വസ്തു പ്രശ്നത്തിൽ മത്സ്യതൊഴിലാളികൾക്ക് ആശ്വാസം; അദാലത്തിൽ ഉറപ്പ് നൽകി മന്ത്രിമാർ

ഞങ്ങളുടെ പേരിലുള്ള വസ്തുവിന് കരം ഒടുക്കാൻ പറ്റുന്നില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് എലിസബത്ത് ജോസ് എന്ന 62 കാരി  അദാലത്ത് വേദിയിലേക്ക് വന്നത്. കൂടെ ബീജാ ബേസനും, റാണി സുനിലും. മൂവരും മത്സ്യതൊഴിലാളികൾ. മൂന്നു പേർക്കും ഒരേ പരാതി.. സ്വരുക്കൂട്ടി  ഉണ്ടാക്കിയ സ്വർണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ വസ്തുവിന്റെ കരം ഓൺലൈനായി തീർക്കാൻ കഴിയുന്നില്ല. ഞങ്ങൾ മൂന്നുപേരും ഒരേ വ്യക്തിയുടെ കൈയിൽ നിന്നാണ് വസ്തു വാങ്ങുന്നത്. ആകെയുള്ള ഞങ്ങളുടെ സ്വത്ത് ഈ വസ്തുവാണ്.16 വർഷമായി കരം അടച്ചു കൊണ്ടിരുന്നതാണ്. എന്നാൽ 2022-23 ൽ ഓൺലൈനായി കരം തീർക്കണമെന്ന് പറഞ്ഞപ്പോൾ കരം അടയ്ക്കാൻ പോയപ്പോഴാണ് അറിയുന്നത്. ഇങ്ങനെ ഒരു വസ്തു ഇല്ലെന്ന്. ചങ്ക് പൊട്ടുന്ന പോലെയാ അപ്പോൾ തോന്നിയത്. കാരണം, ഞങ്ങൾക്ക് വേറെ ഒന്നും ഇല്ല. പലയിടത്തും കയറിയിറങ്ങി. അദാലത്തിൽ മന്ത്രിമാരോട് നേരിട്ട് പറഞ്ഞാൽ ഞങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ നൽകിയത്.. എന്തായാലും വന്നത് വെറുതെയായില്ല.. 15 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് നിറകണ്ണുകളോടെ എലിസബത്ത് പറഞ്ഞത്. കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവിന്റെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് മത്സ്യ തൊഴിലാളികളായ എലിസബത്തും ബീജയും റാണിയും മടങ്ങിയത്.