ചരിത്ര തീരുമാനവുമായി ദുബായ്; രണ്ട് മണിക്കൂറിനുള്ളില്‍ ലൈസന്‍സ് പുതുക്കാം

ദുബായ്: ഡ്രൈവിംഗ് ലൈസന്‍സ് രണ്ട് മണിക്കൂര്‍ കൊണ്ട് പുതുക്കാവുന്ന സംവിധാനം ദുബായില്‍നിലവില്‍ വന്നു. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മണിക്കൂറിനകം ലൈസന്‍സ് വീട്ടലെത്തിക്കുന്ന പുതിയ സേവനത്തെക്കുറിച്ച് ഈ മാസം 16-നാണ്് അതോറിറ്റി അധികൃതര്‍ ഔദ്യാഗികമായി പ്രഖ്യാപിച്ചത്. വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില്‍ അപേക്ഷകന്റെ കയ്യിലെത്തും. അബുദാബിയിലും ഷാര്‍ജയിലും സേവനം ലഭ്യമായിരിക്കും. സേവനത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്ക് ആര്‍.ടി.എ-യുടെ വെബ്‌സൈറ്റ് ചെക്ക് ചെയ്യാവുന്നതാണ്.

പ്രവാസികള്‍ക്ക് ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയെടുക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സ് നടപടി ക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ആര്‍.ടി.എ അറിയിച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ രാജ്യക്കാര്‍ക്കും ഗോള്‍ഡന്‍ ചാന്‍സ് അവസരം ഉപയോഗിക്കാവുന്നതാണെന്നും അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒരു തവണ മാത്രം ഉപയോഗപ്പെടുത്താവുന്ന ഗോള്‍ഡന്‍ ചാന്‍സിന് അപേക്ഷിക്കാന്‍ 2200 ദിര്‍ഹമാണ് ഫീസ്. വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതും ഇനി എളുപ്പമാണ്. യുഎഇ-യ്ക്ക് പുറത്താണെങ്കില്‍ നിശ്ചിത സ്ഥലത്തേക്ക് പുതുക്കിയ ലൈസന്‍സും രജിസ്‌ട്രേഷന്‍ കാര്‍ഡും എത്തിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഡ്രൈവര്‍ ആന്റ് കാര്‍ ഓണര്‍ സര്‍വ്വീസ് സേവനം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.

വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:
1. ഡ്രൈവര്‍ ആന്റ് കാര്‍ ഓണര്‍ സര്‍വ്വീസ് സേവനത്തിലെ അപ്ലൈ ഫോര്‍ റിന്യൂവിംഗ് ഡ്രൈവിംഗ് ലൈസന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
2. ഡ്രൈവിംഗ് ലൈസന്‍സും എമിറേറ്റ്‌സ് ഐഡിയുമുണ്ടായിരിക്കണം.
3. രേഖകളിലെ വിവരങ്ങള്‍ നല്‍കുക.
4. ലൈസന്‍സ് ഡെലിവറി വിവരങ്ങള്‍ നല്‍കുക.

പ്രീമിയം, സെയിം ഡേ, സ്റ്റാന്‍ഡേഡ്, ഇന്റര്‍നാഷണല്‍ എന്നിങ്ങനെ വിവിധ തലത്തിലുളള ഡെലിവറി സംവിധാനം തെരഞ്ഞെടുക്കാം. പ്രീമിയം തെരഞ്ഞെടുത്താല്‍ ദുബായ് നഗരത്തില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് പുതിയ ലൈസന്‍സ് ഡെലിവറി ചെയ്യും. 50 ദിര്‍ഹമാണ് നിരക്ക്. സെയിം ഡേ ഡെലിവറി 35 ദിര്‍ഹമാണ്. അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ ഉളളവര്‍ക്ക് പ്രയോജനപ്പെടുത്താം. സ്റ്റാന്‍ഡേര്‍ഡ് ഡെലിവറി ആണെങ്കില്‍ ഒന്നുമുതല്‍ അഞ്ച് വരെ ദിവസത്തിനുളളില്‍ ഡെലിവറി ചെയ്യും. 20 ദിര്‍ഹമാണ് നിരക്ക്. ഇന്റര്‍നാഷണല്‍ സേവനമാണെങ്കില്‍ 10 ദിവസത്തിനുളളില്‍ ഡെലിവറി ചെയ്യും. 50 ദിര്‍ഹമാണ് നിരക്ക്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ദുബായ് ആര്‍ടിഎയുടെ കീഴില്‍ 1,07,054 വാഹനങ്ങള്‍ പുതുക്കി. 25,500 ഡ്രൈവിംഗ് ലൈസന്‍സുകളാണ് ഇക്കാലയളവില്‍ പുതുക്കിയത്. കേടായതോ നഷ്ടപ്പെട്ടതോ ആയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റുന്നതിനുളള 939 ഇടപാടുകള്‍ നടത്തി. 732 അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകളും നല്‍കിയെന്ന് ആര്‍ടിഎ വ്യക്തമാക്കി.