കെഎസ്‌ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റം; പ്രതിഷേധവുമായി സിഐടിയു,
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കെഎസ്‌ആര്‍ടിസി ജീവനക്കാരെ സ്ഥലംമാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെന്നും ഈ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ്റെ നേതൃത്വത്തില്‍ സിഐടിയു നേതാക്കള്‍ ഗതാഗത മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി. 19,000 വരുന്ന കണ്ടക്‌ടര്‍, ഡ്രൈവര്‍ വിഭാഗത്തില്‍ നിന്ന് 8462 പേരെയാണ് സ്ഥലം മാറ്റിയത്. ഇതില്‍ 6178 പേരെയും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. കേരളത്തിന്‍റെ തെക്കേ അറ്റത്ത് ജീവിക്കുന്ന ജീവനക്കാരെ വടക്കേ അറ്റത്തേക്ക് സ്ഥലം മാറ്റി ജീവനക്കാരെ ദ്രോഹിക്കുകയാണ് മാനേജ്മെൻ്റ് എന്ന് കെഎസ്‌ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി എസ് വിനോദ് ഇടിവി ഭാരതിനോട് പറഞ്ഞു. മാനേജ്‌മെന്‍റ് തീരുമാനത്തില്‍ നിന്ന് പിൻവാങ്ങിയില്ലെങ്കില്‍ സമര മുറകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പളമടക്കം ഗഡുക്കളായി നല്‍കി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്‍റ് ഈ നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് എസ് വിനോദ് ആവശ്യപ്പെട്ടു.