ഇനി മുതൽ വിവാഹം ഓൺലൈൻ വഴി രജിസ്റ്റ‍ർ ചെയ്യാം; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ഇനി മുതൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം ഓൺലൈൻ വഴി രജിസ്റ്റ‍ർ ചെയ്യാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ഓൺലൈനായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി 2021 സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഹൈക്കോടതി ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി ഇതോടൊപ്പം നിർദേശിച്ചു. 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമം കണക്കിലെടുത്തു കൊണ്ടായിരിക്കണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്നാണ് ബെഞ്ചിന്റെ അഭിപ്രായം. ഐടി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അതേ സമയം തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാർട്ടിൻ നൽകിയ ഹർജി യിലാണ് ഓൺലൈനിൽ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടത്. ഈ ഹർജി പരിഗണിക്കവേ ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് 2021ൽ ജസ്റ്റിസ് പി ബി സുരേഷ് വ്യക്തമാക്കിയിരുന്നു.