നഗരത്തില്‍ മാലിന്യം തളളി : 70 പേര്‍ പിടിയില്‍

മൂവാറ്റുപുഴ :  ഇരുളിന്‍റെ മറവില്‍ പൊതുഇടങ്ങളില്‍ മാലിന്യം തളളിയ എഴുപതുപേര്‍ പോലീസ് പിടിയിൽ . നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്‍റര്‍ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാര്‍ക്കറ്റ്, കീച്ചേരിപടി, ഇഇസി മാര്‍ക്കറ്റ് റോഡ്, പിഒ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി രാത്രിയിലടക്കം നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവര്‍ പിടിയിലായത്.

പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌  നഗര സഭ രാത്രികാലങ്ങളിലടക്കം പരിശോധന ശക്തമാക്കിയതോടെ  മാലിന്യം നിക്ഷേപിച്ച 29 പേര്‍ക്ക് നോട്ടീസ് നല്‍കി. ബാക്കിയുള്ള ഓരോരുത്തരില്‍ നിന്നും 2500 രൂപ വീതം പിഴ ഈടാക്കി. ഇവര്‍ ഇനിയും ഇതാവര്‍ത്തിച്ചാല്‍ പൊലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനു പുറമെ ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
നഗരാതിര്‍ത്തിയില്‍ അനധികൃതമായി മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും രാത്രി കാലം ഉള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്നും നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍ സലാം എന്നിവര്‍ വ്യക്തമാക്കി.