കാലവർഷം നാളെ എത്തും; ആറുവരെ ഇടിയോട് കൂടിയ മഴ

തിരുവനന്തപുരം: ആറ് വരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം സംസ്ഥാനത്തെത്തുന്ന നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള – കര്‍ണാടക തീരങ്ങളില്‍ നാളെ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നിലവില്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി ഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ തെക്ക് കിഴക്കൻ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നത്‌ കേരളത്തെയും ബാധിക്കുമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ വിലയിരുത്തല്‍.