ആംബുലൻസിലെത്തി പരീക്ഷയെഴുതി ഫുൾ എ പ്ലസുമായി സിദ്ധാര്‍ത്ഥ്

തിരുവല്ല: ആംബുലൻസിലെത്തി എസ്എസ്എൽസി പരീക്ഷ എഴുതി ഫുൾ എ പ്ലസുമായി സിദ്ധാര്‍ത്ഥിന് ഇരട്ടി വിജയം. പഠിച്ചത് തിരുവല്ലയിൽ ആണെകിലും ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നതിനാൽ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജ് സ്കൂളിലാണ് പരീക്ഷ എഴുതിയത്. ഇതിനായി സർക്കാരിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. തിരുവല്ല കാവുംഭാഗം ദേവസം ബോർഡ് സ്കൂളിലെ വിദ്യാർഥിയും കാവുംഭാഗം പുറയാറ്റ് സുരേഷ് കുമാറിന്റെയും ബീനയുടെയും മകനുമായ ആയ സിദ്ധാര്‍ത്ഥ് എസ് കുമാറാണ് ആംബുലൻസിൽ എത്തി പരീക്ഷ എഴുതി ഉന്നത വിജയം നേടിയത്. കഴിഞ്ഞ ജനുവരി മുതൽ ചികിത്സക്കായി തിരുവനന്തപുരത്തായിരുന്നു സിദ്ധാര്‍ത്ഥ്. ആർസിസിയിൽ തന്നെ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണമെന്ന് ഡയറക്ടർ തന്നെ രേഖാ മൂലം വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർഥിച്ചിരുന്നെങ്കിലും നിയമതടസം ഉള്ളതിനാൽ ആണ് തൊട്ടടുത്ത മെഡിക്കൽ കോളേജ് സ്കൂളിൽ അവസരം നൽകിയത്. രോഗം അർബുദം ആണെങ്കിലും അതിനോട് പൊരുതി ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് എന്നതും ശ്രദ്ധേയമാണ്. ആർസിസിയിൽ നിന്നും ആംബുലൻസിൽ ആണ് പരീക്ഷ എഴുതാൻ എത്തിയത്. ഡിസംബറിൽ കണ്ടെത്തിയ രക്താർബുദ രോഗത്തിനായി ജനുവരി മുതലാണ് ആർസിസിയിൽ ചികിത്സ തുടങ്ങിയത്. ക്രിസ്മസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിനിടെയാണ് ആർസിസിയിലെ പരിശോധനാ ഫലം പുറത്തുവന്നത്.ഇതോടെ കുടുംബം ദുഖത്തിലായെങ്കിലും സിദ്ധാർഥ് തളർന്നില്ല. സിദ്ധാർഥ് രോഗക്കിടക്കയിലും പഠനം തുടർന്നു. പരീക്ഷാ ഫലം വരുമ്പോഴും സിദ്ധാർഥ് ആർസിസിയിൽ ചികിത്സയിലാണ്.