ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കുന്നത് ആര്‍എസ്‌എസ് അജണ്ട; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം രംഗത്ത്. സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. ഈ കേസ് പണ്ടേ അവസാനിച്ചതാണ്. ബാര്‍ കോഴ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍ എസ് എസിന്റെ അജണ്ട മാത്രമാണ്. സിബിഐയെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. 418 ബാറുകള്‍ അനുവദിയ്ക്കാന്‍ 5 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബാര്‍ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ. യൂണിറ്റിലെ എസ്.പി എ. ഷിയാസാണ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. കെ.എം. മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറയുന്നു.