പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: പാന്‍റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട്ടെ റെയിൽവെ റണ്ണിംഗ് റൂം കരാർ ജീവനക്കാരൻ പയ്യാനക്കൽ സ്വദേശി ഫാരിസ് റഹ്മാൻ്റെ ഫോണാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഓഫീസിൽ വെച്ചായിരുന്നു സംഭവം. വസ്ത്രവും പഴ്‌സും കത്തിനശിച്ചു.
കാലിനു പൊള്ളലേറ്റ ഫാരിസ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഫോണിന്‍റെ ബാറ്ററിയും പിൻവശവും പൂര്‍ണമായും കരിഞ്ഞ നിലയിലാണ്. ഫാരിസ് സ്ഥിരമായി ഉപയോഗിക്കുന്ന റിയൽമി 8 മോഡൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. രണ്ടു വർഷം മുമ്പാണ് ഈ ഫോൺ വാങ്ങിയത്. ചൂടാകുന്നത് അടക്കമുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് ഫാരിസ് പറയുന്നത്. ഫോണിനു തീപിടിച്ച ഉടന്‍ ഫാരിസ് പാന്‍റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് തുടയുടെ ഭാഗത്തും കാലിൻ്റെ താഴെ ഭാഗത്തും പൊള്ളലേറ്റത്.