ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന് വീണ്ടും തിരിച്ചടി

കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവസങ്കർ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലൈഫ് മിഷൻ അഴിമതി കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്. .
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. ലൈഫ് മിഷൻ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷൻ കേസ് എന്നും ഹർജിയിൽ ആരോപിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും അതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.