കെഎസ്ആർടിസി; മുഴുവൻ ശമ്പളവും നാളെ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് യൂണിയനുകൾ
തിരുവനന്തപുരം: ശമ്പള വിഷയത്തിൽ കെഎസ്ആർടിസി യൂണിയനുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം എട്ടിന് ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചു. ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ ഈ മാസം എട്ട് മുതൽ ബിഎംഎസ് സമരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കെഎസ്ആർടിസി യൂണിയനുകൾ മുഖ്യമന്ത്രിയെ കണ്ടത്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് നടപ്പായില്ല. ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.