വരന്റെ വീട് കണ്ട വധു വീട്ടില്‍ കയറുന്നതിന് മുൻപ് അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് നില്‍ക്കാതെ ജീവനും കൊണ്ട് ഓടി
കായംകുളം : പല വിവാഹങ്ങളും പല രീതിയില്‍ മുടങ്ങാറുള്ളപ്പോള് അതില്‍നിന്നെല്ലാം വ്യത്യസ്തമായി കുന്നംകുളം തെക്കേപ്പുറത്ത് വിവാഹം മുടങ്ങാന്‍ കാരണമായത് വരന്റെ വീട്.വരന്റെ വീട് കണ്ട വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് നില്‍ക്കാതെ ഓടി. സംഭവം പോലീസ് സ്റ്റേഷന് വരെ എത്തിനില്‍ക്കുന്നു.
താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്ന ചടങ്ങിനായി എത്തിയപ്പോഴാണ് വധു പഴകിയ അവസ്ഥയിലുള്ള വീട് കണ്ട് ഞെട്ടിയത്. ഈ വീട്ടിലേക്ക് താന്‍ വരില്ലെന്നു പറഞ്ഞ് ചടങ്ങിന് നില്‍ക്കാതെ വധു ഓടി. പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചുകൊണ്ടുവന്നു. ചടങ്ങില്‍ പങ്കെടുക്കണമെന്നും പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും പലരും വധുവിനോടു കേണപേക്ഷിച്ചു. താന്‍ ഈ വീട്ടില്‍ കാലെടുത്തുവയ്ക്കില്ലെന്ന ശപഥത്തില്‍ വധു ഉറച്ചുനിന്നു. പിന്നീട് വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തില്‍നിന്നു വിളിച്ചുവരുത്തി.
മകളോട് ചടങ്ങില്‍ പങ്കെടുക്കണമെന്ന് അവരും ആവശ്യപ്പെട്ടു. വധു സമ്മതിച്ചില്ല. സംഭവം സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനിടെ വധു വരനെയും വരന് വധുവിനെയും തള്ളിപ്പറഞ്ഞു. സംഭവം കൈവിട്ട കളിയാണെന്ന് മനസിലാക്കിയപ്പോള്‍ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസും സ്ഥലത്തെത്തി. പോലീസുകാരും വധുവിനോട് വീട്ടില്‍ കയറണമെന്ന് പറഞ്ഞു. എന്നാല്‍ പോലീസല്ല, പട്ടാളം വന്നു പറഞ്ഞാലും താന്‍ വീട്ടില്‍ കയറില്ലെന്ന ഉഗ്രശപഥത്തില്‍ വധു ഉറച്ചു നിന്നതോടെ പോലീസുകാര്‍ ഇടപെട്ട് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് രാവിലെ 11ന് വധൂവരന്മാരടക്കം ഇരു വിഭാഗത്തില്നിന്നുള്ളവരോടും സ്റ്റേഷനില്‍ വരാന്‍ പോലീസ് ആവശ്യപ്പെട്ടു.
കല്‍പ്പണിക്കാരനായ വരന്റെ വീട് പൊതുവേ മോശമായ അവസ്ഥയിലായിരുന്നു. അഞ്ച് സെന്റ് ഭൂമിയില്‍ രണ്ട് കുടുംബങ്ങളാണ് ഒറ്റ ചുമരിന് അപ്പുറവും ഇപ്പുറവും താമസിച്ചിരുന്നത്. ഓടും ഓലയും അല്ലാതെ കുറെ ഭാഗങ്ങള്‍ ഷീറ്റുമിട്ട അവസ്ഥയിലാണ് വീട് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഈ വീട്ടിലാണ് സഹോദരങ്ങളായ ഏഴുപേരുടെയും വിവാഹങ്ങള്‍ നടന്നിട്ടുള്ളത്.