന്നുമുള്ള മലിനജലമാണ്. ഇതിനെതിരേ നോട്ടീസ് നല്‍കി പിഴയീടാക്കുന്നതിനപ്പുറം സംസ്കരണ സംവിധാനമൊരുക്കാന്‍ നഗരസഭയ്ക്കായിട്ടില്ല.

ജില്ലയില്‍ ചേര്‍ത്തല നഗരത്തില്‍ മാത്രമാണ് കക്കൂസ് മാലിന്യസംസ്കരണത്തിന് സംവിധാനമുള്ളത്. മറ്റു നഗരസഭകളൊന്നും ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഒന്നും ചെയ്തിട്ടില്ല. അമൃത് പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ ഇതിനായി നീക്കിയിട്ടുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ല. കിഫ്ബി ഫണ്ടും ലഭ്യമാണ്. നിത്യവും നൂറുകണക്കിനു വിനോദസഞ്ചാരികളെത്തുന്ന പുന്നമടയില്‍ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ സ്ഥലമുണ്ടെങ്കിലും ഉപയോഗപ്പെടുത്തിയിട്ടില്ല.

എതെങ്കിലും ഏജന്‍സിയെ കക്കൂസ് മാലിന്യമുള്‍പ്പെടെ ഏല്പിച്ച്‌ താത്കാലിക പരിഹാരം കാണുകയാണ് ഡി.ടി.പി.സി.യും ചെയ്യുന്നത്. മാലിന്യമെടുക്കുന്ന ഏജന്‍സികള്‍ അത് എവിടെയാണ് സംസ്കരിക്കുന്നതെന്ന് ആരും ശ്രദ്ധിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യംനിറഞ്ഞ് ആഴം കുറഞ്ഞിരിക്കുന്ന കായലിലെ കോളിഫോം ബാക്ടീരിയയുടെ അളവ് മില്ലീലിറ്ററില്‍ 2500-നും മുകളിലാണ്. അഞ്ഞൂറില്‍ത്താഴെ നില്‍ക്കേണ്ടിടത്താണിത്.