വര്‍ക്കല: ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേല്‍പിച്ചു. ഒരാള്‍ അറസ്റ്റില്‍. ബൈക്ക് യാത്രികനായ ചെറുന്നിയൂര്‍ മുടിയക്കോട് പ്ലാവിളവീട്ടില്‍ രാജേഷി (35) നാണ് വെട്ടേറ്റത്.
സംഭവത്തില്‍ വെട്ടൂര്‍ അയന്തി പന്തുവിള ഉത്രംവീട്ടില്‍ ആദര്‍ശ് (33) അറസ്റ്റിലായി.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്താണ് സംഭവം. ആദര്‍ശിന്റെ ബൈക്കിന് കടന്ന് പോകാൻ സൈഡ് കൊടുക്കാത്തതിനാല്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് രാജേഷ് പൊലീസിന് നല്‍കിയ മൊഴി.
ബൈക്കില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ആദര്‍ശ് രാജേഷിന്റെ കഴുത്തിന് നേരെ വെട്ടുകയും ഒഴിഞ്ഞുമാറിയ ഇയാളുടെ തോളിനും കൈക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസമയം അതുവഴി കടന്നുപോയ രാജേഷിന്റെ സഹോദരൻ രക്ഷിക്കാനെത്തിയപ്പോള്‍ ഇയാളെയും ആദര്‍ശ് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.