5 വയസുകാരന് ഊഞ്ഞാലില്‍ നിന്നു വീണ് ദാരുണാന്ത്യം
കോഴിക്കോട്: ഇരുമ്പുപൈപ്പുകള്‍കൊണ്ട് നിര്‍മിച്ച ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാല്‍ ആണ് മരിച്ചത്. ഓമശേരിക്കടുത്ത് അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലായിരുന്നു അപകടം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു നിഹാല്‍. ഓഡിറ്റോറിയത്തോടു ചേര്‍ന്ന് കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഊഞ്ഞാലില്‍ നിന്നു വീണ നിഹാല്‍ കമ്പികള്‍ക്കിടയില്‍ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.