സ്പോർട്സ് കൗൺസിൽ കായിക മേഖലക്ക് ഊർജ്ജം പകർന്ന് കോഴിക്കോട് ജില്ല
മാനാഞ്ചിറ സ്ക്വയറിൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി കൊണ്ട് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് വ്യായാമത്തിന് എത്തുന്നത്. ട്രെയിനിങ് നിർദ്ദേശങ്ങൾ നൽകുന്നതിനായി പരിശീലകനും ഇവിടെയുണ്ട്. യുവജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്പോർട്സ് കൗൺസിൽ കോഴിക്കോട് ജില്ലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത്. പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്ബുകൾ, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് നടക്കാവിലുള്ള സിമ്മിങ് പൂളിൽ പൊതുജനങ്ങൾക്ക് നീന്തൽ പരിശീലനം നൽകിവരുന്നു. കൂടാതെ 23 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബേബിപൂളിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള 30ൽ പരം അസോസിയേഷനുകളുടെ സഹായത്തോടെ വിവിധ കായിക ഇനങ്ങളിലായി സമ്മർ ക്യാമ്പുകൾ നടത്തിവരുന്നു. 13 വയസ്സിൽ താഴെയുള്ള 20 കുട്ടികൾക്ക് 15 ദിവസത്തേക്ക് ആണ് പരിശീലനം നൽകുന്നത്. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം രണ്ടുവർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്.
സംസ്ഥാന ലെവൽ ഖേലോ ഇന്ത്യ ബോക്സിങ് പരിശീലന കേന്ദ്രം കോഴിക്കോട് ആരംഭിക്കാൻ സ്പോർട്സ് കൗൺസിലിന് സാധിച്ചു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള 30 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകി വരുന്നത്. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ മറ്റു വകുപ്പുകളും ആയി ചേർന്ന് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ അക്കാദമികളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉപയോഗിച്ച് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നുണ്ട്.