അരിക്കൊമ്പനെ രണ്ടാം തവണയും മയക്കുവെടിവച്ചു
ഇടുക്കി: അരിക്കൊമ്പനെ രണ്ടാം തവണയും മയക്കുവെടിവച്ചൂ. ആദ്യ ഡോസ് മരുന്നില്‍ മയങ്ങിത്തുടങ്ങാത്തതിനെ തുടര്‍ന്നാണ് 50-ാം മിനിറ്റില്‍ ബൂസ്റ്റര്‍ ഡോസും നല്‍കിയത്. ഉച്ചയ്ക്ക് 11.54നായിരുന്നു ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ആദ്യ മയക്കുവെടിവച്ചത്. 12.43നായിരുന്നു രണ്ടാമത്തെ ഡോസ് നല്‍കിയത്. രണ്ടാമത്തെ ഡോസ് കിട്ടിയതോടെ അരിക്കൊമ്ബന്‍ മയങ്ങിത്തുടങ്ങി. മുന്നോട്ടുപോകാതെ ചെവിയാട്ടി ആന നില്‍ക്കുകയാണ്. ഇതോടെ നാല് കുങ്കിയാനകള്‍ അരിക്കൊമ്പന്റെ സമീപത്തേക്ക് പോകുകയാണ്. അരിക്കൊമ്പനെ കൊണ്ടുപോകാനുള്ള ലോറിയും സജ്ജമാണ്.
അരിക്കൊമ്പന്‍ മയങ്ങിയെന്ന് ഉറപ്പായാല്‍ ആദ്യം കാലുകള്‍ വടം ഉപയോഗിച്ച് ബന്ധിക്കും. തുടര്‍ന്ന് കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടി, കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കും. കുങ്കിയാനകളുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ന്ന് അരിക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലത്ത് തള്ളിമാറ്റി റോഡിലെത്തിക്കുകയാണ് പ്രധാന ദൗത്യം. റോഡിലെത്തിച്ച് ലോറിയില്‍ കയറ്റി സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോകും.