സംസ്ഥാനത്ത് വീണ്ടും ചൂട് വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്  അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37°C വരെ ഉയരാന്‍ സാധ്യത ഉണ്ട്. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും, മലപ്പുറം ജില്ലയില്‍ 35°Cവരെയും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 °C – മുതല്‍ 4 °C വരെ ചൂട് കൂടിയേക്കും. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.