മാറുമറയ്ക്കൽ സമരത്തിന്റെ ചാലകശക്തി ദേവകി നമ്പീശൻ അന്തരിച്ചു
തൃശ്ശൂർ: വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ ചാലകശക്തികളിൽ പ്രധാനി വെള്ളാറ്റഞ്ഞൂർ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശൻ (90) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ തൃശ്ശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് വിരമിച്ച ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ് ആയിരുന്നു. വടക്കാഞ്ചേരി മുൻ എം.എൽ.എ.യും സി.പി.എം. നേതാവുമായ പരേതനായ എ.എസ്.എൻ. നമ്പീശന്റെ ഭാര്യയാണ്. 1956-ൽ വേലൂർ മണിമലർക്കാവിൽ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിന്റെ പിന്നണിയിൽ നിന്നതിന്റെ ആവേശം മരിക്കുന്നതുവരെ ദേവകി നമ്പീശനിലുണ്ടായിരുന്നു. താലമെടുക്കുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതി ഇല്ലായിരുന്നു. ഇതിനെതിരേയായിരുന്നു സമരം. സമരം നടക്കുന്ന വേളയിൽ പ്രസവത്തെത്തുടർന്നുള്ള വിശ്രമത്തിലായിരുന്നതിനാൽ നേരിട്ട് പങ്കെടുക്കാനായില്ല. എന്നാൽ സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും മറ്റും പ്രചോദനവും പിന്തുണയുമേകിയവരിൽ പ്രധാനിയായിരുന്നു. നിരവധി സമരങ്ങൾക്ക് ആവേശം പകരുകയും രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ആറു പതിറ്റാണ്ട് മുമ്പ് എ.കെ.ജി. നയിച്ച കർഷകജാഥയിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചു. വേലൂർ പഞ്ചായത്തിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
മക്കൾ: ആര്യാദേവി (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), സതീദേവി (റിട്ട. സെക്രട്ടറി, എരുമപ്പെട്ടി സർവീസ് സഹകരണബാങ്ക്), സോമനാഥൻ (റിട്ട. കെ.എസ്.എഫ്.ഇ. സീനിയർ മാനേജർ, പ്രസിഡന്റ് വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണബാങ്ക്), ഗീതാ ദേവി (റിട്ട. സെൻട്രൽ സ്കൂൾ അധ്യാപിക, നേവൽ ബേസ്, കൊച്ചി). മരുമക്കൾ: എം.ഡി. രാമൻ (റിട്ട. ബി.എസ്.എൻ.എൽ.) പരേതനായ പി.കെ. ഹരികൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, നമ്പൂതിരി വിദ്യാലയം, തൃശ്ശൂർ), ഉഷാകുമാരി, സി.പി. കൃഷ്ണൻ (വൈസ് പ്രസിഡന്റ്, ജിയോജിത്ത് സെക്യൂരിറ്റീസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച 10-ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ.