കുളിക്കാൻ വെള്ളം കോരുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു
തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റി ചെരുക്കൂര്‍ക്കോണം പുത്തന്‍ വിള വീട്ടില്‍ ജോസ് (47) ആണ് വീടിന് സമീപത്തുള്ള 60 അടി താഴ്ചയും 4 അടി വ്യാസവും 10 അടിയോളം വെള്ളമുള്ളതുമായ കിണറ്റില്‍ അകപ്പെട്ടത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. കിണറ്റിന്‍ കരയില്‍ നിന്നും കുളിക്കുകയായിരുന്ന ജോസ് തൊട്ടിയുടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. കുളിക്കാന്‍ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. നിലവിളി കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങുകയും കിണറ്റില്‍ വീണു പരിക്കേറ്റയാളെ വളരെ സാഹസികമായി നെറ്റില്‍ കയറ്റി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. തലയില്‍ മുറിവുണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ സേനയുടെ ആംബുലസില്‍ നെടുമങ്ങാട് താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു. ജോസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.