കെഎസ്‌ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇനി കൊച്ചിയിലും
തിരുവനന്തപുരം: കൊച്ചിയിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി. ആദ്യഘട്ടത്തില്‍ 30 ഇലക്‌ട്രിക് ബസുകളുണ്ടാകും. ഉടൻ റൂട്ടുകള്‍ നിശ്ചയിക്കും. തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ പൂര്‍ണമായും ഇലക്‌ട്രിക് ബസുകളാകും. സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി 113 ഇലക്‌ട്രിക് ബസുകളാണ് കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുക. ഇതില്‍ നാലെണ്ണം വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി. ഐഷറിന്റെ ബസുകളാണിത്. വൈകാതെ മറ്റുള്ളവയും എത്തും. സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാണ്.
ഇലക്‌ട്രിക് ബസുകള്‍ വാങ്ങാൻ നൂറുകോടി രൂപയാണ് അനുവദിച്ചത്. ഐഷറിന് പുറമേ അശോക് ലൈലാൻഡിന്റെയും ബെൻസിന്റെയും ബസുകളുമുണ്ട്. ഇവ എത്തിയശേഷം നിലവിലെ 30 ഇലക്‌ട്രിക് ബസുകള്‍ കൊച്ചിയിലേക്ക് മാറ്റും.