മഹാരാജാസിന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ; വിദ്യക്കും ആർഷോയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: മഹാരാജാസിന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ കുറ്റാരോപിത കെ വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിദ്യക്ക് വ്യാജരേഖ നിർമിക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ മഹാരാജാസ് ഗവേണിംഗ് ബോഡി ആർഷോക്കെതിരെ കേസ് കൊടുക്കേണ്ടതാണ്. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണെന്നും പറഞ്ഞ അദ്ദേഹം പിഎം ആർഷോ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും കുറ്റപ്പെടുത്തി. കുറ്റാരോപിതയായ കെ വിദ്യയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും കേസിൽ ഏറ്റവും നിർണായകമായ വ്യാജരേഖയുടെ ഒറിജിനലും പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി രംഗത്ത് വന്നു. കെ വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിദ്യയെ കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.