“കനകക്കുന്നിന്റെ പ്രതിച്ഛായ മാറ്റുന്നു”; പ്രതിഷേധവുമായി പൈതൃക സംരക്ഷണ സമിതി
തിരുവനന്തപുരം നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് കനകക്കുന്ന് പൈതൃകസംരക്ഷണ സമിതി ആവിശ്യപ്പെട്ടു ഇതിന്റെ ഭാഗമായി പരിസ്ഥിതി കൂട്ടായ്മക്ക് രൂപം കൊടുത്ത് പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് സമിതി ഭാരവാഹി ഉദയനൻ നായർ വ്യക്തമാക്കി. കൊട്ടാര പരിസരത്തെ മരങ്ങൾ മുറിച്ചും ബുൾഡോസറുകൾ ഉപയോഗിച്ച് ആഴത്തിൽ കേബിൾ കുഴികളെടുത്ത് പുൽത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റിയുമാണ് നിർമ്മാണം പുരോഗമിക്കുന്നത്. വൃക്ഷങ്ങൾക്കിടയിൽ കോൺക്രീറ്റ് നിർമ്മാണവും ഇടതടിവില്ലാതെ നടക്കുകയാണ്. 2 കോടിയുടെ നിർമ്മാനപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന് പൈതൃകസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആദ്യ ഡിജിറ്റൽ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്നതിന്റെ ഭാഗമായി ക്യു. ആർ. കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിർമ്മാണമാണ് നടക്കുന്നത് എന്ന് സമിതി ആരോപിച്ചു. രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിർമ്മിതികൾ ഈ പൈതൃക മേഖലയിലെ പക്ഷികളെയും ശലഭങ്ങളെയും ഇവിടെ നിന്നും എന്നേക്കുമായി അകറ്റും. നഗരത്തിന് തണലും ശാന്തിയും നൽകിയ ഇടം തിരക്കിന്റെയും ലഹരിയുടേയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. പൈതൃക മേഖലകളുടെ സംരക്ഷണ മാനദണ്ഡങ്ങൾ മറികടന്നും നിർമ്മാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്നും നടത്തിയ നിർമ്മാണങ്ങൾക്കും അനുബന്ധ നാശങ്ങൾക്കും പരിഹാരം വേണമെന്നും കനകക്കുന്നിനെ വാണിജ്യ കേന്ദ്രവും ലഹരി വിപണനകേന്ദ്രവുമാക്കാനുള്ള നീക്കം തടയണമെന്നും ഉദയനൻ നായർ ആവശ്യപെട്ടു. വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കനകക്കുന്ന് പൈതൃക സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.