യുവതിയുടെ അശ്ളീല ചിത്രങ്ങൾ നിർമിച്ച് പ്രതിശ്രുത വരന് അയച്ചു; അദ്ധ്യാപകൻ പോലീസ് പിടിയിൽ

കണ്ണൂർ: യുവതിയുടെ അശ്ളീല ഫോട്ടോകൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അദ്ധ്യാപകൻ പോലീസ് പിടിയിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായ കണ്ണൂർ സ്വദേശി പ്രശാന്ത് (40) ആണ് പിടിയിലായത്. സഹപ്രവർത്തകയായ യുവതിയുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്തത്.

 

 

 

 

യുവതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്നും സുഹൃത്തുമായി നടത്തിയ ചാറ്റുകളിൽ നിന്നും പ്രതി ഫോട്ടോ കൈക്കലാക്കി വ്യാജ അശ്ളീല ചിത്രങ്ങൾ നിർമിക്കുകയായിരുന്നു. അടുത്ത മാസമായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പ്രതി യുവതിയുടെ പ്രതിശ്രുത വരന് കൊറിയറിലൂടെ ഫോട്ടോകൾ അയച്ചുകൊടുത്തു.

തുടർന്ന് വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നാലെ എടച്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. കൊറിയർ സർവീസ് കേന്ദ്രം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്. കൊറിയർ സ്ഥാപനത്തിലെ ക്യാമറ പരിശോധിച്ചതിനുശേഷം തിരിച്ചറിയുന്നതിനായി യുവതിയെ എത്തിച്ചു. തുടർന്ന് മാസ്‌കും തൊപ്പിയും ധരിച്ചിരുന്ന പ്രതി സഹപ്രവ‌ർത്തകനാണെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനനുശേഷം റിമാൻഡ് ചെയ്തു.