പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. ബദനി ആശ്രമം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ബസില്‍ എട്ടു കുട്ടികളും ആയയും ബസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനും,ആയയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യനെ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. സ്‌കൂളിലേക്ക് കുട്ടികളുമായി വന്ന ആദ്യ ട്രിപ്പിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇടുങ്ങിയ വഴിയിലാണ് അപകടം നടന്നത്. ഇടുങ്ങിയ വഴിയില്‍ റോഡിന്റെ ഇടതുവശത്തുള്ള കല്ലില്‍ ടയറുകള്‍ കയറി നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു. കാടുമൂടിയ പ്രദേശത്താണ് അപകടം നടന്നത്